Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightViewschevron_right‘ഹിന്ദുക്കളുടെ...

‘ഹിന്ദുക്കളുടെ ന്യൂനപക്ഷ പദവി അടഞ്ഞ അധ്യായം’

text_fields
bookmark_border
george kurian
cancel
കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ്,ക്ഷീര വികസന സഹമന്ത്രിയായി ചുമതലയേറ്റ ​ജോർജ് കുര്യൻ ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം

? പാലായിലെ സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച താങ്കൾ എങ്ങനെയാണ് വിദ്യാർഥി ജീവിതം തൊട്ടേ ബി.ജെ.പി രാഷ്ട്രീയത്തിലേക്ക് എത്തിയത്?

- രാഷ്ട്രീയ ദിശാബോധം ഉണ്ടാകുന്നത് അടിയന്തരാവസ്ഥ കാലത്താണ്. ജെ.പി (ജയപ്രകാശ് നാരായൺ) മൂവ്മെന്റിലൂടെ ഛാത്ര സംഘർഷ വാഹിനിയുടെ ഭാഗമാകുമ്പോൾ സ്കൂളിൽ പത്താം തരത്തിലാണ്. അന്ന് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഇന്ന് കോളജിൽ പഠിക്കുന്ന കുട്ടികളേക്കാൾ രാഷ്ട്രീയ വിദ്യാഭ്യാസം സിദ്ധിച്ചവരായിരുന്നു. 12ഉം 13ഉം വയസ്സിൽ രാഷ്ട്രീയം തുടങ്ങുമായിരുന്നു. എന്റെ രാഷ്ട്രീയം ജെ.പി സ്കൂൾ ഓഫ് തോട്ടിൽ നിന്നായതിനാൽ സ്വാഭാവികമായും ജനതാ പാർട്ടിയിലെത്തി. ജനതാ പാർട്ടി തകർന്നപ്പോൾ ബി.ജെ.പിയിലെത്തി.

? ജനതാ പാർട്ടിയിലെ ആർ.എസ്.എസുകാരും സോഷ്യലിസ്റ്റുകൾക്കുമിടയിലുണ്ടായ ദ്വയാംഗത്വ തർക്കത്തിൽ താങ്കളുടെ നിലപാട് എന്തായിരുന്നു?

ഞങ്ങളുടെ യൂനിറ്റ് പ്രസിഡന്റ് ഒരു ആർ.എസ്.എസുകാരനായിരുന്നു. ഓമനക്കുട്ടൻ. അങ്ങനെ ആർ.എസ്.എസുമായി അടുത്തു. എങ്കിലും ഞാൻ ആർ.എസ്.എസിന്റെ ശാഖയിലൊന്നും പോയിട്ടില്ല. അപ്പോഴാണ് ജനതാ പാർട്ടിയിൽ ദ്വയാംഗത്വ പ്രശ്നം വരുന്നത്. ആർ.എസ്.എസുകാർ ജനതാപാർട്ടിയിൽ പ്രവർത്തിക്കാൻ പാടില്ലെന്നായി. അന്നത്തെ ജനസംഘക്കാരെല്ലാം ആർ.എസ്.എസുകാരായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ ജനതാ പരിവാറിൽ ജനസംഘക്കാരായി ആർ.എസ്.എസുകാർ ഉണ്ടായിരുന്നു. ജനതാ പാർട്ടി ഇടതുപക്ഷത്തായിരുന്നു. ഞങ്ങളും കമ്യൂണിസ്റ്റുകളും ഒരുമിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1980 ഏപ്രിൽ നാലിന് ദ്വയാംഗത്വം പാടില്ലെന്ന് ജനതാ പാർട്ടി പ്രമേയം പാസാക്കി. അന്നൊരു ദുഃഖവെള്ളിയാഴ്ചയായിരുന്നു. ക്രൂശിക്കപ്പെട്ട ദുഃഖവെള്ളിയാഴ്ച ഒറ്റുകൊടുത്തുവെന്ന് അടൽ ബിഹാരി വാജ്പേയി പറയുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഭാരതീയ ജനതാ പാർട്ടി ഉണ്ടാക്കി. അത് ഉയിർത്തെഴുന്നേൽപാണെന്നും അദ്ദേഹം പറയുമായിരുന്നു. സ്ഥാപന ദിവസം തന്നെ ഞാൻ ബി.ജെ.പി അംഗത്വമെടുത്തു. അന്ന് വിദ്യാർഥി മോർച്ചയായിരുന്നു. എ.ബി.വി.പി അല്ലായിരുന്നു. കോട്ടയം ഗവ. കോളജിൽ യൂനിറ്റ് പ്രസിഡന്റായി തുടങ്ങി. പിന്നീട് ജില്ല സെക്രട്ടറി, ജില്ല ജനറൽ സെക്രട്ടറി, ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അതിന് ശേഷം യുവമോർച്ചയിലും ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിങ്ങനെ സ്ഥാനങ്ങൾ. യുവമോർച്ചയിൽ പി.കെ. കൃഷ്ണദാസ് പ്രസിഡന്റും ഞാൻ ​ജനറൽ സെക്രട്ടറിയുമായി. പിന്നീട് അഖിലേന്ത്യാ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. പാർട്ടി ഒ.രാജഗോപാലിന്റെ ഒ.എസ്.ഡിയായി വിട്ടു. അദ്ദേഹമാണ് എന്റെ പരിശീലകൻ. അദ്വാനിയുടെ കേരളത്തിലെ സ്ഥിരം പരിഭാഷകനായി. വാജ്പേയി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗവും പരിഭാഷപ്പെടുത്തി.1999 മുതൽ 2010വരെ ഡൽഹിയിലായിരുന്നു. പിന്നീട് കേരളത്തിലേക്ക് തിരിച്ചുവിളിച്ചു. വക്താവായി. വൈസ് പ്രസിഡന്റായി. അപ്പോഴാണ് ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാനാകുന്നത്.




? രണ്ട് ന്യൂനപക്ഷ സമുദായങ്ങൾ കൂടി ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു സംസ്ഥാനത്തുനിന്നാണ് താങ്കൾ ന്യൂനപക്ഷ സഹമന്ത്രിയായി വരുന്നത്. ന്യൂനപക്ഷ മ​ന്ത്രാലയത്തിൽ എന്തുചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്?

ദേശീയ ന്യൂനപക്ഷ കമീഷൻ ഉപാധ്യക്ഷനായി പ്രവർത്തിച്ച അനുഭവം ന്യൂനപക്ഷ മന്ത്രിയെന്ന നിലയിൽ വലിയ മുതൽക്കുട്ടാണ്. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ പദ്ധതികളെ കുറിച്ചും വ്യക്തമായ അറിവുണ്ട്. അതിനാൽ ജോലി എളുപ്പമാകും.

? ദേശീയ ന്യൂനപക്ഷ കമീഷൻ ഉപാധ്യക്ഷൻ എന്ന നിലയിൽ അനുഭവം എന്താണ്?

ശിപാർശക്ക് മാത്രം അധികാരമുള്ള സ്ഥാപനമായിട്ടാണ് ന്യൂനപക്ഷ കമീഷനെ കണ്ടിരുന്നത്. അത് മാറ്റി കമീഷന്റെ ജുഡീഷ്യൽ അധികാരം വിനിയോഗിച്ചു തുടങ്ങി. മേഘാലയത്തിലെ 230 വർഷം പഴക്കമുള്ള സിഖ് കോളനി ഒഴിപ്പിക്കാൻ മേഘാലയ സർക്കാർ തീരുമാനിച്ചു. പരാതിയുമായി സിഖുകാർ കമീഷന് മുന്നിലെത്തിയപ്പോൾ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഞങ്ങൾ ഉത്തരവിറക്കി. ഇതിനെതിരെ മേഘാലയ സർക്കാർ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെ കമീഷൻ ഉത്തരവ് നടപ്പായി.

പിന്നീട് ഹിന്ദുക്കളെ എട്ടു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിക്കണമെന്ന ആവശ്യം കമീഷന് മുന്നിലെത്തി. ഈ ആവശ്യവുമായി അശ്വിനി കുമാർ ഉപാധ്യായ കൊടുത്ത ഹരജിക്ക് കമീഷൻ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. കമീഷൻ മൗനം പാലിച്ചപ്പോൾ മൂന്ന് മാസത്തിനകം ഈ വിഷയത്തിൽ ഉചിതമായ ഉത്തരവിടാൻ സുപ്രീംകോടതി കമീഷന് അന്ത്യശാസനം നൽകി. കമീഷൻ ഒരു കമ്മിറ്റിയെ വെച്ചു. എന്നെ ആ കമ്മിറ്റിയുടെ ചെയർമാനാക്കി. അതോടെ ഹരജിക്കാരനെ ഹിയറിങ്ങിന് വിളിച്ചു. ഇന്ത്യയിൽ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളെ ന്യൂനപക്ഷമായി കണക്കാക്കാൻ പറ്റില്ലെന്ന് ഞങ്ങൾ ഉത്തരവിറക്കി. കമ്മിറ്റി ചെയർമാനായതിനാൽ ഞാനാണ് റിപ്പോർട്ട് എഴുതിയത്. ആ ഉത്തരവ് സുപ്രീംകോടതി സ്വീകരിച്ചു. ആ വിവാദം അതോടെ അവസാനിച്ചു.




? ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാനുള്ള നിയമയുദ്ധം അതോടെ അവസാനി​ച്ചോ?

അതെ. ആ അധ്യായം അതോടെ അടഞ്ഞു. ഉത്തരവിറക്കും മുമ്പ് ഇക്കാര്യത്തിൽ ഞാനും കമീഷൻ സെക്രട്ടറിയും അന്നത്തെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് നിയമോപദേശം തേടി. ​കൊടു​ക്കരുതെന്ന നിലപാടിലായിരുന്നു ഞങ്ങൾ. എന്നാൽ, ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി കൊടുക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലായിരുന്നു കെ.കെ. വേണുഗോപാൽ. അതോടെ അദ്ദേഹവുമായി തർക്കമായി. അദ്ദേഹം തുഷാർ മേത്തയെ വിളിച്ചു. കെ.​കെ. വേണുഗോപാൽ എ.ജി ആയതിനാൽ അതിനെതിരെ തനിക്ക് ഒന്നും പറയാനില്ലെന്ന് മേത്ത വ്യക്തമാക്കി. അതോടെ കമീഷനും എ.ജിയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടി രേഖപ്പെടു​ത്തി സുപ്രീംകോടതിക്ക് മറുപടി നൽകി. സുപ്രീംകോടതി കമീഷന്റെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തു.

? മണിപ്പൂർ സംഘർഷം വർഗീയമല്ലെന്നും ഗോത്രീയമാണെന്നും കേരളത്തിൽ ആദ്യം പറഞ്ഞത് താങ്കളാണ്. ഇപ്പോൾ മന്ത്രിയായ ശേഷവും അതേ നിലപാട് താങ്കൾ ആവർത്തിച്ചപ്പോൾ നേരത്തെ വർഗീയമാണെന്ന നിലപാട് എടുത്ത ക്രിസ്തീയ സഭകൾ ഇപ്പോൾ ഗോത്രീയ കലാപമാണെന്ന് മാറ്റിപ്പറഞ്ഞിരിക്കുന്നു. താങ്കളുടെ നിലപാടിന് സഭകൾ നൽകുന്ന അംഗീകാരമാണോ ഇത്?

തീർച്ചയായും. 1993ൽ മുതൽ മണിപ്പൂരുമായി എനിക്ക് ബന്ധമുണ്ട്. അവിടെ ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അതിലൊരു മതവുമില്ല. ക്രിസ്ത്യാനികൾ രണ്ട് വിഭാഗത്തിലുമുണ്ട്. മെയ്​തേയികളിൽ കുറവാണെന്നേയുള്ളൂ. കുക്കികളിലാണ് കൂടുതലും. ഇത് ഗോത്രീയ കലാപമാണെന്ന് പറഞ്ഞപ്പോൾ വർഗീയ കലാപമാണെന്നാണ് എല്ലാവരും പറഞ്ഞത്. ഇപ്പോൾ എല്ലാവരും സമ്മതിച്ചു തുടങ്ങിയല്ലോ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:George Kurian
News Summary - Interview with Union minister George Kurian
Next Story