രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ തികവൊത്ത രൂപകമാണ് മുസഫർ നഗർ സ്കൂളിൽ നിന്നുള്ള ആ വിഡിയോ ദൃശ്യം. ഗുണനം ശരിക്ക് പഠിക്കാത്തതുകൊണ്ടാണെന്നു പറയുന്നു, ഏഴുവയസ്സുകാരൻ വിദ്യാർഥിയെ മറ്റു വിദ്യാർഥികളെ കൊണ്ട് മുഖത്തും പുറത്തുമൊക്കെ അടിപ്പിക്കുന്ന അധ്യാപിക. കുട്ടിയെ ‘മുഹമ്മദൻ’ എന്ന് വിശേഷിപ്പിക്കുന്ന അവർ, കൂടുതൽ ശക്തമായി തല്ലാൻ ആ കുട്ടിയുടെ സഹപാഠികളെ നിർബന്ധിക്കുന്നുമുണ്ട്. ഖുബ്ബാപുർ നേഹ പബ്ലിക് യു.പി സ്കൂളിലെ തൃപ്ത ത്യാഗിയാണ് കുട്ടികളെ ഇങ്ങനെ ‘പഠിപ്പിക്കുന്ന’ത്. പൊലീസ് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെങ്കിലും രക്ഷിതാക്കളാരും പരാതിപ്പെട്ടില്ലെന്ന ന്യായം പറഞ്ഞ് ആദ്യം പൊലീസ് അനങ്ങാതിരുന്നു. രക്ഷിതാക്കളാകട്ടെ അടച്ച ഫീസ് സ്കൂൾ അധികൃതർ തിരിച്ചുകൊടുത്തപ്പോൾ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചു. പൊലീസിൽ പരാതിപ്പെട്ടാലും നീതി കിട്ടില്ലെന്നറിയാവുന്നതുകൊണ്ടാണ് പരാതിപ്പെടാഞ്ഞതെന്ന് പിതാവ് വിശദീകരിച്ചു. വിഡിയോ വൻതോതിൽ പ്രചരിക്കുകയും അധ്യാപികക്കെതിരെ നടപടിക്കായി മുറവിളി ഉയരുകയും ചെയ്തപ്പോൾ പൊലീസ് ചെറിയ കുറ്റം ചുമത്തി എഫ്.ഐ.ആർ ഫയൽ ചെയ്യാൻ തയാറായി. അധ്യാപിക ക്ഷമായാചനം നടത്തിയെങ്കിലും സംഭവത്തിൽ ഖേദിക്കുന്നില്ലെന്ന് പിന്നീട് വ്യക്തമാക്കി. വിദ്വേഷം, വംശീയത, അധികാര ദുരുപയോഗം, അധികൃതരുടെ നിഷ്ക്രിയത്വം, ഏത് അധമവൃത്തിയെയും ന്യായീകരിക്കാനുള്ള സന്നദ്ധത- ഇവയെല്ലാം ചേർന്നതാണ്, ചന്ദ്രനിലിറങ്ങിയ നേട്ടത്തോടൊപ്പം ഇന്ത്യയെ ലോകത്തിന് മുമ്പാകെ എടുത്തുകാട്ടിയ അടി പഠിപ്പിക്കൽ സംഭവം.
വിദ്വേഷവും വർഗീയ ചിന്തയും രാഷ്ട്രത്തിന്റെ ഞരമ്പുകളെ എത്ര ആഴത്തിൽ ബാധിച്ചു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. ട്രെയിനിൽ സുരക്ഷ ഉറപ്പാക്കേണ്ട സൈനികൻ യാത്രികരിൽ പ്രത്യേക സമുദായക്കാരെ തിരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്നത് കഴിഞ്ഞ മാസമാണ്. വംശീയത സ്ഥാപനവത്കരിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. കുറ്റവാളികൾ ആഘോഷിക്കപ്പെടുന്നു. വിദ്വേഷ അതിക്രമങ്ങൾക്ക് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് പ്രോത്സാഹനവും പ്രേരണയും ലഭിക്കുന്നതായ വാർത്തകൾ പെരുകുന്നു. കുഞ്ഞുമനസ്സുകളിൽപോലും വിഷം കുത്തിവെക്കുന്ന തരത്തിൽ വിദ്യാഭ്യാസ മേഖലവരെ മലിനമാക്കപ്പെടുന്നു. കുറച്ചു മാസം മുമ്പാണ് കർണാടകയിലൊരു കോളജിൽ ഭീകരമുദ്ര ചാർത്തപ്പെട്ട് വിദ്യാർഥി പ്രതികരിക്കേണ്ടിവന്നത്. ചെറു തലമുറയിലേക്കു കൂടി ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രം പ്രസരിപ്പിക്കപ്പെടുന്നു എന്നതുമാത്രമല്ല ഇതിലെ പ്രശ്നം. മാനുഷിക മൂല്യങ്ങൾ പകർന്നുനൽകുമെന്ന് കരുതപ്പെട്ടിരുന്ന ഗുരുക്കന്മാർ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏജന്റുമാരാകുന്നു എന്നതു മാത്രവുമല്ല. വിദ്യാഭ്യാസ സമ്പന്നരെന്ന് നാം കരുതുന്നവരിൽപോലും മനുഷ്യത്വ രഹിതമായ ഭേദചിന്തക്ക് മാന്യതയും സ്വീകാര്യതയും ലഭിച്ചുകൊണ്ടിരിക്കുന്നു. ഹിംസയുടെ പ്രത്യയശാസ്ത്രം ഇത്ര പരപ്പിലും ആഴത്തിലും രാജ്യത്തെ വരിഞ്ഞുമുറുക്കുന്നതിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പങ്ക് അനിഷേധ്യമാം വിധം തെളിഞ്ഞുവരുന്നു.
തിന്മയും ഹിംസയും പത്തി വിടർത്തി ആടുമ്പോൾ അതിൽ സന്തോഷിക്കുന്നവരുണ്ട്; രാജ്യത്തെ നശിപ്പിക്കാൻ പോന്ന വിഷം കൂടുതൽ പരത്താൻ അധ്വാനിക്കുന്നവരുണ്ട്. ഇതിനെതിരെ ശരിയായ പ്രതിരോധം തീർക്കേണ്ട ബാധ്യത ഇരകളുടേതല്ല. ഭരണസംവിധാനങ്ങൾക്കും ജുഡീഷ്യറിക്കുമെല്ലാം ഇതിൽ ഉത്തരവാദിത്തമുണ്ട്. അവ പലപ്പോഴും അതിൽ പരാജയപ്പെടുന്നു. ജനാധിപത്യപരവും നിയമവിധേയവുമായ പരിഹാര മാർഗങ്ങൾ യഥാർഥ ജനകീയ ശക്തികൾ ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു. ഭിന്നിപ്പിന്റെ സ്വരങ്ങൾ കുട്ടികളെ വരെ തമ്മിൽ തല്ലിക്കുമ്പോൾ അപകടം കണ്ടറിഞ്ഞ് തടുക്കേണ്ടത് മറ്റാരെങ്കിലുമല്ല, നാമൊക്കെയാണ്. അടിച്ചവരെയും അടികൊണ്ടവരെയും ആലിംഗനം ചെയ്യിച്ച കർഷക നേതാവ് നരേഷ് ടികായത് അതുവഴി നൽകുന്ന സന്ദേശം ശക്തമാണ്. അതേസമയം, കുറ്റം ചെയ്ത അധ്യാപികക്കെതിരെ ഉണ്ടാകേണ്ട നിയമ നടപടി ഒഴിവാക്കാൻ ശ്രമിക്കുന്നത്, ഇത്തരം വിദ്വേഷക്കുറ്റങ്ങളുടെ സ്ഥാപനവത്കരണത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. അത്രതന്നെ ഉത്കണ്ഠയുണ്ടാക്കേണ്ടതാണ് തിന്മ തടയാൻ കഴിയുന്ന പല കേന്ദ്രങ്ങളിലെയും നിശ്ശബ്ദത. ഒരു സംസ്ഥാനം കത്തുമ്പോഴോ വിദ്യാലയങ്ങളിൽ മനസ്സുകൾ മലിനമാക്കപ്പെടുമ്പോഴോ ഒരക്ഷരം ഉരിയാടാത്ത ഭരണ നേതൃത്വത്തിന്റെ മൗനം അതേപോലെ അനുകരിക്കുന്നവരാകരുത് മതനേതാക്കളും ആത്മീയാചാര്യന്മാരും. ഹിന്ദുമതത്തിന്റെ പേരിൽ ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തികൾ വിദ്വേഷം വളർത്തുമ്പോൾ ഇതല്ല ഹിന്ദുമതമെന്നു പറയേണ്ടത് മതനേതൃത്വങ്ങളും സംഘടനകളുമാണ്. ആ സ്കൂളിലെ കുട്ടികളെപ്പോലെയാണ് ജനങ്ങളും. വിദ്വേഷത്തിന്റെ സൂപ്പർമാർക്കറ്റ് ദുഷിപ്പിക്കും; സ്നേഹത്തിന്റെ കട ഒന്നിപ്പിക്കും. മതം സ്നേഹമാണെന്ന് തെളിയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.