?????????????? ????? ????????? ???????????????? ?????????? ???????

ദലിത് പ്രക്ഷോഭത്തിൽ ഒലിച്ചുപോകുന്ന ഗുജറാത്ത് മോഡൽ

രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ തന്നെ കസേരയില്‍ നിന്നിറക്കി പുതിയ സമരചരിത്രം രചിക്കുകയാണ് ഗുജറാത്തിലെ ദലിതര്‍. പ്രധാനമന്ത്രിയുടെ വിശ്വസ്തയായ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് സംസ്ഥാനത്തെ ദലിത് രോഷത്തിനു മുന്നില്‍ മൂന്നാഴ്ച പോലും പിടിച്ചു നില്‍ക്കാനായില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് സംസ്ഥാനത്തെ റാലിയും മാറ്റി വെക്കേണ്ടി വന്നു. ഫാസിസ്റ്റ് അധികാരവാഴ്ചയിലേക്ക് രാജ്യത്തെ നയിക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പു കൂടിയാണ് ദലിത് പ്രക്ഷോഭം. ഗുജറാത്തിനു പുറമെ, ഉത്തര്‍പ്രദേശിലെ ലക്നോവില്‍ ചത്ത കന്നുകാലികളുടെ തൊലി ഉരിയില്ലെന്ന് കോർപറേഷന്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചത് ദലിത് പ്രതിഷേധം വ്യാപിക്കുന്നതിന്‍റെ സൂചനയാണ്. ഗുജറാത്തും ഉത്തര്‍പ്രദേശും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിന് തയാറെടുത്തിരിക്കെ സംഘപരിവാറിനുള്ള മുന്നറിയിപ്പും മതേതര-ജനാധിപത്യ ശക്തികള്‍ക്കുള്ള പ്രതീക്ഷയുമാണ് ഈ ദലിത് രോഷം.

ദലിത് പ്രക്ഷോഭകർ ഗുജറാത്തിൽ നടത്തിയ റാലി
 

മോഹന വാഗ്ദാനങ്ങൾ നല്‍കി അധികാരമേറിയ മോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധവും മനുഷ്യത്വ രഹിതവുമായ നയങ്ങളും പ്രവൃത്തികളും ചോദ്യം ചെയ്യപ്പെട്ടതാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ സംഭവവികാസങ്ങള്‍. ഗുജറാത്തില്‍ പൊട്ടിമുളച്ച പട്ടേല്‍ പ്രക്ഷോഭം സംവരണവിരുദ്ധ സമരമായിരുന്നെങ്കിലും മറ്റൊരര്‍ഥത്തില്‍ സര്‍ക്കാര്‍ വിരുദ്ധവികാരം സൃഷ്ടിച്ചു. പിന്നീട്, ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മതേതര- ജനാധിപത്യശക്തികളുടെ യോജിച്ചത് ബി.ജെ.പിയുടെ പ്രതീക്ഷകളെ അട്ടിമറിച്ചു. ഈ വര്‍ഷം കേരളം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലുണ്ടായ ജനവിധി ബി.ജെ.പിക്കുള്ള പ്രഹരമായി. ഭരണഘടനാ മൂല്യങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഏകാധിപത്യപ്രവണത പുലര്‍ത്തുന്ന ഭരണകൂടത്തെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വമില്ലെങ്കിലും ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നതിന്‍റെ തെളിവാണ് ഗുജറാത്തിലെ ദലിത് പ്രക്ഷോഭം. അടിയന്തിരാവസ്ഥക്കാലത്ത് ജെ.പിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടതിനു സമാനമായ ജനവികാരം ഇന്ന് ഒരു നേതാവിന്‍റെയും പിന്‍ബലമില്ലാതെ രാജ്യത്ത് സംഭവിക്കുന്നു. ഇതിനെ നൈതികമായ രാഷ്ട്രീയത്തിലേക്ക് വഴി തിരിച്ചു വിടുകയാണ് മതേതര-ജനാധിപത്യ പാര്‍ട്ടികളുടെ ഉത്തരവാദിത്വം. ബീഹാറിലെ മഹാസഖ്യം വിജയിച്ച മാതൃക രാജ്യത്തിനു മുന്നിലുണ്ടല്ലോ.!

ഒരു നൂറ്റാണ്ട് മുമ്പ് ഒന്നാം ക്ലാസ് ട്രെയിന്‍ കംപാര്‍ട്ട്‌മെന്‍റില്‍ നിന്നും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന യാത്രക്കാരന്‍ പുറത്താക്കപ്പെട്ട് ഒരു നൂറ്റാണ്ടു തികയുന്ന സമയത്ത് തന്നെ ജൂലായ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയില്‍ തീവണ്ടി യാത്ര നടത്തിയെന്ന് ചരിത്രത്തിലെ യാദൃശ്ചികതയായി. എന്നാല്‍, ആ യാത്ര നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ചത്ത പശുവിന്‍റെ തൊലിയുരിച്ചതിന്‍റെ പേരില്‍ ദലിതര്‍ വേട്ടയാടപ്പെട്ടു. അതും ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിലാണെന്നതാണ് വൈരുധ്യം. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടിനു ശേഷവും ഇന്ത്യയില്‍ ദലിതന്‍ മനുഷ്യനെന്ന മേല്‍വിലാസത്തിനു വേണ്ടി പോരാടേണ്ടി വരുന്ന ദുരന്തചിത്രം ഗുജറാത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പ്രക്ഷോഭത്തെ തുടർന്ന് ഉനയിൽ ഏർപ്പെടുത്തിയ പൊലീസ് കാവൽ
 

സൗരാഷ്ട്ര മേഖലയിലെ ഊന ടൗണില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള മോട്ട സമാധിയാല ഗ്രാമത്തില്‍ ജൂലായ് 11ന് ചത്ത പശുവിന്‍റെ തൊലിയുരിച്ചതിന്‍റെ പേരില്‍ നാലു ദലിതരെ ഗോരക്ഷാസമിതി പ്രവര്‍ത്തകര്‍ മര്‍ദിച്ച് നഗ്നരാക്കി നടത്തിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. തുടർന്ന് ഊനയില്‍ പൊട്ടിപ്പുറപ്പെട്ട ദലിത് പ്രക്ഷോഭം നഗരങ്ങളിലേക്കും വ്യാപിച്ചു. പാടത്ത് പണിയെടുക്കുന്നവരാണ് ദലിതര്‍. ചത്ത പശുവിന്‍റെ തൊലിയുരിക്കുന്നത് അവരുടെ കുലത്തൊഴില്‍ കൂടിയാണ്. ചത്ത പശുക്കളെ ചുമലിലേറ്റി അവര്‍ കൂട്ടത്തോടെ കലക്ട്രേറ്റിലേക്കു മാര്‍ച്ച് ചെയ്തു. ഇനി മുതല്‍ ഈ തൊഴില്‍ ഞങ്ങള്‍ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ഒരു അക്രമത്തെ തുടര്‍ന്നു മാത്രം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതല്ല ദലിത് രോഷം. കാലങ്ങളായുള്ള അവഗണനയും അപമാനവും സൃഷ്ടിച്ച അനുഭവങ്ങളില്‍ നിന്നുള്ള പ്രതിരോധമാണത്.

ഊനയിലെ മൂവായിരത്തോളം താമസക്കാരുള്ള ഗ്രാമമാണ് മോട്ട സമാധിയാല. മേല്‍ജാതിക്കാരായ പട്ടേലുമാരാണ് ഇവിടെ കൂടുതല്‍. ക്ഷത്രിയര്‍, കോലീസ്, വലന്ദ് എന്നീ ജാതിക്കാര്‍ക്കു പുറമെയാണ് ദലിതര്‍. മറ്റ് ജാതിക്കാരെല്ലാം നല്ല വീടുകളില്‍ താമസിക്കുമ്പോള്‍ ദലിതര്‍ കൂരകളില്‍ കഴിയുന്നതാണ് ഇവിടുത്തെ കാഴ്ച. വൈദ്യുതിയോ കുടിവെള്ള സൗകര്യമോ കക്കൂസോ ഒന്നുമില്ല. നേരും പുലരും മുമ്പേ തൊട്ടടുത്തുള്ള വയലില്‍ മലമൂത്ര വിസര്‍ജ്ജനത്തിനു പോവേണ്ടി വരുന്നതാണ് സ്ത്രീകളടക്കമുള്ളവരുടെ സ്ഥിതി. വീടുകളില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ 11000 രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ പണം നല്‍കിയിട്ടില്ല. തൊട്ടടുത്തുള്ള കമ്പികളിൽ നിന്നും വയറിട്ടാണ് പല വീടുകളിലും വൈദ്യുതി വിളക്ക് കത്തുന്നത്. ഇതിനാവട്ടെ, വൈദ്യുതി മോഷണത്തിന് പിഴയും ചുമത്തും. സര്‍ക്കാരിന്‍റെ ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. രാംജി മന്ദിറിലോ സ്വാമി നാരായണ്‍ ക്ഷേത്രത്തിലോ ദലിതര്‍ക്ക് പ്രവേശനമില്ല. അവരാവട്ടെ അതിക്രമിച്ച് കടക്കാനും ശ്രമിച്ചിട്ടില്ല. വിവാഹം പോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ പുറത്തു നിന്ന് തൊഴുതു പോരികയാണ് പതിവ്. ഇങ്ങനെ, എല്ലാ തരത്തിലുള്ള വിവേചനങ്ങളിലും ജീവിക്കുന്നവരാണ് ഊനയിലെ ദലിതര്‍.

ഡൽഹി-ആഗ്ര ഹൈവേ തടയുന്ന ദലിത് സ്ത്രീകൾ
 

ഗുജറാത്തില്‍ ദലിത് പീഡനം ആദ്യത്തെ സംഭവമല്ല. ജൂലായില്‍ പോര്‍ബന്തര്‍ ജില്ലയില്‍ തര്‍ക്കഭൂമിയില്‍ വിളവിറക്കിയതിന് ഒരു സംഘമാളുകള്‍ രാമ സിംഗ്രക്കിയ എന്നയാളെ തല്ലിക്കൊന്നു. അതിന് ഏതാനും ദിവസം മുമ്പാണ് ഗോണ്ടാല്‍ ജയിലില്‍ സാഗര്‍ റാഥോഡ് എന്ന ദലിതന്‍ ആത്മഹത്യ ചെയ്തത്. ജയിലറുടെ പീഡനമെന്നാണ് കുടുംബത്തിന്‍റെ പരാതി. ജാതി വിവേചനം ഗുജറാത്തില്‍ പരക്കെയുണ്ടെങ്കിലും ഊനയുള്‍പ്പെടുന്ന സൗരാഷ്ട്ര മേഖലയിലാണ് കൂടുതല്‍. ഫ്യൂഡല്‍ ഭൂതകാലം തന്നെയാണ് അതിനു കാരണം. 1956ല്‍ അറുനൂറോളം നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ സംയോജിപ്പിച്ചപ്പോള്‍ അവയില്‍ 188 എണ്ണം സൗരാഷ്ട്രയിലായിരുന്നു. ഇവിടുത്തെ മിക്ക രാജ്പുത് രാജാക്കന്മാരും പുരോഗമപക്ഷക്കാരായിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം പാസാക്കിയ സൗരാഷ്ട്ര ഭൂപരിഷ്‌കരണ നിയമം പ്രദേശത്തിന്‍റെ സാമൂഹ്യഭൂപടം മാറ്റി. ലക്ഷക്കണക്കിന് പാട്ടക്കാര്‍ക്ക് ഭൂമിയില്‍ അധികാരം കിട്ടി. ഭൂരിഭാഗവും പട്ടേല്‍ സമുദായക്കാരായിരുന്നു. അടക്കയും പരുത്തിയുമൊക്കെ കൃഷി ചെയ്തു കാശുണ്ടാക്കി അവര്‍ സ്വാധീനമുള്ള സമുദായമായി വളര്‍ന്നു. ഉദ്യോഗസ്ഥ--രാഷ്ട്രീയരംഗത്തും സ്വാധീനമുറപ്പിച്ചു. അതുകൊണ്ടു തന്നെ ആദിവാസികള്‍ക്കും ദലിതര്‍ക്കുമൊക്കെ അനുവദിച്ച ഭൂമിയുടെ രേഖകളൊന്നും വെളിച്ചം കണ്ടില്ല.

അതിക്രമത്തിനിരയായവരുടെ കുടുംബത്തെ രാഹുൽ സന്ദർശിക്കുന്നു
 

ഗുജറാത്തില്‍ ദലിതര്‍ ജനസംഖ്യയുള്ള 12500 ഗ്രാമങ്ങളുണ്ട്. 1996ല്‍ നടന്ന സർവേയില്‍ വടക്കന്‍ ഗുജറാത്തിലെ 250 ഗ്രാമങ്ങളില്‍ പട്ടികജാതിക്കാര്‍ക്കായി മാറ്റിവെച്ച ആറായിരം ഏക്കര്‍ സ്ഥലം കൈമാറിയിട്ടില്ലെന്ന് നവ്‌സർജന്‍ ട്രസ്റ്റ് കണ്ടെത്തി. സ്ഥലം സവർണര്‍ കൈയേറിയിരുന്നു. ട്രസ്റ്റ് കോടതി കയറിയപ്പോള്‍ മാത്രമാണ് ഭൂമി വിട്ടു കൊടുക്കാനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായത്. 1960ല്‍ ദലിതർക്ക് അനുവദിച്ച രണ്ടു ലക്ഷം ഏക്കര്‍ ബലംപ്രയോഗിച്ച് ഏറ്റെടുക്കേണ്ടി വന്ന ചരിത്രവും സൗരാഷ്ട്രയിലുണ്ട്. 1980ല്‍ കോണ്‍ഗ്രസ് പരീക്ഷിച്ച ഖാം (KHAM - ക്ഷത്രിയ, ഹരിജന്‍സ്, ആദിവാസി, മുസ്ലീം) എന്ന പേരിലുള്ള തിരഞ്ഞെടുപ്പു മുന്നണി ദലിതരെ മുഖ്യധാരയിലെത്തിച്ചു. ആദ്യമായി ഒരു ദലിതന്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുന്നത് അന്നായിരുന്നു. യോഗേന്ദ്ര മക്ക്വാന ആഭ്യന്തരസഹമന്ത്രിയായി. അമര്‍സിന്‍ഹ ചൗധരി എന്ന ആദിവാസി ഗുജറാത്തിലെ മന്ത്രിയുമായി. എന്നാല്‍, മേല്‍ജാതിക്കാരുടെ അതിക്രമം തുടര്‍ന്നു. 1981ലും 1985ലുമൊക്കെ മേല്‍ജാതിക്കാര്‍ നടത്തിയ സംവരണവിരുദ്ധ സമരത്തില്‍ മുന്നൂറിലേറെ ദലിതര്‍ കൊല്ലപ്പെട്ടു. സംവരണത്തിലൂടെ ദലിതരുടെ സാമ്പത്തിക നിലവാരം ഉയര്‍ന്നെങ്കിലും പിന്നീട് പിന്നോട്ടു പോവുന്നതായിരുന്നു ഗുജറാത്തിലെ അനുഭവം. കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട കണക്കനുസരിച്ച് പട്ടികവിഭാഗക്കാര്‍ക്കുള്ള 64,000 തസ്തികയില്‍ നിയമനം നടത്തിയിട്ടില്ല. ഇതു മേല്‍ജാതിക്കാരെ സഹായിക്കാനാണെന്നാണ് ദലിത് നേതാക്കളുടെ ആരോപണം.

ഗുജറാത്തിലെ ജനസംഖ്യയില്‍ ഏഴു ശതമാനമാണ് ദലിതര്‍. ഇവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഒരു നടപടിക്കും സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. സവർണരെയും സമ്പന്നരെയും സഹായിക്കുന്നതു മാത്രമാണ് മോദി മുഖ്യമന്ത്രിയായിരിക്കേ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡല്‍. ജി.ഡി.പി വളര്‍ച്ച നോക്കിയാല്‍ പിന്നാക്ക സംസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന ബീഹാറിന്‍റെ പകുതി മാത്രമാണ് ഗുജറാത്തിലേത്. ജി.ഡി.പിയില്‍ 78 ശതമാനം തുകയും ചെലവഴിക്കുന്നത് ഊർജ-വ്യവസായ മേഖലകളിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നീ മേഖലകളില്‍ രണ്ടു ശതമാനം മാത്രമേ ചെലവഴിക്കുന്നുള്ളൂ. കുട്ടികളില്‍ 47 ശതമാനവും പോഷകാഹാരപ്രശ്‌നം നേരിടുന്നുവെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിപക്ഷവും ദലിതരും പിന്നോക്ക ജാതിക്കാരുമാണ്. വ്യവസായങ്ങള്‍ക്ക് പത്തു രൂപക്ക് ആയിരം ലിറ്റര്‍ വെള്ളം സര്‍ക്കാര്‍ നല്‍കുമ്പോള്‍ കുടിവെള്ള സൗകര്യം തീരെയില്ലാത്ത ഒട്ടേറെ ഗ്രാമങ്ങളുണ്ട് ഗുജറാത്തില്‍. ജാതീയമായ അക്രമങ്ങളില്‍ ഒമ്പത് ദലിതര്‍ കൊല്ലപ്പെട്ടെന്നും 24 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നുമാണ് 2004ലെ കണക്ക്. ഇത് 2014ല്‍ 300 ശതമാനം വര്‍ധിച്ചു. 27 പേര്‍ കൊല്ലപ്പെടുകയും 74 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയുമുണ്ടായി. മോദി മുഖ്യമന്ത്രിയായിരിക്കെ, ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ 2012ല്‍ കമ്മിഷനെ നിയോഗിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് വന്നിട്ടില്ല.

ഇങ്ങനെ, സവർണരും സമ്പന്നരും ഭരണകൂടവും നടത്തുന്ന വേട്ടയുടെ ഇരകളാണ് ദലിതര്‍. കൂട്ടത്തിലൊരാള്‍ മരിച്ചാല്‍ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ അവകാശമില്ല. ഈ വര്‍ഷം വടക്കന്‍ ഗുജറാത്തിലെ 40 ഗ്രാമങ്ങളില്‍ ദലിതര്‍ക്ക് ശ്മശാനം നിർമിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദലിതരെ സഹായിക്കുന്നതിനേക്കാള്‍ ജാതീയമായ അതിര്‍ത്തികള്‍ ലംഘിക്കപ്പെടാതിരിക്കാനാണ് ഈ നടപടി. ചായക്കടകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ ദലിതരെ അനുവദിക്കില്ല. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. ഇങ്ങനെ, ജീവിതത്തിലും മരണത്തിലും പൊതു ഇടങ്ങളെല്ലാം ദലിതര്‍ക്ക് അപ്രാപ്യമാക്കുന്നതാണ് ഗുജറാത്തിലെ അവസ്ഥ.

ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഏഴു പതിറ്റാണ്ടായി. 1947ല്‍ ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രം സ്ഥാപിക്കപ്പെടുമ്പോഴുള്ള ലക്ഷ്യം ഇനിയും നിറവേറിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ ഓരോ മനുഷ്യനും നീതിയും ക്ഷേമവും ഉറപ്പാക്കുന്ന തരത്തില്‍ സാമൂഹ്യ--സാമ്പത്തിക--രാഷ്ട്രീയ സംവിധാനങ്ങളുള്ള പുരോഗമന ജനാധിപത്യ ക്ഷേമരാഷ്ട്രം വാര്‍ത്തെടുക്കാനുള്ള അവസരമായാണ് സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയെ ജവഹര്‍ലാല്‍ നെഹ്‌റു കണ്ടത്. ഒരു തുള്ളി ചോര ചിന്താതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതാണ് ജനാധിപത്യമെന്ന് ഭരണഘടനാശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്കറും വിഭാവനം ചെയ്തു. ഇത് ജലരേഖയായതിന്‍റെ തെളിവാണ് ഇന്നും തുടരുന്ന ദലിത് വേട്ട.

സ്വാതന്ത്ര്യം കിട്ടി ഇതുവരെയും ദലിതന്‍ മനുഷ്യനാണെന്നു പോലും സ്ഥാപിക്കാനായിട്ടില്ല. പുത്തന്‍ സാമ്പത്തികനയത്തിലൂടെ അവര്‍ക്കു പുരോഗതിയുടെ വഴി കൊട്ടിയടച്ചതു കോണ്‍ഗ്രസ്സാണെങ്കില്‍ ചാതുര്‍വര്‍ണ്യചിന്ത ഉയര്‍ത്തി ദൈനംദിനജീവിതം പോലും ഇല്ലാതാക്കുകയാണ് ബി.ജെ.പി. മനുഷ്യനെന്ന മേല്‍വിലാസത്തിനു പകരം വെറും വോട്ടുയന്ത്രങ്ങള്‍ മാത്രമായി ദലിതര്‍ മാറി. സംഘപരിവാര്‍ ഭരിക്കുമ്പോള്‍ രാജ്യമെമ്പാടും ദലിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകുന്നത് യാദൃശ്ചികതയല്ല. പൂർവ ജന്മപാപം കൊണ്ടാണ് ദലിതരായി ജനിക്കുന്നതെന്നതാണ് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം. ഇങ്ങനെ, അബദ്ധധാരണകളും അന്ധവിശ്വാസങ്ങളും കെട്ടുകഥകളും പ്രചരിപ്പിച്ച് ദലിതരെ അക്രമിക്കുന്നു. കൗ ബ്രിഗേഡിന്‍റെ കുറ്റപത്രം മറയാക്കി സവർണ താല്‍പര്യം സംരക്ഷിക്കുകയാണ് സംഘപരിവാര്‍. ഇതിനോടുള്ള കലഹമാണ് ഗുജറാത്തിലെയും യു.പിയിലെയുമൊക്കെ ദലിത് പ്രക്ഷോഭം. നമ്മുടെ സമൂഹം മൊത്തം ഏറ്റെടുക്കേണ്ടതാണ് ഈ സമരം. വിശ്വവിഖ്യാത തത്വചിന്തകന്‍ ബര്‍ട്രന്‍റ് റസല്‍ പറഞ്ഞതു പോലെ മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാനായില്ലെങ്കില്‍ നാമനുഭവിക്കുന്ന സുരക്ഷയ്ക്കും യാതൊരു ഉറപ്പുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.