ഡെപ്യൂട്ടി സ്പീക്കർ ഇല്ലാതെയാണ് പതിനേഴാം ലോക്സഭ അഞ്ചുവർഷ കാലാവധി കഴിഞ്ഞ് പിരിഞ്ഞത്. ഭരണഘടനയുടെ 93ാം വകുപ്പനുസരിച്ച് സഭക്ക് ഡെപ്യൂട്ടി സ്‌പീക്കർ നിർബന്ധമാണെങ്കിലും ചരിത്രത്തിലാദ്യമായി ആ സ്ഥാനം ഒഴിച്ചിടുകയാണ് ഭരണകക്ഷിയായ ബി.ജെ.പി ചെയ്തത്. 18ാം ലോക്സഭക്കും ആ അവസ്ഥ ഉണ്ടാകരുതെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നതിനിടെ വിഷയമിപ്പോൾ സുപ്രീംകോടതി മുമ്പാകെ വന്നെത്തിയിരിക്കുന്നു. ലോക്സഭക്ക് ഒരു ഡെപ്യൂട്ടി സ്‌പീക്കറെ തെരഞ്ഞെടുക്കണമെന്ന ഭരണഘടനാ ബാധ്യത നിർവഹിക്കാൻ സുപ്രീംകോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക വിഭ ദത്ത മഖീജയാണ് പൊതു താൽപര്യ ഹരജി ഫയൽ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പ്രസ്തുത ഹരജി ജൂലൈ 22 തിങ്കളാഴ്ച പരിഗണിക്കാമെന്ന് വെച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം തന്നെ ലോക്സഭയിലും രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, മണിപ്പൂർ നിയമസഭകളിലും ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത വിഷയം ഉന്നയിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട മറ്റൊരു മൂന്നംഗ ബെഞ്ചിന് മുമ്പാകെ ഹരജി വരുകയും അതിൽ കേന്ദ്ര സർക്കാറിനും പ്രസ്തുത സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കുകയും ചെയ്തതാണ്. ഭരണഘടനാ വകുപ്പ് 93 അനുസരിച്ച് ലോക് സഭക്കും 178 അനുസരിച്ച് സംസ്ഥാന നിയമനിർമാണ സഭകൾക്കും ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവേണ്ടത് നിർബന്ധമാണെന്ന കാര്യം അതിൽ ഉണർത്തിയിരുന്നു. സമയത്തിനു മറുപടികൾ ലഭിക്കാഞ്ഞതിനാൽ കേസ് മുന്നോട്ടു പോയില്ല. അതിനകം ലോക്സഭാ കാലാവധി തീരുകയും ചെയ്തു. ഭരണഘടനയിൽ പറഞ്ഞ ‘കഴിയുന്നതും വേഗം’ എന്ന സമയം ആവുന്നേയുള്ളൂ എന്ന് വേണമെങ്കിൽ പറയാം. കീഴ്‌വഴക്കമനുസരിച്ച് സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനെ ഡെപ്യൂട്ടി സ്‌പീക്കറെയും തെരഞ്ഞെടുക്കേണ്ടതാണ്; അത് നടന്നിട്ടില്ല. സഭാ നടപടികളുടെ കാര്യത്തിൽ ഉണ്ടാവേണ്ട ഭരണ-പ്രതിപക്ഷ കക്ഷി സഹകരണം ലക്ഷ്യമാക്കി സ്പീക്കർ തെരഞ്ഞെടുപ്പിൽത്തന്നെ മുമ്പ് സമവായ ശ്രമങ്ങൾ നടന്നതാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്കു നൽകുകയാണെങ്കിൽ സ്പീക്കറെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കാമെന്ന പ്രതിപക്ഷ ഇൻഡ്യ മുന്നണിയുടെ നിർദേശം ബി.ജെ.പി സർക്കാറിന് സ്വീകാര്യമായില്ല. തുടർന്ന് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നെങ്കിലും അത് ശബ്ദവോട്ടെടുപ്പിലൂടെ ആവുന്നത് പ്രതിപക്ഷം എതിർത്തുമില്ല.

ഡെപ്യൂട്ടി സ്പീക്കർ പ്രതിപക്ഷാംഗമാവുക എന്നത് ജനാധിപത്യത്തിലെ ബഹുസ്വരതയും പരസ്പര സഹകരണവും പ്രതിഫലിപ്പിക്കുന്ന ആരോഗ്യകരമായ ഒരു നടപടിക്രമമാണ്. ഭരണപക്ഷം ഭരണ വിവരങ്ങളും തീരുമാനങ്ങളും അറിയിക്കുക മാത്രം ചെയ്യുന്ന ഒരിടമല്ല സഭയെന്നും പ്രതിപക്ഷ ശബ്ദവും ഭരണത്തെക്കുറിച്ച വിമർശനവുമെല്ലാം അവിടെ കേൾക്കേണ്ടതുണ്ടെന്നും അതിനു നിഷ്പക്ഷമായ സഭാ നടത്തിപ്പ് അത്യാവശ്യമാകയാൽ സ്‌പീക്കറുടെ അഭാവത്തിൽ പ്രതിപക്ഷത്തുനിന്നുള്ള ഡെപ്യൂട്ടി സ്‌പീക്കറുടെ സ്ഥാനം ഉപകരിക്കും എന്നൊരു തത്ത്വം അതിലടങ്ങിയിരിക്കുന്നു. എന്നാൽ, സഭയിൽ ബില്ലുകളെല്ലാം ഞൊടിയിടയിൽ ചർച്ചകളൊന്നും കൂടാതെയോ, കാര്യമായ വിചിന്തനങ്ങളില്ലാതെയോ പാസാക്കി അനാശാസ്യമായ പുതുരീതിക്കു തുടക്കമിട്ട ബി.ജെ.പി അത്തരം ജനാധിപത്യ അന്തരീക്ഷത്തിനൊന്നും വില കൽപിച്ചിട്ടേയില്ല. ജനവിരുദ്ധവും ഭരണഘടനയുടെ ചൈതന്യത്തിനു നിരക്കാത്തതും വിഭാഗീയത വളർത്തുന്നതുമായ നിയമനിർമാണങ്ങളൊന്നും അധികം ചർച്ച ചെയ്യാതെ ചുട്ടെടുക്കാനായിരുന്നു അവർക്കു തിടുക്കം.

ഒരു ഡെപ്യൂട്ടി സ്‌പീക്കർ സഭാ നടത്തിപ്പിലെ അനിവാര്യഘടകമല്ലായിരിക്കാം. സ്‌പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാൻ പത്ത് പരിചയസമ്പന്നരായ അംഗങ്ങളുടെ പാനലും മതിയാവും. എന്നാൽ, സഭാ നിയന്ത്രണം എന്നതിനൊപ്പം പ്രതിപക്ഷത്തിന് ജനാധിപത്യത്തിൽ നൽകുന്ന പരിഗണനയുടെ പ്രതീകം കൂടിയായി അതിനെ സ്വീകരിക്കുന്നതാണ് ഉയർന്ന ജനാധിപത്യബോധം. ഇപ്പോൾ ലോക്സഭയിലെ അംഗബലത്തിൽ വന്ന മാറ്റത്തിൽ, ബി.ജെ.പിക്ക് അത്ര എളുപ്പത്തിൽ ദഹിക്കുന്നതായിരിക്കില്ല പ്രതിപക്ഷ നേതാവിനുപുറമെ, സ്ഥാനശ്രേണിയിൽ സഹമന്ത്രിമാരോടും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനോടുമൊപ്പം പത്താം സ്ഥാനത്ത് നിൽക്കുന്ന ഒരു പ്രതിപക്ഷ ഡെപ്യൂട്ടി സ്‌പീക്കറുടെ കൂടി സാന്നിധ്യം. പക്ഷേ, സഭാ നടത്തിപ്പിലെ നിലവാരവും ചിട്ടയും മെച്ചപ്പെടുത്താൻ കൂടി ഡെപ്യൂട്ടി സ്പീക്കർ പദവി ഉതകും.

ബി.ജെ.പിയിതര സംസ്ഥാനങ്ങൾ മുഴുവൻ ഇക്കാര്യത്തിൽ മാതൃകയല്ല എന്നതും കാണേണ്ടതുണ്ട്. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത ആറ് സംസ്ഥാനങ്ങളിൽ ഝാർഖണ്ഡ് ഭരിക്കുന്നത് ഇൻഡ്യ മുന്നണിയിലെ ഝാർഖണ്ഡ് മുക്തി മോർച്ചയാണ്. പ്രതിപക്ഷത്തിന് ആ സ്ഥാനം നൽകാത്ത സംസ്ഥാനങ്ങളിലും ഉണ്ട് ഇൻഡ്യ മുന്നണി ഭരിക്കുന്നവ. പശ്ചിമബംഗാൾ, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഭരണകക്ഷിയിൽ പെട്ടവർ തന്നെയാണ് ഡെപ്യൂട്ടി സ്‌പീക്കർമാർ. അവ ലോക് സഭയുടെ അത്ര തെളിഞ്ഞുനിൽക്കുന്ന ജനാധിപത്യ പ്രതീകങ്ങളല്ല എന്ന് വേണമെങ്കിൽ പറയാം. കോടതി മുമ്പാകെ നിയമത്തിന്‍റെ സങ്കീർണമായ ഇഴകീറലും പാർലമെന്‍റിന്‍റെ അവകാശങ്ങളിൽ കോടതി ഇടപെടുന്നതിന്‍റെ ആശാസ്യതയെക്കുറിച്ച വാദപ്രതിവാദങ്ങളുമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ഒഴിവാക്കി ബന്ധപ്പെട്ട കക്ഷികൾ തന്നെ പരസ്പര ചർച്ചകളിലൂടെയും സമവായത്തിലൂടെയും ഭരണഘടനാ പദവിയിലേക്കുള്ള നിയമനത്തിനു ശ്രമിക്കുകയാണെങ്കിൽ നിയമനിർമാണ സഭകളുടെ അസ്തിത്വം ഉറപ്പുവരുത്താൻ അത് കൂടുതൽ ഉതകും.

Tags:    
News Summary - Does the Lok Sabha need a Deputy Speaker?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.