ട്വന്റി 20 ലോകകപ്പ് കിരീടം 17 വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തിയതിന്റെ ആഹ്ലാദാഘോഷങ്ങൾ തുടരുകയാണ്. കപ്പുമായെത്തിയ താരങ്ങളെ വരവേൽക്കാൻ ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിനരികിൽ ആയിരങ്ങളാണ് ഒത്തുകൂടിയതെങ്കിൽ വിക്ടറി പരേഡ് നടന്ന മുംബൈയിൽ ജനലക്ഷങ്ങളാണ് ഇളകി മറിഞ്ഞത്. രാജ്യമൊട്ടുക്കുള്ള ക്രിക്കറ്റ് പ്രേമികൾ വിജയാവേശത്തിൽ തുടരവെ, രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന, പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മ​​ന്ത്രിയുടെയും ബി.സി.സി.ഐ സെക്രട്ടറിയുടെയും നാടായ ഗുജറാത്തിൽ ക്രിക്കറ്റിനെ ജീവനെക്കാളേറെ സ്നേഹിച്ച ഒരു കുടുംബം അതൊന്നും കാണാനും അറിയാനുമാവാത്ത വിധം കണ്ണീരിൽ മുങ്ങി തലകുമ്പിട്ടിരിപ്പാണ്- ക്രിക്കറ്റിനെ പ്രാണവായുവായി കരുതിയിരുന്ന, ഇന്ത്യൻ താരങ്ങൾ ക്രീസിൽ തിളങ്ങുന്ന ഓരോ നിമിഷത്തെയും ആഘോഷമാക്കിയിരുന്ന ആ വീട്ടിലെ സൽമാൻ വോറ എന്ന 23കാരൻ ഒരു ക്രിക്കറ്റ് മാച്ചിനിടെ ആൾക്കൂട്ടക്കൊലക്ക് ഇരയായിട്ട് നാളുകളധികമായിട്ടില്ല. ഗുജറാത്തിലെ ചികോധ്റയിൽ ഒരു പ്രാദേശിക ടൂർണമെന്റിൽ ഒരു ‘പ്രത്യേക’സമുദായക്കാരായ കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചതാണത്രെ ആൾക്കൂട്ടത്തെ അസ്വസ്ഥരും പ്രകോപിതരുമാക്കിയത്. മനുഷ്യർക്കും രാജ്യങ്ങൾക്കുമിടയിലെ അതിരുകളെയും എതിരുകളെയും മായ്ച്ചുകളയാൻ കായിക മത്സരങ്ങൾ ഏറെ തുണപ്പെടുന്ന ലോകത്താണ് കളിക്കാരുടെ മതം പറഞ്ഞ് കായികമായ അക്രമം അതിരുവിട്ടത്. മദ്യപിച്ചെത്തിയ അക്രമികൾ പാർക്കിങ്ങിനെച്ചൊല്ലി ശണ്ഠ തുടങ്ങുകയും പിന്നീടത് കൈയേറ്റത്തിലേക്കെത്തിക്കുകയുമായിരുന്നു. അക്രമിക്കൂട്ടം സൽമാനെ തല്ലിവീഴ്ത്തവെ അത്രനേരം സിക്സറിനും ക്യാച്ചിനും വേണ്ടി ഉയർന്ന ആർപ്പുവിളി അവനെ തല്ലൂ എന്നായി മാറി. ക്രിക്കറ്റ് മത്സരം കാണാനെത്തിയ അയ്യായിരത്തോളമാളുകളിൽ അരുത് തല്ലരുതെന്നു പറയാൻ കൂട്ടാക്കിയത് വിരലിലെണ്ണാവുന്നവർ മാത്രം. ക്രിക്കറ്റ് ബാറ്റുകൾ കൊണ്ടുള്ള അടിയും കത്തിക്കുത്തുമേറ്റ് ഉയിരറ്റ ദേഹമാണ് പ്രിയതമനെക്കാത്തിരുന്ന ഗർഭിണിയായ പത്നിക്കരികിലെത്തിയത്. 12 പേർക്കെതിരെ കൊലപാതകമുൾപ്പെടെയുള്ള കേസുകൾ ചുമത്തിയതായും ചിലരുടെ പേരുകൾ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും വാർത്തകൾ വന്നിരുന്നു, അതിനിടെ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ആൾക്കൂട്ടക്കൊലകൾ അരങ്ങേറിയതോടെ സൽമാൻ വോറ വധത്തിന് പത്രത്താളുകളിൽ ഇടമില്ലാതെയായി. ഇത്രത​ന്നെ സങ്കടകരവും പരിതാപകരവുമാണ് ആ കൊലപാതകങ്ങളിലോരോന്നും. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന മൂന്നാമത്തെ ദേശീയ വികസന സഖ്യ (എൻ.ഡി.എ) സർക്കാർ അധികാരത്തിലേറി ഒരു മാസം പിന്നിടുന്നതിനിടയിൽ മാത്രം ഛത്തിസ്ഗഢ്, ഉത്തർ പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി ഭയാനകമായ പത്ത് ആൾക്കൂട്ട അക്രമസംഭവങ്ങളാണ് അരങ്ങേറിയതെന്ന് പൗരാവകാശ കൂട്ടായ്മയായ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) ഡൽഹിയിൽ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു, ഇതിലെല്ലാം ഇരയാക്കപ്പെട്ടത് ഭൂരിഭാഗവും മുസ്‍ലിംകളും ദലിത് സമൂഹങ്ങളിൽ നിന്നുള്ളവരുമാണ്.

ഇത്തരം അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കാനും അറസ്റ്റുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാനും പലപ്പോഴും കാലതാമസം സംഭവിക്കവെ കഴിഞ്ഞ ദിവസം തികച്ചും വിചിത്രമായ ഒരു സംഗതി കൂടിയുണ്ടായിരിക്കുന്നു. ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തി ഉപജീവനം കഴിച്ചുപോന്ന ഫിറോസ് ഖുറൈശി എന്ന മനുഷ്യനെ കള്ളനെന്നാരോപിച്ച് യു.പിയിലെ ശമിലിയിൽ ഒരു സംഘം ക്രൂരമായി മർദിച്ചിരുന്നു, വൈകാതെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. സംഘം ​ചേർന്നുള്ള മർദനമാണ് ഫിറോസി​ന്റെ മരണത്തിന് കാരണമായതെന്നാരോപിച്ച് കുടുംബം പൊലീസിൽ പരാതിയും നൽകി. ഈ സംഭവത്തെ ആൾക്കൂട്ട കൊലപാതകമെന്ന് വിശേഷിപ്പിച്ചതിന് മാധ്യമപ്രവർത്തകരായ സാകിർ അലി ത്യാഗി, വസീം അക്രം ത്യാഗി എന്നിവർക്കും അവരുടെ കുറിപ്പ് പങ്കുവെച്ച മറ്റു ചിലർക്കുമെതിരെ കേസെടുത്തിരിക്കുന്നു യു.പി പൊലീസ്. മതത്തിന്റെയും വംശത്തിന്റെയും പേരിൽ ജനങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നാണ് ഇവർക്കെതിരായ ആരോപണം. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം അഞ്ചോ അതിലധികമോ ആളുകൾ ചേർന്ന് നടത്തിയ മർദനത്തിൽ സംഭവിക്കുന്ന കൊലപാതകങ്ങളാണ് ആൾക്കൂട്ട കൊലപാതകത്തിന്റെ ഗണത്തിൽ വരുക പോലും; ഫിറോസിന്റെ കുടുംബം നൽകിയ പരാതിയിൽ രണ്ടാളുകളുടെ പേരു മാത്രമേ പരാമർശിച്ചിട്ടുള്ളൂ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനു മുമ്പ് തന്നെ മരണകാരണം മർദനമല്ലെന്നും തറപ്പിച്ചു പറയുന്നു പൊലീസു​ദ്യോഗസ്ഥർ. രേഖകളുടെ അടിസ്ഥാനത്തിൽ സംഭവം റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ കേസിൽപെടുത്തുന്നതിനെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോപ്സ്, കമ്മിറ്റി ഫോർ ദ പ്രൊട്ടക്​ഷൻ ഓഫ് ജേണലിസ്റ്റ്സ് തുടങ്ങിയ മാധ്യമ പ്രവർത്തക സംഘങ്ങൾ ശബ്ദമുയർത്തിയിട്ടുണ്ടെങ്കിലും നടപടിയുമായി മുന്നോട്ടുപോവുകയാണ് പൊലീസ്.

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിലെ ഓരോ പൗരർക്കും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. അതിനെ ഹനിക്കുന്ന നിഷ്ഠുരമായ അതിക്രമമാണ് ആൾക്കൂട്ട കൊലപാതകങ്ങൾ. മതത്തിന്റെയും ജാതിയുടെയും പേരുപറഞ്ഞും, ചെയ്യാത്ത കുറ്റങ്ങൾ കെട്ടിച്ചമച്ചും നടത്തുന്ന ഈ അന്യായം സംഭവിക്കാനുള്ള സാധ്യതകളും സാഹചര്യങ്ങളും ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം നിയമസംഹിതകൾക്കും നിയമപാലകർക്കുമുണ്ട്. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു പകരം ഇരകളെയും അതിനെ ചോദ്യം ചെയ്യുന്നവരെയും കേസിൽ കുടുക്കുന്ന രീതി തുടർന്നാൽ ആൾക്കൂട്ട അതിക്രമങ്ങൾക്ക് ഒരുകാലത്തും അറുതിവരുത്താനാവില്ല.

Tags:    
News Summary - madhyamam editorial The fundamental right is to live, not to kill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.