ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലി സാന്നിധ്യം അധിനിവേശമാണെന്നും അത് നിയമവിരുദ്ധമാണെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) നൽകിയ തീർപ്പ്, മുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള നീതികേടിന് ഇനിയെങ്കിലും അറുതിയുണ്ടാക്കേണ്ടതാണ്. അധിനിവേശം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് കോടതി നിർദേശിക്കുന്നു. ഫലസ്തീൻ പ്രദേശങ്ങളിലെ കുടിയേറ്റം നിർത്തി ഇസ്രായേൽ അവിടം വിട്ടുപോകണം.
അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടപ്പാക്കുന്ന നയങ്ങളും ചെയ്തികളും വംശീയത, അപാർതൈറ്റ് എന്നിവക്കെതിരായ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഈ നിയമവിരുദ്ധ അധിനിവേശം ഇല്ലാതാക്കാൻ നടപടിയുണ്ടാകണം. കുടിയേറ്റവും ഫലസ്തീൻ ഭൂമി കൈയേറി ഇസ്രായേലിനോട് ചേർക്കലും പതിറ്റാണ്ടുകൾ നീണ്ട ക്രൂരതയും മനുഷ്യാവകാശലംഘനങ്ങളും ഇനിയും തുടർന്നുകൂടാ എന്ന് കോടതി പറയുന്നു.
ഗസ്സയിൽ ഇപ്പോൾ നടക്കുന്ന വംശക്കുരുതിയുമായി ബന്ധപ്പെട്ടതല്ല ഈ തീർപ്പ്; വംശഹത്യക്കെതിരായ ദക്ഷിണാഫ്രിക്ക നൽകിയ കേസ് കോടതിയുടെ പരിഗണനയിലുണ്ട്. ഇപ്പോഴത്തെ വിധി 2022ൽ യു.എൻ പൊതുസഭ ലോക കോടതിയുടെ തീർപ്പിന് വിട്ട മറ്റൊരു നിയമപ്രശ്നത്തിനുള്ള ഉത്തരമാണ്. ഇസ്രായേലിന്റേത് അധിനിവേശമാണോ, നിയമവിരുദ്ധമാണോ എന്ന ആ ചോദ്യത്തിന് അതെ എന്ന ഉറച്ച മറുപടി നൽകുകയാണ് വിശദമായ വിധിപ്രസ്താവനയിലൂടെ ലോകകോടതി ചെയ്തിരിക്കുന്നത്. ഫലസ്തീന്റെ സ്വയം നിർണയാവകാശം 1967 മുതലുള്ള കുടിയേറ്റങ്ങളും വിവേചനനയങ്ങളും വഴി ഇസ്രായേൽ ഇല്ലാതാക്കി. കുടിയേറ്റവും നിയമവിരുദ്ധ ചെയ്തികളും വഴി ഇസ്രായേൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ആ രാജ്യം ബാധ്യസ്ഥമാണെന്നും കോടതി തീർപ്പ് നൽകിയിരിക്കുന്നു.
കോടതിയുടെ ഈ തീർപ്പ് അനുസരിക്കാനുള്ള ബാധ്യത അംഗരാഷ്ട്രങ്ങൾക്ക് നിയമപരമായി ഇല്ല; യു.എൻ നിയമാവലിയനുസരിച്ച് നിർദേശ സ്വഭാവത്തിലുള്ളതാണ് അത്. അതേസമയം, ഏറ്റവും വലിയ ലോകകോടതിയുടെ നിലപാട് ഇസ്രായേലിന്റെയും ഫലസ്തീന്റെയും നിയമപരമായ പദവിയെപ്പറ്റി നിർണായകമായ അന്തിമതീരുമാനം നൽകുന്നുണ്ട്. അതാകട്ടെ, ഇസ്രായേലിന്റെയും അതിനെ പിന്തുണക്കുന്ന വൻശക്തികളുടെയും നിലപാടുകൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്ന് സൂചിപ്പിക്കുന്നതാണ്. കുടിയേറ്റങ്ങളിലൂടെയും ഫലസ്തീൻ ജനതയെ അങ്ങോട്ടുമിങ്ങോട്ടും ആട്ടിപ്പായിക്കുന്നതിലൂടെയും ഫലസ്തീനെത്തന്നെ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിച്ചുവരുന്നത്.
ഈ ഉന്മൂലന നീക്കത്തെ തുറന്നുകാട്ടുന്നതാണ് കോടതി തീർപ്പ്. രണ്ടാമതായി, ഫലസ്തീൻ പ്രദേശങ്ങളെല്ലാം ഒരൊറ്റ ദേശമാണെന്നും അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കും ഈസ്റ്റ് ജറൂസലമും ഗസ്സയും ഫലസ്തീനാണെന്നുമുള്ള നിയമനിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ആ വാക്കുകളിൽ കോടതി എടുത്തുപറയുന്നില്ലെങ്കിൽ പോലും തെൽ അവീവിൽനിന്ന് യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയ യു.എസ് സർക്കാറിന്റെ നടപടിയും നിയമലംഘനമാണ് എന്നത് ഇതിൽനിന്ന് ലഭിക്കുന്ന സ്വാഭാവിക നിഗമനമാണ്. മൂന്നാമതായി അധിനിവേശ ശക്തിക്കെതിരെ അധിനിവിഷ്ട ജനത നടത്തുന്ന ഏത് പ്രതിരോധ പ്രവർത്തനവും (സായുധ ചെറുത്തുനിൽപടക്കം) ന്യായവും നിയമവിധേയവുമാണ് എന്ന അന്താരാഷ്ട്ര നിയമമനുസരിച്ച് ഫലസ്തീൻകാരുടെ ഇത്രകാലമുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ന്യായമാണ് എന്നുകൂടി വ്യക്തമാകുന്നു; അവക്കെതിരെ ഇസ്രായേൽ സ്വീകരിക്കുന്ന അക്രമമുറകൾ അന്യായമാണ് എന്നും. നാലാമതായി, അധിനിവേശത്തിന്റെയും അപാർതൈറ്റ് നയങ്ങളുടെയും തുടക്കം പതിറ്റാണ്ടുകൾക്കപ്പുറത്താണെന്ന് കണ്ടെത്തുന്ന കോടതി ഫലത്തിൽ മറ്റൊന്നുകൂടി വ്യംഗ്യമായി ധ്വനിപ്പിക്കുന്നുണ്ട്: പ്രശ്നം തുടങ്ങുന്നത് ഒക്ടോബർ 7നല്ല എന്ന്; പ്രശ്നത്തിന് കാരണം ഫലസ്തീൻകാരല്ല എന്ന്.
ഒക്ടോബർ 7നു ശേഷമുള്ള ഇസ്രായേലി ചെയ്തികൾ ലോകകോടതിയുടെ ഈ തീർപ്പിൽ പരിഗണിക്കപ്പെട്ടിട്ടില്ല. അതേസമയം, ദക്ഷിണാഫ്രിക്ക നൽകിയ ആ കേസിലെ താൽക്കാലിക വിധി പോലും ഇസ്രായേൽ ലംഘിച്ചുകൊണ്ടിരിക്കുന്നു. ഗസ്സ വംശഹത്യ തുടരുകയാണ്. ഇപ്പോൾ അധിനിവേശ വിഷയത്തിലെ കോടതി തീർപ്പിനെയും ആ രാജ്യം ധാർഷ്ട്യത്തോടെ ധിക്കരിക്കുന്നു -കുടിയേറ്റം നിർത്തുകയല്ല, വർധിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ രാജ്യാന്തര നിയമം നിലനിൽക്കണമെങ്കിൽ മറ്റു രാജ്യങ്ങൾ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ നിയമവിരുദ്ധ അധിനിവേശത്തെ അംഗീകരിക്കാതിരിക്കാനുള്ള ബാധ്യത ലോകരാഷ്ട്രങ്ങൾക്കുണ്ടെന്ന് കോടതി എടുത്തുപറയുന്നു.
അധിനിവേശത്തിനനുകൂലമായി ഒന്നും ചെയ്തുകൂടാത്തതാണ്. കോടതി തീർപ്പിൽ അന്തിമ തീരുമാനമെടുക്കേണ്ടത് യു.എൻ പൊതുസഭയാണ്. എങ്കിലും ഇതിനകംതന്നെ, ഇസ്രായേലിന് പിന്തുണ നൽകുന്ന രാജ്യങ്ങൾ അതുവഴി സ്വയം ഒറ്റപ്പെടുന്ന സാഹചര്യം രൂപപ്പെട്ടുകഴിഞ്ഞു. ഫലസ്തീന് ഔപചാരിക അംഗീകാരം നൽകുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇസ്രായേലിന്റെ ചെയ്തികളെ പരസ്യമായി എതിർക്കാത്ത രാജ്യങ്ങളിൽ പോലും ഭരണകൂടങ്ങളുടെ നിസ്സംഗതക്കെതിരെ വമ്പിച്ച പൊതുജന പ്രക്ഷോഭങ്ങൾ നടക്കുന്നു.
ഏതാനും ഭരണനേതാക്കളൊഴിച്ചാൽ ലോകജനതകൾ പീഡിതരായ ഫലസ്തീന്റെ പക്ഷത്ത്, ഇസ്രായേലി ക്രൂരതകൾക്കെതിരെ ശക്തമായി നിലപാടെടുത്തുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ലോകകോടതി നിയമനിലപാടുകൂടി വ്യക്തമാക്കിയതോടെ ഇസ്രായേലിന്റെ അന്തിമ പരാജയത്തിന് തീയതി കുറിക്കപ്പെടുകയാണ്. ലോകജനതയെയും മനഃസാക്ഷിയെയും ധിക്കരിക്കുന്ന സയണിസ്റ്റ് രാഷ്ട്രത്തിന്റെ യു.എൻ അംഗത്വം റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാൻ യു.എൻ പൊതുസഭ തയാറാകണം. ലോകരാജ്യങ്ങൾ മനുഷ്യത്വത്തിനും നീതിക്കും വേണ്ടി നിലപാടെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.