അപമാനിച്ച് ഇറക്കിവിടാനാവില്ല –മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്തെന്നല്ല പൊതുപ്രവര്‍ത്തകനായി ഇരിക്കാന്‍ പോലും തനിക്ക് അര്‍ഹതയില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്നെ അപമാനിച്ച് ഇറക്കിവിടാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അപമാനിതനായും അവഹേളിതനായും  ഇറങ്ങിപ്പോവില്ല. മറിച്ച്, ബ്ളാക്മെയിലിങ്ങിന് വിധേയനാകാതെ, പ്രതിസന്ധികളെ അതിജീവിച്ചും നീതി നടപ്പാക്കിയതിന്‍െറ അഭിമാനബോധത്തോടെയുമായിരിക്കും അത്- നിയമസഭയില്‍ അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ കമീഷന്‍ മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പറഞ്ഞതിനെല്ലാം തെളിവുണ്ടെന്നും സീഡി ഉണ്ടെന്നുമാണ് അവകാശപ്പെടുന്നത്. അത് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു, സത്യം പുറത്തുവരട്ടെ. ഇതുവരെ തന്നെ ബ്ളാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. അതിന് വഴങ്ങില്ല. തെളിവ് കൊടുത്താല്‍ പ്രതിപക്ഷത്തിന്‍െറ പണി എളുപ്പമാവും. ഹാജരാക്കുന്നില്ളെങ്കില്‍ നിയമ നടപടി സ്വീകരിക്കണം. 55 വര്‍ഷമായ തന്‍െറ പൊതുപ്രവര്‍ത്തനം തുറന്ന പുസ്തകമാണ്. അത് എങ്ങനെ പരിശോധിക്കുന്നതിലും വിഷമമില്ല. അതിനാലാണ് ഏതന്വേഷണത്തിനും എതിര്‍പ്പില്ളെന്ന് വ്യക്തമാക്കിയത്.

എറണാകുളം ഗെസ്റ്റ്ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ച രഹസ്യസ്വഭാവമുള്ളതാണെന്ന മുന്‍നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. മാന്യതയുടെ പേരില്‍ അത് വെളിപ്പെടുത്തില്ല. എന്നാല്‍ അന്ന്  ബിജുവിനൊപ്പം ഉണ്ടായിരുന്നയാള്‍ കമീഷന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷത്തിന് അത് പരിശോധിക്കാം. താന്‍ ഈശ്വരവിശ്വാസിയാണ്. ശരി ചെയ്താല്‍ അംഗീകാരവും  തെറ്റ് ചെയ്താല്‍ ശിക്ഷയും കിട്ടും. ബിജുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാതൃഭൂമി ജീവനക്കാരനായ ശിവദാസന്‍ ഉള്‍പ്പെട്ടത് അതിനാലാണ്. അന്ന് ഈ ബിജു ഡോ. ആര്‍.ബി. നായര്‍ ആണ്. ഒരു കമ്പനി എം.ഡി ക്ക് കൂടിക്കാഴ്ചക്ക് സമയം നല്‍കണമെന്ന് എം.ഐ. ഷാനവാസ് എം.പി ആവശ്യപ്പെട്ടതനുസരിച്ചാണ് അവസരം നല്‍കിയത്.  തന്നോട് അടുപ്പമുണ്ടായിരുന്നെങ്കില്‍ ഷാനവാസ് വഴി ബിജു അവസരം തേടുമായിരുന്നോ?

സോളാര്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തട്ടിപ്പിന് തന്‍െറ ലെറ്റര്‍പാഡ് ഉപയോഗിച്ചെന്നായിരുന്നു കൂടുതല്‍ ആക്ഷേപം. അത് വ്യാജമായി ഉണ്ടാക്കിയെടുത്തതാണെന്ന്  കണ്ടത്തെി  ബിജുവിനെ അറസ്റ്റ് ചെയ്തു. തന്‍െറ ഓഫിസുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന് ആരോപിക്കുന്ന ബിജുവിന് തന്‍െറ ലെറ്റര്‍പാഡ് കിട്ടാന്‍പോലും സ്വാധീനം ഇല്ലായിരുന്നു. ഭാര്യയെ കൊന്നതിന് ശിക്ഷ വാങ്ങിക്കൊടുത്ത് ബിജുവിനെ ജയിലില്‍ അടയ്ക്കാനായതില്‍  അഭിമാനമുണ്ട്. ജയിലിലാക്കിയതാണ് തന്നോടുള്ള എതിര്‍പ്പിന് കാരണം. അതിന്‍െറ പേരില്‍ ഇതുപോലെ വില കൊടുക്കേണ്ടി വന്നതില്‍ വിഷമവുമില്ല. സോളാര്‍ കേസിനെ തുടര്‍ന്ന് ഒളിവില്‍പോയ ബിജു, സരിതാ നായരെ അറസ്റ്റ്ചെയ്ത ജൂണ്‍ മൂന്നിനും അയാള്‍ അറസ്റ്റിലായ ജൂണ്‍ 16നും ഇടയ്ക്ക് തിരുവനന്തപുരത്ത് തന്നെ സന്ദര്‍ശിച്ചെന്നാണ് പറയുന്നത്. അവിടെയും തനിക്ക് അനുകൂലമായി സാഹചര്യത്തെളിവ് കിട്ടി. അദ്ദേഹത്തിന്‍െറ ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ അക്കാലയളവിലൊന്നും കേരളത്തിലേ ആയിരുന്നില്ല.

ബിജു രാധാകൃഷ്ണന്‍െറ  വെളിപ്പെടുത്തലില്‍ പലരുടെയും പേരുകള്‍ പറഞ്ഞിട്ടുണ്ട്. അവരൊക്കെ നിരപരാധികളാണ്. ഇവരാരും ഒരു കുറ്റവും ചെയ്തിട്ടില്ല. ഒരു കൊലക്കേസ് പ്രതി രക്ഷപ്പെടാന്‍ കൈയും കാലുമിട്ടടിക്കുമ്പോള്‍ ഇവിടെ നീതിയുടെ കരങ്ങള്‍ ശക്തമായി നില്‍ക്കുന്നു. ആക്ഷേപങ്ങള്‍ വേദനജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.