പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു തുടങ്ങിയവർ സർവകക്ഷിയോഗത്തിനുശേഷം പുറത്തേക്കുവരുന്നു

തീർഥാടന പാതകളെ കലാപത്തിന്റെ വഴിത്താരകളാക്കരുത്

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളന​ത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ കാവടി യാത്രാ വഴികളിലെ പേരു പ്രദർശനത്തിനുള്ള വിവാദ ഉത്തരവ് പിൻവലിപ്പിക്കണമെന്ന് കേരളത്തിൽ നിന്നുള്ള വിവിധ കക്ഷി നേതാക്കൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പി സർക്കാറുകളുടെ ഭരണഘടനാ വിരുദ്ധമായ ഈ ഉത്തരവിന് പുറമെ വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊലയും മണിപ്പൂരും പാർലമെന്റ് നടത്തിപ്പിലെ അപാകതകളും യോഗത്തിൽ ഉന്നയിച്ചു.

ജോൺ ബ്രിട്ടാസ്

(സി.പി.എം രാജ്യസഭ ഉപനേതാവ്)

തീർഥാടന പാതകളെ കലാപത്തിന്റെ വഴിത്താരകളാക്കരുതെന്ന് കാവടി യാത്രാ വഴികളിലെ വ്യാപാരസ്ഥാപനങ്ങളിൽ പേരു പ്രദർശിപ്പിക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത സി.പി.എം രാജ്യസഭാ ഉപനേതാവ് ജോൺ ബ്രിട്ടാസ് കേ​ന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു. നാളെ രാജ്യത്തെ മറ്റു തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രകളിലും ഇതേ നിർദേശം ആവർത്തിച്ചാൽ രാജ്യം എത്തിപ്പെടുന്ന സാഹചര്യം എന്തായിരിക്കുമെന്ന് ബ്രിട്ടാസ് ചോദിച്ചു. ഇത് രാജ്യത്ത് വർഗീയ ധ്രുവീകരണവും വിഭജനവും സൃഷ്ടിക്കും. യോഗത്തിൽ അധ്യക്ഷനായിരുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോട് അടുത്തിരിക്കുന്ന തമിഴ്നാട്ടുകാരനായ കേന്ദ്ര മന്ത്രി എൽ. മുരുഗനോട് ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാർ വരുന്ന ശബരിമലയിലേക്കുള്ള വഴികളിൽ ഇതുപോലെ ബോർഡ് വെക്കാൻ പറഞ്ഞാലുള്ള സാഹചര്യം ചോദിച്ചറിയാൻ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പോയിരുന്നുവെങ്കിൽ കലാപം തുടരുമായിരുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

ഇ.ടി. മുഹമ്മദ് ബശീർ

(മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ്)

വിവിധ മതവിഭാഗങ്ങൾ നടത്തുന്ന യാത്രകളെ പുഷ്പവർഷം നടത്തിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഇതര മതസ്ഥർ സ്വീകരിച്ചുവരുന്നതാണ് രാജ്യത്ത് നിലവിലുള്ള രീതി. ഇതിനു വിരുദ്ധമായുള്ള കാവടി യാത്രയിലെ നിർദേശം ഒരു പ്രത്യേക മത വിഭാഗത്തെ തിരിച്ചറിഞ്ഞ് ദ്രോഹിക്കാനും ആക്രമണത്തിന് വഴിയൊരുക്കാനുമുള്ളതാണ്. ഇതിൽ ഇടപെടാതെ മൂകസാക്ഷിയായി കേന്ദ്ര സർക്കാർ നോക്കിനിൽക്കുന്നത് തെറ്റിനുള്ള അംഗീകാരമാണെന്ന് ബശീർ കുറ്റപ്പെടുത്തി.

ജൂൺ മാസത്തിൽ മാത്രം ഇന്ത്യയിൽ ആറ് ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ഇവ തടയാൻ നിയമ നിർമാണം നടത്തണമെന്നും ഇത്തരം കേസുകൾ അതിവേഗ കോടതികളിൽ വിചാരണ ചെയ്യണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമുള്ള സുപ്രീംകോടതി നിർദേശം പാലിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. പാർലമെന്റ് സ​മ്മേളനത്തിന്റെ അജണ്ട അതത് ദിവസങ്ങളിൽ പോലും നൽകാത്തത് അ​നാരോഗ്യകരമായ പ്രവണതയാണെന്നും സമ്മേളന ദിവസങ്ങളുടെ എണ്ണം കൂട്ടണമെന്നും ബശീർ പറഞ്ഞു.

സന്തോഷ് കുമാർ

(സി.പി.ഐ രാജ്യസഭ നേതാവ്)

തെരഞ്ഞെടുപ്പിലേറ്റ തോൽവി ദഹിക്കാതെ മതപരമായ ഭിന്നിപ്പിന് ഇന്ധനം നൽകാൻ നോക്കുകയാണ് ബി.ജെ.പിയെന്ന് സന്തോഷ് കുമാർ കുറ്റപ്പെടുത്തി. സ്വന്തം സർക്കാറിന്റെ ഭരണ പരാജയം, രൂക്ഷമായ തൊഴിലില്ലായ്മ, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം എന്നിവ മറച്ചുവെക്കാൻ കാവടി യാത്രയെ നഗ്നമായ വർഗീയതക്ക് ഉപയോഗിക്കുകയാണ് ബി.ജെ.പി. കേരളത്തിന് 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ബി.എസ്.എൽ 3 അഥവാ ബയോ സേഫ്റ്റി ലെവൽ 3 പദവിയും ഉടനെ നൽകണം. നീറ്റ് റദ്ദാക്കണമെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വികേന്ദ്രീകൃത പരീക്ഷ സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.കെ. പ്രേമചന്ദ്രൻ

(ആർ.എസ്.പി കക്ഷി നേതാവ്)

കാവടി യാത്രാവഴികളിലെ പേരു പ്രദർശന ഉത്തരവ് ഉത്തർപ്രദേശ് സർക്കാറിനെക്കൊണ്ട് പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. നിരന്തരം നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ തടയണം. ഉന്നത പദവികളിലിരിക്കുന്നവരുടെ നിരുത്തരവാദപരമായ പ്രസ്താവനകൾ ധ്രുവീകരണം സൃഷ്ടിക്കുന്നുണ്ടെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. 

Tags:    
News Summary - Voice of Kerala in all-party meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.