ഗതാഗത നിയമലംഘനങ്ങൾക്ക് പത്തിരട്ടിവരെ പിഴ വർധിപ്പിച്ച നിയമഭേദഗതി ഒടുവിൽ കേ ന്ദ്രസർക്കാറിന് തലവേദനയായിരിക്കുന്നു. ഒരു ഔചിത്യബോധവുമില്ലാതെ വൻ പിഴ ഈടാക്ക ാനുള്ള തീരുമാനത്തിനെതിരെ രാജ്യത്ത് കത്തിപ്പടർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ, തൽക ്കാലത്തേക്കെങ്കിലും മോദി സർക്കാറിന് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. വിഷയം ക ൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തി നിയമലംഘനങ്ങൾക്കുള്ള പിഴ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ബി.ജെ.പിയുടെ തന്നെ നേതൃത്വത്തിലുള്ള അര ഡസൻ സംസ്ഥാനസർക്കാറുകൾ പ്രതിഷേധക്കാർക്കൊപ്പം കണ്ണിചേർന്നതാണ് ഇതിലെ കൗതുകം. മറ്റു സംസ്ഥാനങ്ങളും വ്യത്യസ്തമായിരുന്നില്ല. ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങി ബി.ജെ.പി സർക്കാറുകൾ ഇതിനകം ഇളവുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. കർണാടകയും അതുവഴിയാണ് സഞ്ചരിക്കുന്നത്. പാർലമെൻറിലെ മൃഗീയ ഭൂരിപക്ഷ പിന്തുണയിൽ സമീപകാലത്ത് ചുട്ടെടുത്ത നിയമങ്ങളിൽ ഒന്നായിരുന്നു ഇൗ നിയമഭേദഗതിയും. കാര്യമായ പഠനങ്ങളോ ചർച്ചയോ ഇല്ലാതെ നടപ്പാക്കിയ ഈ നിയമങ്ങളത്രയും പിന്നീട് ചോദ്യംചെയ്യപ്പെടാൻപോലും അനുവദിക്കപ്പെടാത്ത രൂപത്തിലാണ് കേന്ദ്രം നടപ്പാക്കിയതെന്നോർക്കണം. അവിടെയാണ്, ഗതാഗത നിയമലംഘനത്തിന് അമിത പിഴ ഈടാക്കുന്ന നിയമഭേദഗതി തെരുവിൽ ചോദ്യംചെയ്യപ്പെട്ടതും ഭാഗികമായെങ്കിലും അതിൽ ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമായതും. ആ അർഥത്തിൽ, ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളത്രയും മോദിസർക്കാറിന് വലിയൊരു പാഠമാണ്. പാർലെമൻറിലെ അംഗബലം മാത്രം നോക്കി ഏകപക്ഷീയമായി മുന്നോട്ടുപോകാനാണ് ശ്രമമെങ്കിൽ അത് ചിലപ്പോഴെങ്കിലും ‘പാളയത്തിൽ പട’ സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട പാഠം.
ഈ നിയമഭേദഗതിയിലൂടെ കണ്ണോടിക്കുേമ്പാൾതന്നെ, സാമാന്യം വലിയ പിഴയാണ് നിർദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാം. ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവർക്കും സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുന്നവർക്കുമുള്ള പിഴ 100 രൂപയിൽനിന്ന് 1000 രൂപയായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. ലൈസൻസില്ലാത്തവർക്കുള്ള പിഴ 500ൽനിന്ന് 5000 ആയി ഉയർത്തിയിരിക്കുന്നു. ലൈസൻസ് കാലാവധി തീർന്ന് ഒരുദിവസം കഴിഞ്ഞ് പിടിക്കപ്പെട്ടാൽപോലും 10,000 രൂപ അടക്കണമെന്നാണ് പുതിയ നിയമം. ഇത് സാങ്കേതികമായും അല്ലാതെയും വിഷയത്തെ സങ്കീർണമാക്കുന്നുണ്ട്. ഇത്രയും വലിയ പിഴ അടക്കാൻ കൂട്ടാക്കാതെ ആളുകൾ കൂട്ടത്തോടെ കോടതിയിൽ പോയാൽ എന്തുചെയ്യും എന്ന ചോദ്യത്തെ അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. ഇക്കാര്യം കുറച്ചെങ്കിലും ബോധ്യപ്പെട്ടതിനാലാകാം, കാലാവധി കഴിഞ്ഞ ലൈസൻസിെൻറയും മറ്റും കാര്യത്തിൽ പിഴയിളവിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്. നല്ലകാര്യം.
ഇത്രയും വലിയ പിഴ ഈടാക്കുന്നതിനുപിന്നിൽ സാമ്പത്തികലക്ഷ്യമാണെന്ന ആരോപണത്തെ ഗഡ്കരി തള്ളിക്കളയുന്നുണ്ട്. അങ്ങനെയൊരു അജണ്ടയില്ലെന്നും വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറക്കലാണ് ഇതിലൂടെ കാര്യമായി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വാദം വിപുലമായ ചർച്ച അർഹിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തുമാത്രം വാഹനാപകടങ്ങളിൽ പ്രതിദിനം 11 പേർ മരിക്കുന്നുവെന്നാണ് ഈയടുത്ത് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 12,392 പേരാണ് കേരളത്തിലെ റോഡുകളിൽ മരിച്ചുവീണത്. ആരോഗ്യമേഖലയിൽ നാം സൃഷ്ടിച്ചെടുത്ത മാതൃകയിലൂടെ രക്ഷപ്പെട്ട ജീവനുകളത്രയും നിരത്തുകളിൽ ഹോമിക്കപ്പെടുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. ഇക്കാലയളവിലുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും ഗതാഗത നിയമലംഘനങ്ങൾ മൂലമായിരുന്നു. അപകടങ്ങൾ കുറക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കുകയാണ് പോംവഴി. അതിന് തയാറാകാത്തവർ ശിക്ഷിക്കപ്പെടുക തന്നെവേണം. അങ്ങനെ നോക്കുേമ്പാൾ ഗഡ്കരി പറഞ്ഞതിൽ കാര്യമുണ്ട്. അതിനാൽ, ഇപ്പോഴത്തെ പിഴശിക്ഷയിൽ അപാകത ആരോപിക്കാനാവില്ല. അതേസമയം, ഇതിനൊരു മറുവാദവുമുണ്ട്. വൻപിഴ ഈടാക്കാൻ വിസമ്മതിച്ചു ഗോവ സർക്കാർ നൽകിയ വിശദീകരണത്തിൽ അതിെൻറ സൂചനകൾ കാണാം. റോഡുകളുടെ ശോച്യാവസ്ഥയാണ് അത്. റോഡ് നന്നാക്കാതെ പിഴ ഈടാക്കുന്നതിലെ ധാർമികതയാണ് അവിടെ ചോദ്യംചെയ്യപ്പെടുന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനായി മുൻ ജഡ്ജി കെ.എസ്. രാധാകൃഷ്ണെൻറ അധ്യക്ഷതയിൽ സുപ്രീംകോടതി 2018ൽ ഒരു കമ്മിറ്റിയെ നിശ്ചയിച്ചിരുന്നു. 2013 മുതൽ 2017 വരെയുള്ള അഞ്ചുവർഷക്കാലയളവിൽ മാത്രം 14,926 പേർ രാജ്യത്താകമാനം കുഴിയിൽ വീണ് മരിച്ചെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. രാജ്യത്ത് ഭീകരാക്രമണങ്ങളിൽ മരിക്കുന്നവരെക്കാൾ കൂടുതൽ പേർ റോഡ് കുഴികളിൽവീണ് മരിക്കുെന്നന്നാണ് റിപ്പോർട്ട് പരാമർശിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചത്.
അപ്പോൾ, ഒരുവശത്ത് തുടർച്ചയായി നടക്കുന്ന ഗതാഗത നിയമലംഘനങ്ങൾ. മറുവശത്ത് കുണ്ടും കുഴികളും നിറഞ്ഞ റോഡുകളും. വാഹനപ്പെരുപ്പംപോലുള്ള വേറെയും ഘടകങ്ങളുണ്ട്. ഇവയെയെല്ലാം ഒരുപോലെ ഉൾക്കൊള്ളുന്ന പരിഹാരമാണ് യഥാർഥത്തിൽ വേണ്ടത്. പിഴ വർധിപ്പിച്ചതുകൊണ്ടു മാത്രം ഈ പ്രശ്നം അവസാനിക്കാൻ പോകുന്നില്ല. ഒരു പേക്ഷ, അപകടങ്ങളുടെ എണ്ണം കുറക്കാൻ കഴിഞ്ഞേക്കും. മാതൃകാപരവും അച്ചടക്കപൂർണവുമായ ഗതാഗത സംസ്കാരമാണ് ആത്യന്തിക പരിഹാരം. അത് നിയമനിർമാണത്തിെൻറ പിൻബലത്തിൽ മാത്രം ഉണ്ടാക്കിയെടുക്കാവുന്നതല്ല. മറിച്ച്, ബോധവത്കരണത്തിലൂടെയും സ്വയംപെരുമാറ്റത്തിലൂടെയും സാധിച്ചെടുക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.