ശ്രാവണമാസത്തിൽ ശിവഭക്തരുടെ കാവടിയാത്ര കടന്നുപോകുന്ന വഴികളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ ഉടമകളുടെ പേരുവിവരം പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാന സർക്കാറുകളുടെ ഉത്തരവിന് തിങ്കളാഴ്ച സുപ്രീംകോടതി തടയിട്ടു. ‘ഐഡന്‍റിറ്റി വെളിപ്പെടുത്തി ബഹിഷ്കരിക്കാനുള്ള’ ബി.ജെ.പി ഭരണകൂടങ്ങളുടെ കുടിലനീക്കത്തിനെതിരെ സർക്കാറിതര സംഘടനയായ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ), തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ഡൽഹി സർവകലാശാല അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. അപൂർവാനന്ദ് എന്നിവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ ഹരജികൾ പരിഗണിച്ച് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് സംസ്ഥാനങ്ങളുടെ നിർദേശം തള്ളി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മൂന്നു സംസ്ഥാനങ്ങൾക്കും പ്രതികരണം തേടി നോട്ടീസ് നൽകിയ സുപ്രീംകോടതി, ജൂലൈ 26ന് വിഷയത്തിൽ കൂടുതൽ വാദം കേൾക്കും. കാവടി യാത്ര കടന്നുപോകുന്ന വഴികളിലുടനീളം പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ ഉടമകളുടെ പേരുവിവരം പരസ്യപ്പെടുത്തി എഴുതിവെക്കണമെന്ന വിചിത്രനിർദേശം കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.പി ഗവൺമെന്‍റ് പുറത്തിറക്കിയത്. കാവടി യാത്ര സുഗമമാക്കാനും തീർഥാടകരുടെ വിശ്വാസവിശുദ്ധി കാത്തുസൂക്ഷിക്കാനുമാണിത് എന്നായിരുന്നു യു.പി സർക്കാർ പറഞ്ഞ ന്യായം. തീർഥാടകപാതയിൽ ഹലാൽ മുദ്രിത ഉൽപന്നങ്ങൾ വിൽക്കുന്നതും വിലക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനായി പൊലീസ് രംഗത്തിറങ്ങിയതോടെ പതിറ്റാണ്ടുകൾ പഴക്കമുള്ള റസ്റ്റാറന്റുകളും ടീ ഷാപ്പുകളുമടക്കം രായ്ക്കുരാമാനം അവരുടെ നാമപ്പലകകൾ മാറ്റിത്തുടങ്ങിയിരുന്നു. ജനങ്ങളെ സമുദായാടിസ്ഥാനത്തിൽ തരംതിരിച്ച് ഒരുവിഭാഗത്തെ ബഹിഷ്കരിക്കാനുള്ള ആസൂത്രിതനീക്കമാണ് ഇതെന്ന് ആരോപിച്ച് നാനാതുറകളിൽനിന്ന് എതിർപ്പ് ഉയർന്നതോടെ വിഷയം ആളുകളുടെ ‘സ്വാതന്ത്ര്യത്തിന് വിടുകയാണ്’ എന്നു യു.പി സർക്കാർ മയപ്പെടുത്തി.
പഞ്ചാംഗ എന്ന ചാന്ദ്രസൗര ഹിന്ദുകലണ്ടറിലെ അഞ്ചാം മാസമാണ് ശ്രാവണം. ഈ മാസാരംഭത്തിൽ ശിവഭക്തർ ഉത്തരഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, ബിഹാറിലെ സുൽത്താൻഗഞ്ച് എന്നിവിടങ്ങളിൽനിന്ന് ഗംഗ നദിയിലെ ജലം ശേഖരിച്ച് സ്വദേശങ്ങളിലെത്തി ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നതാണ് കാവടി ചടങ്ങ്. മീററ്റിലെ ഓഗർനാഥ്, കാശി വിശ്വനാഥ്, ദേവഗഢിലെ വൈദ്യനാഥ് ക്ഷേത്രങ്ങളിലും ഇത് സമർപ്പിക്കാറുണ്ട്. ഈ വർഷം ജൂലൈ 22 മുതൽ ആഗസ്റ്റ് രണ്ടുവരെയാണ് കാവടിയാത്ര. ഈ യാത്ര പോകുന്ന വഴികളിൽ ആളുകൾക്ക് ഭക്ഷണപാനീയങ്ങൾ ലഭ്യമാക്കുന്ന കടകൾ ഉപവാസത്തിലും മറ്റുമായി തീർഥയാത്ര പോകുന്ന ഭക്തരുടെ ചട്ടവട്ടങ്ങളെല്ലാം പാലിച്ചു ഔചിത്യപൂർവം, സന്തോഷത്തോടെ ഇക്കാലമത്രയും പ്രവർത്തിച്ചുവന്നതാണ്. ഹിന്ദു ഉടമയും മുസ്ലിം ജോലിക്കാരും അതുപോലെ മുസ്ലിം ഉടമയും ഹിന്ദു ജോലിക്കാരുമൊക്കെയായി കാവടിറൂട്ടിൽ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യമനുസരിച്ച് ഇവയെല്ലാം തീർഥയാത്രികർക്ക് ആഹാരവും ആശ്വാസവുമേകി നടന്നുവന്നു. ഈ പ്രദേശങ്ങളിലെ വലിയൊരു ശതമാനം ആളുകൾക്ക് അവരുടെ ഉപജീവനമാർഗം കൂടിയാണിത്. യു.പിയിൽ മാത്രം കഴിഞ്ഞ 2016 മുതൽ 2023 വരെയുള്ള കാലയളവിൽ എട്ടുലക്ഷം അനൗപചാരിക തൊഴിലുകൾ നഷ്ടമായിട്ടുണ്ട് എന്ന കണക്ക് ഇവിടെ ഓർക്കേണ്ടതാണ്.
സ്വകാര്യ, അസംഘടിത മേഖലകളിൽ ജീവിതമാർഗം തേടി ആളുകൾ നെട്ടോട്ടമോടുമ്പോഴാണ് കാവടിയാത്ര മേഖലയിലെ ജോലിയും ജീവിതവും പ്രതീക്ഷിച്ചിരുന്നയാളുകളുടെ മുന്നിൽ ഇരുട്ട് പടർത്തി വിഭജനനീക്കവുമായി യോഗി ആദിത്യനാഥ് സർക്കാറിന്‍റെ തീട്ടൂരം എത്തിയത്. ആശയക്കുഴപ്പമൊഴിവാക്കാൻ എന്നും പറഞ്ഞ് വന്ന തീരുമാനം ഇപ്പോൾതന്നെ വേണ്ടത്ര ആശയക്കുഴപ്പം വിതറി എന്ന് ചാനലുകളിലും സമൂഹമാധ്യമങ്ങളിലും കച്ചവടക്കാർ നിരാശയിലും ആശങ്കയിലും നടത്തുന്ന നഷ്ടക്കണക്കുകൾ ശ്രദ്ധിച്ചാലറിയാം. ജൂതരെല്ലാം അവരുടെ കടകളുടെ പുറത്ത് ദാവീദിന്‍റെ നക്ഷത്രം പ്രദർശിപ്പിക്കണമെന്ന നാസി ജർമനിയുടെ കഥ മാത്രമേ ഇതിനു സമാനമായി മുമ്പ് ലോകം കണ്ടിട്ടുള്ളൂ. കശ്മീരിലെ അമർനാഥ് തീർഥയാത്രികരായ ഹിന്ദു വിശ്വാസികൾക്ക് വഴിയിലുടനീളം ഭക്ഷണം വിളമ്പുന്നത് ലങ്കാറുകൾ എന്ന സമൂഹ അടുക്കള ഒരുക്കി മുസ്ലിംകളാണ്. തീർഥാടകരെ മഞ്ചലുകളിലും ഡോളികളിലും വഹിച്ചുകൊണ്ടുപോകുന്നത് മുസ്ലിം യുവാക്കളാണ്. ഇതാണ് മനോഹരമായ ഇന്ത്യയുടെ ചിത്രം. വിശ്വാസികൾ തമ്മിൽ പുണ്യവും പ്രാർഥനയും പങ്കുവെക്കുന്ന, തീർഥയാത്രികർക്കും സാധുക്കൾക്കും മതജാതി പരിഗണനകളില്ലാതെ അന്നവും അഭയവുമൊരുക്കുന്ന മഹത്തായ നാട്. അവിടെയാണ് ജനങ്ങൾക്കിടയിൽ അവിശ്വാസവും അകൽച്ചയും സൃഷ്ടിക്കാനുള്ള തൽപരകക്ഷികളുടെ ശ്രമം.
അതിന് ഞങ്ങളെ കിട്ടില്ലെന്ന് യു.പിയിലെ ജനത പൊതുതെഞ്ഞെടുപ്പിൽ വ്യക്തമായി വിളിച്ചുപറഞ്ഞു. എന്നിട്ടും വംശീയ വിദ്വേഷം കൈയൊഴിയാൻ യോഗിക്കും സമാനർക്കും മനസ്സു വരുന്നില്ല. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രം വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ പുതിയ തീരുമാനത്തിനെതിരെ ബി.ജെ.പി സഖ്യകക്ഷികൾ തന്നെ രംഗത്തുവന്നു. അതൊന്നും കാര്യമാക്കാതെ മുന്നോട്ടു നീങ്ങുമ്പോഴാണ് തിങ്കളാഴ്ച സുപ്രീംകോടതി വിഭജനനീക്കത്തിന് മൂക്കുകയറിട്ടിരിക്കുന്നത്.
ശ്രാവണമാസത്തിൽ ആരെയും അധിക്ഷേപിക്കരുത്, കോപവും സംസാരവൈകല്യങ്ങളും ഒഴിവാക്കുക, വീട്ടുവാതിൽക്കൽ വരുന്ന ദരിദ്രരെ വെറുംകൈയോടെ മടക്കിയയക്കരുത് എന്നൊക്കെയുള്ള സദ്ഗുണങ്ങൾ ദീക്ഷിച്ചേ തീരൂ എന്നാണ് വിശ്വാസിമതം. സാത്വികമായ വ്രതം അനുഷ്ഠിക്കുകയും നിഷേധാത്മക ചിന്തകൾ മാത്രമല്ല, അതിന്‍റെ സൂചനയാകുമെന്നതിനാൽ കറുത്ത നിറമുള്ള വസ്ത്രം ധരിക്കരുതെന്നുപോലും നിഷ്ഠയുണ്ട്. ഇത്ര പവിത്രമായി വിശ്വാസികൾ ഗണിക്കുന്ന ഒരു അനുഷ്ഠാനത്തെ പരമതവിദ്വേഷത്തിനും വിവേചനത്തിനും സഹജീവികളായ മനുഷ്യരെ പുറന്തള്ളാനുമുള്ള സന്ദർഭമായി സംഘ്പരിവാർ സർക്കാറുകൾ മാറ്റിയെടുക്കുന്നതിലും വലിയ രാജ്യ, ജനദ്രോഹം മറ്റെന്തുണ്ട്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.