സംസ്ഥാനം സമ്പൂർണമായി അടച്ചിട്ട് ദിവസങ്ങളായി, പുറത്തിറങ്ങാനാവാതെ എല്ലാവരും വീടുകളിലാണ്. പലർക്കും പലതരം പരിഭവങ്ങൾ, അച്ഛനെയും അമ്മയെയും കാണാതെ മക്കൾ, മക്കളെ കാണാനാകാതെ മാതാപിതാക്കൾ, തൊഴിലു പോയവർ, അന്നം മുട്ടിയവർ, ലോകം മുഴുവൻ ഒരേ കാര്യത്തിലെ ചർച്ചകൾ... ഈ സ്തംഭനാവസ്ഥയിലും ഏറെ സജീവമായ ഒരു ഓഫിസുണ്ട്, സെക്രേട്ടറിയറ്റ് അനക്സ് രണ്ടിൽ ഏഴാം നിലയിൽ. അവിടേക്ക് ചെന്നാൽ സാമൂഹിക അകലം പാലിച്ച നിശ്ശബ്ദതയാണെങ്കിലും അകത്ത് തിരക്കാണ്. ഒരാൾ ഒറ്റക്കിരുന്ന് യോഗം ചേരുകയാണ്. എല്ലാം വിഡിയോ കോൺഫറൻസിങ്. തിരക്കൊഴിഞ്ഞ നേരമില്ല. മഹാമാരിയെ തുരത്താനുറച്ച ടീച്ചർ ചൂരലെടുക്കാതെ സൗമ്യമായി നേരിടുകയാണ്. എപ്പോഴും ചിരിച്ച മുഖം, എന്തു ചോദിച്ചാലും കൃത്യമായ മറുപടി, ലോകത്തിെൻറ നാനാദിക്കുകളിൽനിന്നും ഫോൺ കാളുകൾ, ഇടക്ക് മുഖ്യമന്ത്രി വിളിക്കുന്ന ഉന്നത തലയോഗം..
ലോകം ശ്രദ്ധിക്കുന്ന കേരളത്തിെൻറ ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ തിരക്കുകൾക്കിടയിലും സംസാരിച്ചുതുടങ്ങി. സമൂഹത്തിെൻറ ആരോഗ്യത്തിൽ ഉത്കണ്ഠാകുലയായി മന്ത്രിയായി, മറ്റെല്ലാവരെയും ബാധിക്കുന്ന ആശങ്കളും ആകുലതകളുമുള്ള കുടുംബിനിയായി, വ്യക്തിയായി, മാതാവായി ടീച്ചർ വാചാലമായി...
കോവിഡിനെ കേരളം എങ്ങനെയാണ് നേരിട്ടത് ?
മികച്ച അച്ചടക്കത്തോടെ നടത്തിയ ഒരുക്കങ്ങളിലൂടെയാണ് കേരളം കോവിഡിനെ നേരിട്ടത്. പകർച്ചവ്യാധി മരണങ്ങളില്ലാത്ത കേരളം എന്ന മുദ്രാവാക്യവുമായാണ് വകുപ്പ് ഭരണം തുടങ്ങിയത്. ഓരോ പകർച്ചവ്യാധിയിലും നിരവധി പേരാണ് മരിച്ചത്. വസൂരി, ചികുൻഗുനിയ, എച്ച്1 എൻ1... ഇങ്ങനെ നിരവധി വ്യാധികൾ. സർക്കാർ 2017ൽ പ്രവർത്തനം തുടങ്ങുന്ന കാലത്തും എച്ച്1എൻ1ഉം ഡെങ്കിപ്പനിയും ഒക്കെ കാരണം കുറെപ്പേർ മരിച്ചിരുന്നു.
അതു കണ്ടാണ് സർക്കാർ പകർച്ചവ്യാധികളെ തടുക്കണമെന്ന് തീരുമാനിച്ചത്. അതിനായി പരിശീലനങ്ങളും ബോധവത്കരണ പരിപാടികളും ഒക്കെയായി മുന്നോട്ടുപോയി. അതിനിടയിലാണ് അവിചാരിതമായി നിപ വൈറസ് എത്തുന്നത്. ആദ്യം പേടിച്ചു. പക്ഷേ, അതിനെ പിടിച്ചുകെട്ടാനായി. അന്ന് നടത്തിയ പ്രവർത്തനങ്ങൾ മുതൽക്കൂട്ടായി. ചിട്ടയായ പ്രവർത്തനമാണ് അന്ന് നടത്തിയത്. അതിലൂടെ ടീം സജ്ജമായി. ആ ടീമാണ് ഇന്നുമുള്ളത്. ഇത് ടീം വർക്കിെൻറ വിജയമാണ്. വലിയ സാങ്കേതിക സംവിധാനങ്ങളൊന്നുമല്ല. ഈ ചിട്ടതന്നെയാണ് നമ്മുടെ വിദ്യയും വിജയവും.
ഓരോരുത്തർക്കും ദിേനന ഓരോ ഡ്യൂട്ടി ഉണ്ടാവും. അത് നടക്കണം. വൈകുന്നേരം ഒന്നിച്ചിരിക്കും. അതിൽ നല്ല വിലയിരുത്തൽ നടക്കും. പോരായ്മകൾ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടി പിരിയും. തുടർന്ന് എല്ലാ കാര്യങ്ങളും മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് കൈമാറും. അങ്ങനെ ചിട്ടയോടെയുള്ള, ത്യാഗപൂർണമായ പ്രവർത്തനമാണ് നടത്തിയത്.
ആദ്യം നിപ, ഇപ്പോൾ കൊറോണ. വൈറസുകളുടെ സ്വഭാവത്തെക്കുറിച്ച്...
നിപ വൈറസ് രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുമ്പോേഴ മറ്റൊരാളിലേക്ക് പകരുകയുള്ളൂ. അതിെൻറയും ഇൻകുബേഷൻ കാലാവധി 14 ദിവസമായിരുന്നു. എന്നാൽ, കൊറോണ വൈറസ് ഒരു ലക്ഷണവുമില്ലാതെ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പ്രവേശിക്കും. എന്നാൽ, നിപയെപ്പോലെ മരണനിരക്ക് വളരെ കൂടിയ വൈറസ് അല്ല. പക്ഷേ, ധാരാളം ആളുകളിലേക്ക് വേഗം പകരും.
കോവിഡിെൻറ വരവ്
സംസ്ഥാനത്ത് ആദ്യം കോവിഡ് എത്തിയത് ചൈനയിലെ വൂഹാനിൽനിന്ന് വന്നവർ വഴിയായിരുന്നു. അവരെ നമ്മുടെ കൈയിൽ കിട്ടി. അവരിൽനിന്ന് ആരിലേക്കും രോഗംപകരാതെ നോക്കാനായി. ആദ്യതവണ നമ്മൾ വേഗം വിജയച്ചു. പിന്നീട് ലോകത്തിെൻറ നാനാഭാഗത്തുനിന്നും രോഗം എത്തി. നമ്മൾ പിടിവിടാതെ നോക്കാനുറച്ചു. മുഖ്യമന്ത്രി നേതൃത്വം ഏറ്റെടുത്ത് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു. എല്ലാ ദിക്കിലും കണ്ണും കാതും കൂർപ്പിച്ച് കേരളം ഉണർന്നിരുന്നു. ആശുപത്രികളിൽ മരുന്നും ഉപകരണങ്ങളും ഉറപ്പുവരുത്തി. ജനങ്ങൾ ഒറ്റക്കെട്ടായിനിന്നു.
ഏത് വൈറസ് വന്നാലും അതിനെക്കുറിച്ച് ഒരു ഗവേഷകയെപ്പോലെ ടീച്ചർ വാചാലമാകും. അതിന്റെ രഹസ്യം?
ബിരുദത്തിന് എെൻറ ഉപവിഷയം ജീവശാസ്ത്രമായിരുന്നു. ഇതിൽ വൈറസുകളെക്കുറിച്ച് പഠിക്കുന്നുണ്ട്. ആർ.എൻ.എ, ഡി.എൻ.എ എന്നിവയെക്കുറിച്ച് പഠിക്കുന്നുണ്ട്. അതിെൻറ ഘടനയെക്കുറിച്ച് പഠിക്കുന്നുണ്ട്. അതൊരു ഘടകമായി. ഇതൊരു ആർ.എൻ.എ വൈറസാണ്. പഴയ ഓർമ പുതുക്കി, വരുന്ന വൈറസുകളെ എന്താെണന്ന് പഠിക്കും. പിന്നെ ഇൻറർനെറ്റിൽ പരതും. അങ്ങനെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കും. ഇതൊക്കെ മനസ്സിലാക്കാൻ കൗതുകമുള്ള ആളാണ് ഞാൻ. മന്ത്രി ആയിട്ടല്ല, ഒരു ശാസ്ത്ര അധ്യാപിക എന്നനിലയിൽ.
ആ താൽപര്യമാണ് വൈറസിനെക്കുറിച്ച് പറയുന്നതിെൻറ രഹസ്യം. എല്ലാ സാങ്കേതിക കാര്യങ്ങളും അറിയില്ല. സംശയം വരുമ്പോൾ ഡോക്ടർമാരോട് ചോദിക്കും. അതതു വിഷയത്തിലെ വിദഗ്ധരോട് ചോദിക്കും. അങ്ങനെ കൂടുതൽ മനസ്സിലാക്കും. സാനിറ്റൈസർ ഇട്ട് കൈ തുടച്ചിട്ടെന്താണ് കാര്യം, സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാൽ എങ്ങനെ വൈറസ് ഒടുങ്ങും ഇതൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കൗതുകത്തോടെ പഠിക്കും. ആർക്കും പഠിക്കാവുന്നതാണിതൊക്കെ. നമ്മൾ കാര്യങ്ങൾ വ്യക്തതയോടെയേ പുറത്തുപറയാവൂ. അെല്ലങ്കിൽ ആളുകൾ തെറ്റിദ്ധരിക്കും. അങ്ങനെ നമുക്ക് വ്യക്തത വന്നാൽ ഞാൻ അത് പറയും. കൈയും വൈറസും തമ്മിൽ എന്താണ് ബന്ധമെന്ന് എന്നോട് പലരും ചോദിച്ചിരുന്നു. അതിന് ഉത്തരം പറയാൻ ആരോഗ്യമന്ത്രി എന്നനിലയിൽ ഞാൻ ബാധ്യസ്ഥയാണല്ലോ.
അധ്യാപികയായിരുന്നപ്പോൾ എെൻറ പ്രധാന വിഷയം രസതന്ത്രമായിരുന്നു. എനിക്ക് ഊർജതന്ത്രവും വലിയ ഇഷ്ടമാണ്. കുട്ടികൾക്ക് ക്ലാസെടുക്കുമ്പോൾ അത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. രസതന്ത്രത്തിൽ പഠിച്ച തന്മാത്ര വിഭജനവും കൂടിച്ചേരലുകളും കുട്ടികൾക്ക് പകർന്നുകൊടുത്തത് ഓർക്കുന്നു. ശരിക്കും വൈദ്യശാസ്ത്രത്തിന് രസതന്ത്രവുമായി ബന്ധമുണ്ട്. എം.ബി.ബി.എസ് വലിയ ശാഖയാണ്. അതൊക്കെ പഠിച്ചവർക്കേ പറയാൻ പറ്റൂ. പക്ഷേ, അതിെൻറ അടിസ്ഥാനകാര്യം ഇതാണ്. അത് രസതന്ത്രത്തിലുണ്ട്. അതൊക്കെക്കൊണ്ട് ടീച്ചിങ് വലിയ ഇഷ്ടമായിരുന്നു. അന്ന് കുട്ടികൾക്ക് പകർന്നുകൊടുത്തത് ഇന്ന് നല്ല തോതിൽ പ്രയോജനപ്പെടുന്നു.
കുടുംബവും ലോക്ഡൗണിലാണോ?
ഭർത്താവ് ഭാസ്കരൻ മാഷ് രാഷ്ട്രീയപ്രവർത്തകനാണ്. സർക്കാറിന്റെ നിർദേശമനുസരിച്ച് വീട്ടിൽതന്നെ കഴിയുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും ഇങ്ങനെ വീട്ടിൽ നിന്നിട്ടുണ്ടോ എന്നറിയില്ല. ലോക്ഡൗൺ ആയതോടെ വീട്ടിലെ ലൈബ്രറി സജീവമായി. വായന കാര്യക്ഷമമായി. മൂത്തമകൻ ദുബൈയിലാണ്. ആശുപത്രി നിർമാണക്കമ്പനിയുടെ േപ്രാജക്ട് മാനേജരാണ്. ഇലക്ട്രിക്കൽ എൻജിനീയറാണ്. പെട്ടെന്നാണ് അവരുടെ കമ്പനി ഒരു കോവിഡ് ആശുപത്രിയായത്. അതോടെ ആശുപത്രി ക്രമീകരണത്തിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്. കോവിഡ് രോഗികൾ ഉള്ള ആശുപത്രിയാണ് ഇപ്പോൾ അവരുടേത്. മറ്റൊരു മകൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നു. വർക്ക് അറ്റ് ഹോം ആയും ജോലി സ്ഥലത്ത് എത്തിയും അവൻ ജോലിചെയ്യുന്നുണ്ട്.
ഞാനും എല്ലാ ദിവസവും ജോലിചെയ്യുന്നു. യോഗം ചേരുന്നു. എല്ലാ കാര്യത്തിലും സാമൂഹിക അകലം പാലിക്കുന്നു. യോഗങ്ങളെല്ലാം വിഡിയോ കോൺഫറൻസിങ്ങാണ്. വാർത്തസമ്മേളനംപോലും അങ്ങനെ നടത്തുന്നു.
ജനങ്ങളുടെ ആശങ്ക അറിയുന്ന മന്ത്രി മകെൻറ കാര്യത്തിലും ആശങ്കയിലാണല്ലേ?
മകനെ ദിവസവും വിളിക്കും. ഒരു ദിവസം വിളിച്ചപ്പോൾ കോവിഡ് രോഗികൾ ഉള്ള സ്ഥലത്തേക്ക് പോകേണ്ടിവന്നു എന്നുപറഞ്ഞു. ആ കെട്ടിടത്തിൽ പവർ പോയപ്പോൾ പോകേണ്ടിവന്നതാണ്. എല്ലാ സുരക്ഷയും എടുത്തിട്ടാണ് പോകുന്നത് എന്നത് ഉറപ്പുവരുത്തി. എന്നാലും ദിവസവും വിളിച്ച് കാര്യങ്ങൾ അേന്വഷിക്കും.
കോവിഡ് മാത്രമല്ല ശ്രദ്ധ
എല്ലാവരുടെയും ശ്രദ്ധ കോവിഡിൽ നിൽക്കുമ്പോൾ ജീവിത ശൈലീരോഗികളെ പ്രത്യേകം പരിഗണിക്കുന്നു. ഇവർക്ക് ഒന്നും സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയുമുണ്ട്. അർബുദ രോഗികൾ, വൃക്ക, കരൾ ഒക്കെ മാറ്റിെവച്ചവർ.. ഇങ്ങനെ പലതരം രോഗികൾ ഉണ്ട്. ഇവരുടെ ജീവനും പ്രധാനമായിക്കണ്ട് ശ്രദ്ധിക്കുന്നു. ആശാ വർക്കർമാരെ ഉപയോഗപ്പെടുത്തി മരുന്നുകൾ വീട്ടിലെത്തിച്ചുകൊടുക്കുന്നു.
ആദരവെല്ലാം എെൻറ ടീമിനുള്ളത്
അഭിനന്ദനങ്ങൾ ഒരു കുമിളയാണ്. ഇപ്പോൾ ആദരവും ബഹുമാനവുമൊക്കെ ഉണ്ട്. ചെറിയ വീഴ്ച വന്നാൽ, അപ്പോൾതന്നെ എല്ലാവരും തള്ളിപ്പറയും. വീഴ്ചയുടെ നാളുകളിൽ ആളുകളെ തിരിച്ചറിയാനാകും. എന്നെ അഭിനന്ദിക്കുന്നത് അവർക്ക് മനസ്സിൽനിന്ന് വരുന്ന ഒരു ആശ്വാസമാണ്. പിന്നെ എനിക്കല്ല, ഈ അഭിനന്ദനം ലഭിക്കുന്നത്. എെൻറ ടീമിനാണ്. വൈറസിനെതിരായ സുരക്ഷവസ്ത്രമൊക്കെ ധരിച്ച്, വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ളതാണ് എനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളും ആദരവുകളും. അത്രക്ക് വലിയ ത്യാഗമാണ് അവർ ചെയ്യുന്നത്.
ദിവസവും എത്ര ഫോൺകാളുകൾ വരും (മേശപ്പുറത്തുള്ള ഫോൺ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നു)
അതൊന്നും പറയാൻ കഴിയില്ല. ലോകത്തിെൻറ പല ദിക്കിൽനിന്നും ആളുകൾ വിളിക്കും. ചിലത് അറ്റൻഡ് ചെയ്യാനാകാതെ വരും. അപ്പോൾ അവർ മെസേജ് അയക്കും. തിരിച്ചുവിളിക്കും. പലപ്പോഴും നമ്മൾ ചെയ്തുകൊടുക്കേണ്ട ആവശ്യങ്ങൾക്കാണ് വിളിവരുന്നത്.
ഇതുവരെയുള്ള പ്രവർത്തനത്തിൽ തൃപ്തിയുണ്ടോ?
പ്രവർത്തനത്തിൽ തൃപ്തിയുണ്ട്. എന്നാൽ, ഇനിയും കൂടുതൽ ചെയ്യാനുണ്ട് എന്നാണ് കരുതുന്നത്. ആശ്വാസം ആഗ്രഹിക്കുന്നവർക്കെല്ലാം ആശ്വാസം ലഭിക്കണം. എല്ലാ മനസ്സിനും ശരീരത്തിനും ആശ്വാസം ലഭിക്കണം. അതിനുവേണ്ടി ആരോഗ്യവകുപ്പ് മുഴുവൻ സജീവമാണ്. ആരോഗ്യ സെക്രട്ടറി രാജൻ ഗോബ്രഗഡേ വിശ്രമിക്കാറില്ല. എസ്.എം.ഡി രത്തൻ കേൽക്കർ, സാമൂഹികനീതി വകുപ്പിലെ ബിജു പ്രഭാകർ, അനുപമ, ഷീബ ജോർജ് ഇവരെല്ലാം എല്ലാം മറന്ന് പ്രവർത്തിക്കുകയാണ്. പലതിലും ഇടപെടുമ്പോൾ, അതിൽ ഫലം കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. സോന മോൾക്ക് കാഴ്ച തിരിച്ചുകിട്ടിയത്, മലപ്പുറത്തുള്ള ഐഷയുടെ രോഗകാര്യത്തിൽ ഇടപെട്ടപ്പോൾ അവർക്കുണ്ടാകുന്ന ആശ്വാസം കാണുമ്പോൾ.. ഒക്കെ സന്തോഷമാണ്. ഒടുവിൽ കണ്ണിന് അർബുദം ബാധിച്ച ചേർത്തലയിലെ അൻവിതയെ ഹൈദരാബാദിൽ ചികിത്സക്ക് അയക്കാനായത്... അങ്ങനെ നിരവധി അനുഭവങ്ങൾ.
ആരോഗ്യവകുപ്പ് ഒരു കുടുംബമാണ്
ഞാനവരെ വഴക്കുപറയാറുണ്ട്. അവരുടെ പ്രയാസം എന്നോട് പറയാറുണ്ട്. ആർക്കും അവരുടെ അഭിപ്രായം എന്നോടു പറയാം. ആരെയും ഞാൻ മന്ത്രി എന്നനിലയിൽ മാറ്റിനിർത്താറില്ല. മറ്റൊരു വകുപ്പുപോലെയല്ല ആരോഗ്യ വകുപ്പ്. എപ്പോഴും അപകടം പതിയിരിക്കുന്നുണ്ട്. വളരെ ടെൻഷൻപിടിച്ച പണിയാണ്. ഞാൻ കൂടി അവർക്ക് ടെൻഷൻ കൊടുത്താൽ അത് ശരിയാവില്ലല്ലോ.
ഉറക്കം കുറഞ്ഞു
രാത്രി വൈകി കിടന്ന് രാവിലെ ആറിന് എണീക്കലായിരുന്നു ശീലം. ഇപ്പോൾ സാധാരണയിൽനിന്നും രാത്രി വളരെ വൈകുന്നു. അതുകാരണം ഇപ്പോൾ പോകുന്ന വഴിക്ക് ചെറുതായി ഉറക്കം തൂങ്ങാറുണ്ട്. എെൻറ ടീമിനും കുറെ നാളായി തൃപ്തികരമായി ഉറങ്ങാനാകുന്നില്ല. നാലു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അടുത്ത ദിവസത്തെക്കുറിച്ചുള്ള ചിന്തകളിലാണ് ഓരോ ഉറക്കവും.
ആഹാരം മുടക്കാറില്ല, പക്ഷേ, സമയം തെറ്റും
രാവിലെ ആഹാരം കൃത്യസമയത്ത് നടക്കും. പക്ഷേ, പിന്നീടുള്ള ഭക്ഷണത്തിെൻറ സമയം പറയാനാകില്ല. പലപ്പോഴും വൈകും. ചിലപ്പോൾ നേരേത്ത. എന്നാലും കഴിക്കാതിരിക്കാറില്ല. അല്ലേൽ വീണുപോകില്ലേ...
അസുഖത്തെക്കുറിച്ച് ചിന്തിക്കാറില്ല
മന്ത്രിയായ സമയത്ത് പ്രമേഹം വന്നിരുന്നു. അതിന് മരുന്നും കഴിച്ചിരുന്നു. ഇടക്ക് ഫുഡ് പോയിസൻ ഉണ്ടായി. ചികിത്സിച്ചപ്പോൾ അതങ്ങ് മാറി. മന്ത്രി എന്നനിലക്കുള്ള പ്രഷർ ഉണ്ടെങ്കിലും എനിക്ക് രക്തസമ്മർദം അധികമില്ല. പ്രഷർ കുറയാറാണ് പതിവ്. അപ്പോൾ ഉപ്പുവെള്ളമൊക്കെ കുടിച്ച് ശരിയാക്കും. വല്ലാണ്ട് അപകടകരമായ രീതിയിൽ കുറയാറുമില്ല. നിരന്തരം പ്രവർത്തനത്തിലായതിനാൽ അസുഖത്തെക്കുറിച്ച് ചിന്തിക്കാറേയില്ല...
മെയ് ലക്കം മാധ്യമം കുടുംബത്തിൽ പ്രസിദ്ധീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.