ന്യൂഡൽഹി: ഉത്തർപ്രദേശിൽ നേരിട്ട തിരിച്ചടിയിൽ നേതാക്കൾ കൊമ്പുകോർക്കുന്നതിനിടെ, സർക്കാറിന് രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്ന റിപ്പോർട്ടിൽ യോഗി സർക്കാറിന് കടുത്ത വിമർശനങ്ങളാണുള്ളത്. 40,000 പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോർട്ട് യു.പി ബി.ജെ.പി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്.
അയോധ്യയിലും അമേതിയിലും പ്രത്യേക കൂടിക്കാഴ്ച നടത്തിയും 40,000 പേരുടെ അഭിപ്രായങ്ങൾ ശേഖരിച്ചുമാണ് 15 പേജുള്ള റിപ്പോർട്ട് തയാറാക്കിയതെന്നാണ് അവകാശപ്പെടുന്നത്. പ്രവർത്തകരിൽ അസംതൃപ്തിയും വിയോജിപ്പും രൂക്ഷമാണെന്ന് റിപ്പോർട്ട് പറയുന്നു. സർക്കാറിന്റെ ഏകാധിപത്യമനോഭാവം, പ്രവർത്തകരിലെ അതൃപ്തി, തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകൾ എന്നിങ്ങനെ തിരിച്ചടിയുണ്ടാക്കിയ ആറുകാരണങ്ങൾ അക്കമിട്ടുനിരത്തുന്നതാണ് റിപ്പോർട്ട്.
ബി.ജെ.പി വോട്ടുവിഹിതത്തിൽ ഇക്കുറി എട്ടുശതമാനത്തിന്റെ കുറവുണ്ടായി. സംവരണത്തിനെതിരായി പാർട്ടി നേതാക്കളിൽ ചിലരുടെ പ്രസ്താവന വോട്ടുചോർത്തി. മൂന്നിലൊന്ന് ദലിത് വോട്ടുകൾ മാത്രമാണ് ഇത്തവണ ബി.ജെ.പിക്ക് നേടാനായത്. കുർമി, മൗര്യ സമുദായങ്ങളുടെ പിന്തുണ കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. ബഹുജൻ സമാജ്വാദി പാർട്ടിയുടെ വോട്ടുവിഹിതം 10 ശതമാനത്തോളം കുറഞ്ഞെങ്കിലും പലയിടങ്ങളിലും കോൺഗ്രസ് കരുത്തരായി. പ്രചാരണത്തിന്റെ തുടക്കത്തിൽ പ്രവർത്തകരിലുണ്ടായ ആവേശം അവസാനഘട്ടങ്ങളിലേക്കെത്തിയപ്പോൾ കുറഞ്ഞതും വിനയായി.
പെൻഷൻ അടക്കമുള്ള വിഷയങ്ങളിൽ മുതിർന്ന പൗരന്മാർക്ക് അതൃപ്തിയുണ്ടായപ്പോൾ അഗ്നിവീറും ചോദ്യചോർച്ച വിവാദങ്ങളും യുവാക്കളെ പാർട്ടിയിൽ നിന്നകറ്റി. സംസ്ഥാന നേതൃത്വത്തിലുള്ള ഭിന്നത പരിഹരിച്ച് താഴേത്തട്ടുമുതൽ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. പാർട്ടി നിർദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാൻ സംസ്ഥാന നേതൃത്വം തയാറാവണം. വ്യാഴാഴ്ച കേന്ദ്ര നേതാക്കളെ കണ്ടശേഷമാണ് ഭൂപേന്ദ്ര ചൗധരി റിപ്പോർട്ട് സമർപ്പിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ, യു.പിയിൽ യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി മൗര്യയും തമ്മിൽ ഭിന്നതയും അധികാര വടംവലിയും രൂക്ഷമായിരിക്കുകയാണ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി മൗര്യ ഡൽഹിയിൽ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. യു.പി ബി.ജെ.പി അധ്യക്ഷൻ ഭൂപേന്ദർ ചൗധരി മോദിയെയും നഡ്ഡയെയും കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.