മറക്കാനാകുന്നില്ല ആ ദിനം...

പ്രായാധിക്യത്തിലും ഗൗരിയമ്മക്ക് ആദ്യമായി മന്ത്രിയായതിൻെറ ഒാർമകൾക്ക് ഇന്നും ബാല്യം. കേരളത്തിൻെറ രാഷ്ട്രീയ-സാമൂഹിക അവസ്ഥയെ മാറ്റിമറിച്ച തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സർക്കാറിൻെറ ഭാഗമാകാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യം കെ.ആർ. ഗൗരിയമ്മ മറച്ചുവെക്കുന്നില്ല. 98​െൻറ പ്രായവഴിയിലും ആ അംഗീകാരത്തെ പുണ്യം പോലെ മനസ്സിൽ സൂക്ഷിക്കുന്നു. കഷ്ടപ്പാടും ദുരിതവും ഏറെ അനുഭവിച്ചുവന്ന ജനതക്കു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് കടമയായി അന്നത്തെ ഭരണകർത്താക്കൾ കരുതുകയും നിറവേറ്റുകയും ചെയ്തു -ഗൗരിയമ്മ ഒാർത്തെടുത്തു.

ചേർത്തലയിൽ നിന്നാണ് ജയിച്ചത്. ’57ലെ തെരഞ്ഞെടുപ്പ് ആറ് ഘട്ടങ്ങളിലായിട്ടായിരുന്നു. മാർച്ച് അവസാനമാണ് ഫലപ്രഖ്യാപനം നടന്നത്. മന്ത്രിയാകുമെന്നൊന്നും കരുതിയതേയില്ല. വക്കീലാകാൻ പഠിക്കുകയും പിന്നീട് പി. കൃഷ്ണപിള്ളയിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും ചെയ്ത എനിക്ക് കുടുംബപരമായി പ്രസ്ഥാനത്തോട് വളരെ അടുപ്പമായിരുന്നു. ഒട്ടേറെ പ്രയാസം അനുഭവിക്കുന്ന ജനങ്ങളുടെ വേദന അകറ്റുക എന്നത് പ്രതിജ്ഞയായിരുന്നു. കർഷകസംഘം പോലുള്ള സംഘങ്ങളുടെ സാരഥിയായി പ്രവർത്തിച്ചപ്പോൾ ഒട്ടേറെ പ്രയാസങ്ങൾ നേരിൽ കണ്ടു. 1957 ഏപ്രിൽ അഞ്ചിനാണ് ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരമേറ്റത്.

1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഗവർണർ ബി. രാമകൃഷ്ണറാവുവിനു മുമ്പാകെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
 


’59 ജൂലൈ 31വരെ മാത്രമെ ഇതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഇ.എം.എസിൻെറ നേതൃത്വത്തിൽ സി. അച്യുത മേനോൻ, ടി.വി. തോമസ്, കെ.സി. ജോർജ്, കെ.പി. ഗോപാലൻ, ടി.എ. മജീദ്, പി.കെ.  ചാത്തൻ, ജോസഫ് മുണ്ടശ്ശേരി, വി.ആർ. കൃഷ്ണയ്യർ, ഡോ.എ.ആർ. മേനോൻ എന്നിവർ സഹ മന്ത്രിമാരായുണ്ടായിരുന്നു. നിരവധി പ്രക്ഷോഭങ്ങളുെടയും പുന്നപ്ര വയലാർ ഉൾപ്പെടെ സമരങ്ങളുെടയും ശേഷം വന്ന മന്ത്രിസഭക്ക് ജനങ്ങളുടെ പ്രയാസങ്ങളിൽ നിന്ന് മുഖം തിരിക്കാൻ കഴിയുമായിരുന്നില്ല.

താൻ മന്ത്രിയാകുേമ്പാൾ എതാണ്ട് 37 വയസ്സ് ആണെന്നാണ് ഒാർമ. നാട്ടിലൊക്കെ വലിയ ആഘോഷവും സന്തോഷവുമായിരുന്നു. പടക്കം പൊട്ടിച്ചും മധുരം നൽകിയും ജനം സന്തോഷം പങ്കിട്ടു. ടി.വിയുമായുള്ള സ്നേഹബന്ധം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അതിനാൽ ഞങ്ങൾ രണ്ടുപേരും പ്രഥമ മന്ത്രിസഭയിൽ അംഗങ്ങളായത് നാട്ടിൽ മാത്രമല്ല സർക്കാറിലും വലിയ വർത്തമാനത്തിന് വഴിവെച്ചു. ടി.വിക്ക് ഗതാഗതവും തൊഴിലും എനിക്ക് റവന്യൂ, ലാൻഡ് വകുപ്പുകളുമായിരുന്നു.

1957ലെ ആദ്യ ഇടത് മന്ത്രിസഭയിലെ അംഗങ്ങൾ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പം
 


ഇ.എം.എസിനെ നേരേത്ത അറിയാമായിരുന്നു. നല്ല സെക്രട്ടറിമാരുടെ സഹായം ഇ.എം. എസിനുണ്ടായിരുന്നതു കൊണ്ട് പല കാര്യങ്ങളും നന്നായി നടന്നു. മുഖ്യമന്ത്രിയായി വരേണ്ടിയിരുന്നത് അന്ന് ടി.വി. തോമസായിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അംഗീകാരം നേടുകയും ചെയ്ത നേതാവായിരുന്നു. എന്നാൽ, ചില കാരണങ്ങൾ കൊണ്ട് ആ തീരുമാനം പാർട്ടി മാറ്റുകയും പദവി ഇ.എം. എസിനെ തേടിയെത്തുകയുമായിരുന്നു. റവന്യൂ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളായിരുന്നു മനസ്സിൽ നിറയെ.

പാവങ്ങളെ നിഷ്കരുണം പുറന്തള്ളുന്ന ജന്മിത്തത്തിനെതിരായ നിയമങ്ങളായിരുന്നു അന്ന് മനസ്സിൽ. അത് ഏറക്കുെറ നേടാൻ കഴിഞ്ഞുവെന്നത് സംതൃപ്തി നൽകുന്നു. നിരവധി പ്രതിസന്ധികളും അവഗണനകളും ഉണ്ടായിട്ടുണ്ടെങ്കിലും പ്രഥമ മന്ത്രിസഭയിൽ അംഗമായത് ഇന്നും ആവേശം നൽകുന്നു. പല കാര്യങ്ങളും പ്രായക്കൂടുതലിൽ വിട്ടു പോകുന്നുണ്ട്. എങ്കിലും ഒരു ചരിത്ര രേഖയുടെ ഭാഗമായ സംഭവങ്ങൾക്ക് സാക്ഷിയാകാൻ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല -ഗൗരിയമ്മ പറഞ്ഞു നിർത്തി.

Tags:    
News Summary - first kerala government 60 year old today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.