അന്വേഷണം അട്ടിമറിക്കുന്ന ‘ഏമാന്മാർ’

ഭർത്താവ് ദുരൂഹമായി കൊല്ലപ്പെട്ടതറിഞ്ഞ് നെഞ്ച് തകർന്നു നിൽക്കുന്ന വിധവയെ ഇല്ലാത്ത ബന്ധം സമ്മതിക്കാൻ നിർബന്ധിച്ച് ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഈ കള്ളക്കഥക്ക് കൂട്ടുനിന്നില്ലെങ്കിൽ കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുമുയർത്തി

2023 ഏപ്രിൽ 22ന് നാടും വീടുമെല്ലാം പെരുന്നാൾ സന്തോഷത്തിൽ മുഴുകി നിൽക്കുമ്പോഴാണ് മലപ്പുറം എടവണ്ണ ചെമ്പക്കുത്തിലെ അറയിലകത്ത് റിദാൻ ബാസിൽ (27) വെടിയേറ്റു മരിച്ചെന്ന വാർത്ത പരക്കുന്നത്. ആളൊഴിഞ്ഞ മലയിൽനിന്ന് കണ്ടെടുത്ത മൃതദേഹത്തിൽ മൂന്നുതവണ വെടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു.

അന്വേഷണം ഊർജിതമാക്കാൻ പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചു, അന്നത്തെ ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസ് നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് അന്വേഷണം ഏകോപിപ്പിച്ചു, ദിവസങ്ങൾക്കകം റിദാൻ ബാസിലിന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി മുഹമ്മ് ഷാനെ പൊലീസ് അറസ്റ്റുംചെയ്തു. ഒരു വർഷം മുമ്പ് തുടങ്ങിയ വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പ്രതി സമ്മതിച്ചെന്നും ഇയാളുടെ വീട്ടിലെ വിറക്പുരയിൽനിന്ന് തോക്ക് കണ്ടെടുത്തെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടും സമയം പാഴാക്കാതെ അന്വേഷണം നടത്തി ആയുധസഹിതം പ്രതിയെ പൊക്കിയ പൊലീസ് സേനയുടെ മിടുക്കോർത്ത് ജനം കൈയടിച്ചു. പുതിയ പുതിയ സംഭവങ്ങൾ വന്നപ്പോൾ മാധ്യമങ്ങളും ജനങ്ങളും അതിനു പിറകെ​യായി, ഈ കേസ് ഏറക്കുറെ പലരും മറന്നു തുടങ്ങി. എന്നാൽ, ഈ കൊലപാതകത്തിന് പിന്നിൽ ഒരുപാട് അറിയാക്കഥകൾ ഒളിഞ്ഞിരിപ്പുണ്ടെന്നും പൊലീസ് കാണിച്ച അത്യുത്സാഹം യഥാർഥ കുറ്റവാളികളെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമായിരുന്നുവെന്നുമാണ് ബന്ധുക്കൾ നൽകുന്ന സൂചന.

കൊല്ലപ്പെട്ട റിദാന്‍റെ ഭാര്യക്ക് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുമായി രഹസ്യബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ പൊലീസ് പലവിധത്തിലും ശ്രമിച്ചുവെന്നറിയുമ്പോൾ വ്യക്തമാവും എത്രമാത്രം ഹീനമായിരുന്നു ഏമാൻമാരുടെ തിരക്കഥയെന്ന്. ഭർത്താവ് ദുരൂഹമായി കൊല്ലപ്പെട്ടതറിഞ്ഞ് നെഞ്ച് തകർന്നു നിൽക്കുന്ന വിധവയെ ഇല്ലാത്ത ബന്ധം സമ്മതിക്കാൻ നിർബന്ധിച്ച് ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഈ കള്ളക്കഥക്ക് കൂട്ടുനിന്നില്ലെങ്കിൽ കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുമുയർത്തി.

ഒരാൾ മാത്രം വിചാരിച്ചാൽ മലമുകളിൽ വെച്ച് ഇതുപോലുള്ള കൊല നടത്താനാവില്ലെന്നും സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉണ്ടാവാൻ സാധ്യത കൂടുതലാണെന്നുമെല്ലാം ബന്ധുക്കൾ പറഞ്ഞെങ്കിലും ഗുരുതര ആരോപണങ്ങൾക്ക് വിധേയനായ സുജിത് ദാസിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം അത് കേൾക്കാൻ കൂട്ടാക്കിയില്ല.

പൊലീസുദ്യോഗസ്ഥരുടെ അരുതായ്മകളെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഈ കേസിലെ ഉള്ളുകള്ളികൾ ശേഖരിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി.

എ.എസ്‌.ഐ ശ്രീകുമാറിന്റെ ഡയറി എവിടെ?

സാധാരണ ജനങ്ങളോടു മാത്രമല്ല, സേനയിലെ സഹപ്രവർത്തകർക്കെതിരെപ്പോലും കൊടിയ ക്രൂരതയാണ് പല ഏമാൻമാരും ചെയ്തുകൂട്ടുന്നത്. 2021 ജൂൺ 10ന് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പാലനാട്ട് ശ്രീകുമാർ (48) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തില്‍ അന്നത്തെ ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സുജിത് ദാസിന്റെ അനിഷ്ടംമൂലം ശ്രീകുമാറിനെ പലവട്ടം സ്ഥലംമാറ്റി പീഡിപ്പിച്ചതാണ് അദ്ദേഹത്തെ മാനസികമായി തകർത്തതും മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം.

​ശ്രീകുമാറിന്റെ ഭാര്യയും പൊലീസുകാരിയാണ്. ശ്രീകുമാറിന് നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ ഭാര്യക്ക് പകല്‍ ഡ്യൂട്ടി നല്‍കി ഇരുവരെയും ഒരേസമയം വീട്ടിൽ നിൽക്കാൻ അനുവദിക്കാതെ ദ്രോഹിക്കുന്നതിലും മേലാളർ മനോസുഖം കണ്ടെത്തിയിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വ​ഴിവിട്ട നിർദേശങ്ങൾ പലതും അവഗണിക്കാൻ തുടങ്ങിയതാണ് ശ്രീകുമാറിനെ ​ഇത്തരത്തിൽ പീഡിപ്പിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ശ്രീകുമാർ മരിച്ച സമയത്ത് എടവണ്ണ പൊലീസ് എത്തുന്നതിന് മുമ്പേ എസ്.പിയുടെ പ്രത്യേക സംഘമെത്തി ആത്മഹത്യ കുറിപ്പടക്കമുള്ള ഡയറി മാറ്റിയതായി ആരോപണമുണ്ട്.

ശ്രീകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസുകാര്‍ കീറിക്കൊണ്ടുപോയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അങ്ങനെയെങ്കിൽ വ്യക്തമായ തെളിവുനശിപ്പിക്കലാണത്. തിരക്കിട്ട് അപ്രകാരം ചെയ്യണമെങ്കിൽ മരണത്തിന് പിന്നിൽ തീർച്ചയായും ദുരൂഹതകളുണ്ട്. സേനയിലുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ ശ്രീകുമാര്‍ ജീവിതത്തിൽ താൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതിവെക്കുമെന്ന് പറഞ്ഞാണ് മരിക്കുന്നതിന് തലേന്ന് പോയതെന്ന് സുഹൃത്ത് നാസര്‍ വെളിപ്പെടുത്തുന്നു. അന്യസംസ്ഥാനങ്ങളിൽ തിരഞ്ഞുപോയി കേസുകളുടെ തെളിവും തൊണ്ടിമുതലും കണ്ടെടുക്കുന്ന കേരള പൊലീസിന് ഒരു സഹപ്രവർത്തകൻ മരണമൊഴി രേഖപ്പെടുത്തിവെച്ച ആ ഡയറി നാളിതുവരെയായും കണ്ടെത്താൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?

റിദാന്‍റെ ഫോണുകൾ ഇപ്പോഴും പരിധിക്ക് പുറത്ത്

ഒരു ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽപോലും സംഭവവുമായി ബന്ധപ്പെട്ട ഫോണുകൾ പിടിച്ചെടുക്കുന്ന പൊലീസ് പ്രമാദവും ദുരൂഹവുമായ കൊലപാതകക്കേസിലെ ഫോണുകൾ കണ്ടെടുക്കാത്തത് എന്തു കൊണ്ടാണ്?

റിദാന്‍റെ രണ്ട് ഫോണുകൾ ഇതുവരെയും കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. ട്രാക്ക് ചെയ്യാനുള്ള സകല ആധുനിക സൈബർ സംവിധാനങ്ങളുള്ള പൊലീസ് സേനയുടെ ഈ വാദം വിശ്വസനീയമല്ല. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ കൈവശമുണ്ടെന്നതാണ് റിദാൻ കൊല്ലപ്പെടാൻ കാരണമെന്ന് സംശയിക്കുന്നതായും സ്വർണക്കടത്തിൽ പൊലീസ് അധികാരികൾ ഉൾപ്പെടെ ഉന്നതർ ഇടപെടുന്നുവെന്ന വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് റിദാന്റെ ബന്ധുക്കൾ ഉന്നയിക്കുന്ന ആവശ്യം. 

(തുടരും)

Tags:    
News Summary - Sabotaging the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.