കോഴിക്കോട്: പഠനത്തിനൊപ്പം പോരാട്ടവുമായി രാഷ്ട്രീയ വിപ്ലവവീഥികളിൽ ഉയർന്നുവന്ന നേതാവായിരുന്നു സീതാറാം യെച്ചൂരി. സി.ബി.എസ്.ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ രാജ്യത്തെ ഒന്നാം റാങ്കുകാരനായ മിടുക്കൻ വിദ്യാർഥി ദേശീയ രാഷ്ട്രീയത്തിലും ഉന്നതിയിൽ തന്നെ നിലയുറപ്പിച്ചു. എല്ലാവർക്കും പ്രിയപ്പെട്ട സഖാവായിരുന്നു യെച്ചൂരി. 34ാം വയസ്സിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് കൈപിടിച്ചുയർത്തിയ ഇ.എം.എസാണ് യുവനേതാവായ യെച്ചൂരിയെ മുഖ്യധാരയിലേക്കുയർത്തിയത്....
കോഴിക്കോട്: പഠനത്തിനൊപ്പം പോരാട്ടവുമായി രാഷ്ട്രീയ വിപ്ലവവീഥികളിൽ ഉയർന്നുവന്ന നേതാവായിരുന്നു സീതാറാം യെച്ചൂരി. സി.ബി.എസ്.ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ രാജ്യത്തെ ഒന്നാം റാങ്കുകാരനായ മിടുക്കൻ വിദ്യാർഥി ദേശീയ രാഷ്ട്രീയത്തിലും ഉന്നതിയിൽ തന്നെ നിലയുറപ്പിച്ചു. എല്ലാവർക്കും പ്രിയപ്പെട്ട സഖാവായിരുന്നു യെച്ചൂരി. 34ാം വയസ്സിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് കൈപിടിച്ചുയർത്തിയ ഇ.എം.എസാണ് യുവനേതാവായ യെച്ചൂരിയെ മുഖ്യധാരയിലേക്കുയർത്തിയത്. ബസവ പുന്നയ്യക്കും ഹർകിഷൻ സിങ് സുർജിത്തിനും യെച്ചൂരിയുടെ രാഷ്ട്രീയ ഭാവിയിൽ സംശയമുണ്ടായിരുന്നില്ല. അഞ്ചു വർഷത്തിനകം 40ാം വയസ്സിൽ പോളിറ്റ് ബ്യൂറോയിലെത്തിയതും സംഘാടക മികവുകൊണ്ടാണ്.
1. ‘Left Hand Drive’: സീതാറാം യെച്ചൂരിയുടെ പുസ്തകം 2. യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം പ്രകടിപ്പിച്ച് ന്യൂഡൽഹിയിൽ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടിയപ്പോൾ
എതിരാളികൾപോലും ആദരിക്കുന്ന സീതാറാമിന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. സി.പി.എം മുഖവാരികയായ പീപ്ൾസ് ഡെമോക്രസിയിൽ എഡിറ്റർ എന്ന നിലയിൽ കാമ്പുള്ള ലേഖനങ്ങൾ യെച്ചൂരിയുടെ തൂലികയിൽനിന്ന് പിറന്നിരുന്നു. സുഹൃത്തുക്കളുമായി ഏറെനേരം രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഹിന്ദി സിനിമയും ഇഷ്ടമായിരുന്നു. അറുപതുകളിലെയും എഴുപതുകളിലെയും ഹിന്ദി പാട്ടുകളും മൊസാർട്ട് അടക്കമുള്ളവരും ഗാനങ്ങളും ഒഴിവു സമയങ്ങളിൽ അദ്ദേഹം ആസ്വദിച്ചു.
ദൃശ്യമാധ്യമ പ്രവർത്തകരുമായി അടുപ്പം കാണിച്ചിരുന്ന സി.പി.എം നേതാവ് പക്ഷേ വാർത്താ ചാനലുകൾ കാണാറുണ്ടായിരുന്നില്ല. പത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പഥ്യം. തമിഴ്നാട്ടിൽ ആന്ധ്ര സ്വദേശികളുടെ മകനായി ജനിച്ച യെച്ചൂരിക്ക് ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗ്ല ഭാഷകൾ സംസാരിക്കാനറിയാമായിരുന്നു. മലയാളത്തിൽ പറഞ്ഞാലും യെച്ചൂരിക്ക് മനസ്സിലാകും. ഹിന്ദു പുരാണങ്ങളിലും അറിവുണ്ടായിരുന്നു. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുമ്പോൾ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളുദ്ധരിച്ച് യെച്ചൂരി തിരിച്ചടിക്കുമായിരുന്നു. തികഞ്ഞ മതേതരനായിരുന്ന ഈ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാൻ ഒരിക്കലും മടികാട്ടിയിരുന്നില്ല. അതേസമയം, മോദി പോലും ആദരിക്കുന്ന നേതാവായി യെച്ചൂരി വളർന്നു.
കോൺഗ്രസിനെ പിണക്കാത്ത സഖാവ്
‘‘സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറിയായ യെച്ചൂരി കോൺഗ്രസിന്റെ കൂടി ജനറൽ സെക്രട്ടറിയാണ്. ചില സമയത്ത് സി.പി.എമ്മിലേക്കാൾ സ്വാധീനം അദ്ദേഹത്തിന് കോൺഗ്രസിലാണ്’’- എന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പകുതി കളിയായും പകുതി കാര്യമായും വിശേഷിപ്പിച്ചത് ഏറക്കുറെ ശരിയായിരുന്നു. 2004ൽ യു.പി.എ കാലത്ത് ശക്തമായ കോൺഗ്രസ് ബന്ധം അവസാന കാലത്ത് വേറെ ലെവലിലായി. രാഹുൽ ഗാന്ധിയുമായി അതിതീവ്രമായ സൗഹൃദം യെച്ചൂരി സൂക്ഷിച്ചിരുന്നു. സി.പി.എമ്മിന്റെ കടുത്ത എതിരാളികളായ കോൺഗ്രസുമായി ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ കൈകോർക്കാൻ യെച്ചൂരിക്ക് താൽപര്യമായിരുന്നു. എഴുപതുകളിൽ ജെ.എൻ.യു കാമ്പസിൽ കോൺഗ്രസ് നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയെ തടഞ്ഞ ആ വിദ്യാർഥി നേതാവ് പിന്നീട് ഇന്ദിരാ കുടുംബവുമായി അടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് ആണവ കരാർ വിഷയത്തിൽ കടുംപിടിത്തം ഒഴിവാക്കണമെന്ന നിലപാടായിരുന്നു യെച്ചൂരിക്ക്. കേരള ഘടകത്തിന്റെ പിന്തുണയോടെ അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ലൈനിനായിരുന്നു മുൻതൂക്കം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന യെച്ചൂരിയുടെ നിർദേശം പാർട്ടി വോട്ടിനിട്ട് തള്ളിയിരുന്നു. പിന്നാലെ, രാജിവെക്കാൻ യെച്ചൂരി സന്നദ്ധത അറിയിക്കുകയും ചെയ്തു. അഞ്ച് വർഷത്തിനുശേഷം രാജസ്ഥാനിൽ ലോക്സഭയിലേക്ക് കോൺഗ്രസുമായുള്ള സഖ്യം യെച്ചൂരിയുടെ നിലപാടുകളുടെ അംഗീകാരമായി.
രാജ്യസഭയിലെ തിളക്കം
2005 മുതൽ 2017 വരെ രണ്ട് തവണയായി രാജ്യസഭയിൽ ചുവപ്പിന്റെ ശബ്ദമായി യെച്ചൂരിയുണ്ടായിരുന്നു. മികച്ച പാർലമെന്റേറിയൻ എന്ന അവാർഡും വാങ്ങിയാണ് യെച്ചൂരി പാർലമെന്ററി അധ്യായം അവസാനിപ്പിച്ചത്. മൂന്നാം തവണയും അവസരം നൽകണമെന്ന് സി.പി.എം ബംഗാൾ ഘടകം ആവശ്യപ്പെട്ടിട്ടും മറ്റ് ചിലർ എതിർത്തതോടെ സി.പി.എം ജനറൽ സെക്രട്ടറിക്ക് കീഴടങ്ങേണ്ടിവന്നു. എഴുതിയും പഠിച്ചും സഭയിൽ വിഷയങ്ങളവതരിപ്പിച്ചിരുന്ന യെച്ചൂരിയെ ഭരണപക്ഷ ബെഞ്ചടക്കം പലപ്പോഴും അഭിനന്ദിച്ചു. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കില്ലെന്ന് പലപ്പോഴും പറയാറുണ്ടായിരുന്ന വിപ്ലവ നായകൻ ഒടുവിൽ വിടപറയുമ്പോൾ ദേശീയതലത്തിൽ അനാഥത്വം പേറുകയാണ് സ്വന്തം പാർട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.