സ്വർണക്കടത്തിലെ പൊലീസും കള്ളനും

വിദേശരാജ്യങ്ങളിൽനിന്ന് സ്വർണം നികുതി നൽകാതെ കടത്തി കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് കരിപ്പൂരടക്കമുള്ള വിമാനത്താവളങ്ങളിലൂടെ നടത്തുന്നത്. ഇത്തരത്തിൽ കൊണ്ടുവരുന്ന സ്വർണം പിടിച്ചെടുക്കേണ്ട ഉത്തരവാദിത്തം കസ്റ്റംസ് ഡിപ്പാർട്ട്മെന്റിനാണ്. എന്നാൽ, ഗുരുതര ആരോപണങ്ങൾ നേരിടുന്ന എസ്. സുജിത് ദാസ് മലപ്പുറം എസ്.പിയായി എത്തിയശേഷം കരിപ്പൂരിൽ കസ്റ്റംസിനെ നോക്കുകുത്തിയാക്കി സ്വർണം പിടിക്കൽ ജോലി പൊലീസ് ഏറ്റെടുക്കുകയായിരുന്നു.

സുജിത് ദാസിന്‍റെ കാലത്ത് 124 കേസുകളിലായി 102 കിലോ സ്വർണമാണ് പൊലീസ് പിടികൂടിയത്. 2022ൽ 90 കേസുകളിലായി 74 കിലോയും 2023ൽ 34 കേസുകളിലായി 28 കിലോയും. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യാത്രക്കാരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സാഹസികമായി സ്വർണം പിടിച്ചെന്ന രീതിയിലാണ് കേസ് പൊലീസ് അവതരിപ്പിച്ചിരുന്നത്. 2023 നവംബറിൽ സുജിത് ദാസ് സ്ഥലംമാറി പോയതോടെ കരിപ്പൂരിലെ പൊലീസിന്‍റെ സ്വർണവേട്ട വാർത്തകളും കേൾക്കാതായി.

സ്വർണം കടത്തുന്നത് ബോധ്യമായിട്ടും വിമാനത്താവളത്തിൽവെച്ച് പിടികൂടാതെ പുറത്ത് കാത്തുനിൽക്കുന്ന പൊലീസിന് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ചിലർ വിവരം ചോർത്തി നൽകുകയായിരുന്നു പതിവെന്നാണ് പി.വി. അൻവർ എം.എൽ.എ വാർത്താ സമ്മേളനങ്ങളിലൂടെ ആവർത്തിച്ചത്. പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ യഥാർഥ അളവിനെക്കാൾ എത്രയോ കുറവാണ് പൊലീസ് പരസ്യപ്പെടുത്തിയിരുന്നതെന്നും സിംഹഭാഗവും പൊലീസുദ്യോഗസ്ഥർ കൈവശപ്പെടുത്തുകയായിരുന്നുവെന്നുമുള്ള ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ രാജ്യസുരക്ഷയെതന്നെ അതിഭയാനകമാം വിധത്തിൽ അട്ടിമറിക്കുകയാണ് ഉദ്യോഗസ്ഥരെന്ന് പറയേണ്ടിവരും. എം.എല്‍.എയുടെ ആരോപണത്തില്‍ വ്യക്തത വരുത്തേണ്ട ബാധ്യത സർക്കാറിനും ആഭ്യന്തര വകുപ്പിനുമുണ്ട്.

കള്ളക്കടത്ത് സ്വര്‍ണം ഉരുക്കിയെടുത്ത് അളവ് രേഖപ്പെടുത്താന്‍ മറ്റു വിമാനത്താവളങ്ങളിലെല്ലാം എയര്‍ കസ്റ്റംസ് വ്യത്യസ്തരായ അപ്രൈസര്‍മാരെ ഉപയോഗപ്പെടുത്തുമ്പോള്‍ കരിപ്പൂരിൽ മാത്രം ഈ ജോലി ഒരേ സ്വർണവ്യാപാരിയെയാണ് പൊലീസും കസ്റ്റസുമെല്ലാം ഏൽപിക്കുന്നത്.

കാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം വേർതിരിച്ചെടുക്കാൻ ശരാശരി 5000 രൂപമുതൽ 10000 രൂപവരെ ചെലവാകും. എന്നാൽ, ഇത്തരത്തിൽ ഒരു തുക കൈമാറാൻ പൊലീസിന് പ്രത്യേക ഫണ്ടില്ല. അങ്ങനെയെങ്കിൽ 100 കിലോക്ക് മുകളിൽ പിടിച്ചെടുത്ത സ്വർണ മിശ്രിതം വേർതിരിക്കാൻ പൊലീസ് ഏത് പണമാണ് അനുവദിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

പിടിച്ചെടുക്കുന്ന സ്വർണം വേർതിരിക്കുമ്പോൾ അളവില്‍ കൃത്രിമം നടക്കാൻ സാധ്യതയേറെയാണ്. പൊലീസ് പിടികൂടുമ്പോഴുള്ള സ്വർണവും പിന്നീട് കോടതിയിൽ ഹാജരാക്കുന്ന സ്വർണത്തിന്‍റെ അളവും കൃത്യമായി അന്വേഷിച്ച് പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാവും.

മിശ്രിതങ്ങളില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കുമ്പോള്‍ അളവില്‍ കുറവുണ്ടാകുമെന്നാണ് നിലവിൽ പൊലീസിനും കസ്റ്റംസിനും വേണ്ടി ജോലി ചെയ്യുന്ന സ്വർണവ്യാപാരി പറഞ്ഞത്. എന്നാല്‍, ഒരുതരി സ്വര്‍ണംപോലും നഷ്ടമാകാതെ വേര്‍തിരിച്ചെടുക്കാനുള്ള ശാസ്ത്രീയ രീതികളും സാങ്കേതിക ഉപകരണങ്ങളും നിലവിലുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

Tags:    
News Summary - Gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.