കേരളത്തിന്റെ സ്റ്റാര്‍ട്ടപ് മേഖല സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തുന്നതെന്ന് വ്യക്തമാക്കുന്ന ആഗോള സ്റ്റാര്‍ട്ടപ് ആവാസ വ്യവസ്ഥ റിപ്പോര്‍ട്ട് നാമോരോരുത്തർക്കും അഭിമാനം പകരുന്നതാണ്. ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ് ആവാസ വ്യവസ്ഥയുടെ ശരാശരി മൂല്യവര്‍ധന 46 ശതമാനമാണെന്നിരിക്കെ നമ്മുടേത് 254 ശതമാനമാണെന്ന് മാത്രമല്ല, അഫോര്‍ഡബ്ള്‍ ടാലന്റ് ഇന്റക്സില്‍ ഏഷ്യയിൽ നാലാം സ്ഥാനവും കേരളത്തിനാണ്. സ്റ്റാര്‍ട്ടപ് ജീനോം, ഗ്ലോബല്‍ എൻട്രപ്രണര്‍ഷിപ് നെറ്റ്വര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു നേട്ടം. അയ്യായിരത്തിൽപരം സ്റ്റാർട്ടപ്പുകളുടെ തുടക്കത്തിന് കളമൊരുക്കിയ നമ്മുടെ പ്രവർത്തനങ്ങളെയാണ് ഇത്തരത്തിൽ അംഗീകരിക്കപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിൽനിന്നുള്ള ജെന്‍ റോബോട്ടിക്സാണ്. ആൾത്തുളകൾ വൃത്തിയാക്കുന്നതിനായി ബാൻഡികൂട്ട് റോബോട്ടുകളെ വികസിപ്പിച്ച ജെൻ റോബോട്ടിക്സ് 2018ൽ കേരള സർക്കാറിന്റെ സഹകരണത്തോടെയാണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഈ നേട്ടം നാടിന്റെ അഭിമാനമായാണ് സർക്കാർ കാണുന്നത്.
യുവാക്കൾക്ക് നമ്മുടെ നാട്ടിൽത്തന്നെ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ കഴിവുകൾ കേരളത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുക എന്നീ നയങ്ങളിൽ ഊന്നിയാണ് എൽ.ഡി.എഫ് സർക്കാറിന്റെ പ്രവർത്തനം. ഒരു പുതിയ ആശയത്തെ വിജയകരമായി പ്രവർത്തനപഥത്തിൽ എത്തിക്കുന്നതിന് നിലവിൽ സംരംഭകർക്ക് വേണ്ടത് മതിയായ സാമ്പത്തിക പിന്തുണയാണ്. ഈട് രഹിത വായ്പ നൽകാൻ ബാങ്കുകൾ പലപ്പോഴും തയാറാകില്ല. ഉയർന്ന പലിശ നിരക്കിൽ ലഭിക്കുന്ന വായ്പകൾ പലപ്പോഴും പിച്ചവെക്കുന്ന സ്റ്റാർട്ടപ്പുകളെ ശ്വാസംമുട്ടിച്ച അനുഭവങ്ങളുമുണ്ട്.
ഈ സാഹചര്യത്തിലാണ് കേരള സർക്കാറിനു കീഴിലെ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) ദൗത്യം ഏറ്റെടുത്തത്. സാങ്കേതികവിദ്യാധിഷ്ഠിത ആശയങ്ങളായിരുന്നു നവസംരംഭകരുടെ മൂലധനം. അവർക്ക് എളുപ്പത്തിൽ ധനലഭ്യത ഉറപ്പാക്കുക എന്ന സർക്കാർ നയം കോർപറേഷൻ നടപ്പാക്കി. ഇതിനകം 61 സ്റ്റാർട്ടപ്പുകൾക്ക് 78.52 കോടി രൂപയാണ് കെ.എഫ്.സി വായ്പയായി വിതരണം ചെയ്തത്. ഈടില്ലാതെ 10 കോടി രൂപ വരെ വായ്പയായി സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കാൻ കെ.എഫ്.സിക്ക് നിലവിൽ പദ്ധതിയുണ്ട്. 5.6 ശതമാനമാണ് പലിശനിരക്ക്. മൂന്നു ശതമാനം പലിശ ഭാരം സർക്കാർ ഏറ്റെടുത്ത് സബ്സിഡിയായി നൽകുന്നു.
ജെൻ റോബോട്ടിക്സിന് പുറമെ അണ്ടർ വാട്ടർ ഡ്രോണുകൾ നിർമിക്കുന്ന ഐ റോവ്, സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന അലീബി തുടങ്ങി ദേശീയ, അന്തർദേശീയതലങ്ങളിൽ ശ്രദ്ധ നേടിയ നിരവധി സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് തുടക്കംകുറിക്കാൻ നമുക്ക് സാധിച്ചു. 600ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും അത്രത്തോളംതന്നെ നേരിട്ടല്ലാതെയുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഈ വർഷം 100 സ്റ്റാർട്ടപ്പുകൾക്കെങ്കിലും സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് കോർപറേഷന്റെ ലക്ഷ്യമെന്നാണ് ചുമതലക്കാർ അറിയിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി മാറിക്കഴിഞ്ഞ കെ.എഫ്.സിയുടെ വായ്പ പോർട്ട്ഫോളിയോയിലെ മുഖ്യഘടകങ്ങളിൽ ഒന്നായി സ്റ്റാർട്ടപ് വായ്പയെ മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ.
കെ.എഫ്.സിയെ നിക്ഷേപക സൗഹൃദമാക്കാൻ ഈ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. കടുത്ത സാമ്പത്തിക പ്രയാസം അഭിമുഖീകരിക്കുമ്പോഴും കമ്പനിയുടെ മൂലധന നിക്ഷേപം 50 കോടിയിൽനിന്ന് 300 കോടി രൂപയിലേക്ക് ഉയർത്തി. പണ വിപണിയിൽ ‘എഎ’ എന്ന ഉയർന്ന റേറ്റിങ്ങുള്ള സ്ഥാപനമായി മാറിയത് കെ.എഫ്.സിയുടെ ധന സമാഹരണ പ്രവർത്തനങ്ങൾക്ക് വലിയ സഹായമായി.
ജനസാന്ദ്രതയേറിയ സംസ്ഥാനം എന്ന നിലയിലും പരിസ്ഥിതിയുടെയും ഭൂമിശാസ്ത്രത്തിന്റെയും പരിമിതികൾ മൂലവും മോട്ടോർ മേഖല അടക്കമുള്ള വൻകിട വ്യവസായങ്ങൾ വ്യാപകമായി കേരളത്തിൽ ആരംഭിക്കാനാകില്ലെന്നത് യാഥാർഥ്യമാണ്. എന്നാലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ഉൽപാദന മേഖലയിലടക്കം നിരവധി വ്യവസായങ്ങൾ കേരളത്തിൽ പുതുതായി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷവും സമാധാനവും ഐ.ടി മേഖലയിലെയും മറ്റും നിരവധി കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കുന്നുണ്ട്. നമ്മുടെ ഗ്രാമങ്ങളെപോലും തങ്ങളുടെ പ്രവർത്തന കേന്ദ്രങ്ങളാക്കാൻ ബഹുരാഷ്ട്ര കമ്പനികൾ തയാറാകുന്നുണ്ട്.
കേരളത്തിലെ അനന്ത സാധ്യതകളിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. നവസംരംഭകരെ പ്രോത്സാഹിപ്പിക്കൽ, വ്യവസായങ്ങളെ സംരക്ഷിച്ച് ആധുനികീകരിക്കൽ, പുതിയ സാങ്കേതികവിദ്യകളുടെ ഗുണഫലം ആദ്യംതന്നെ ഉപയോഗപ്പെടുത്തൽ തുടങ്ങി വിജ്ഞാന സമ്പദ്വ്യവസ്ഥയെ ദൃഢീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. പുതിയ തലമുറക്ക് അവരുടെ ആശയങ്ങൾ കേരളത്തിൽതന്നെ നടപ്പാക്കാനാവും വിധമുള്ള സ്റ്റാർട്ടപ് ഇക്കോസിസ്റ്റവും ഇതിനൊപ്പം രൂപപ്പെടുത്തിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും വളർച്ചയും വിജ്ഞാന സമ്പദ്വ്യവസ്ഥക്ക് വലിയ പിന്തുണ ഉറപ്പാക്കാൻ ഉതകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.