ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഉത്തർപ്രദേശ് ബി.ജെ.പിയിൽ ഉടലെടുത്ത പടലപ്പിണക്കം പൊട്ടിത്തെറിയിലേക്ക്. ഭരണതലത്തിൽ അഴിമതിയും സ്വേച്ഛാധിപത്യവും ആരോപിച്ച് സഹമന്ത്രി സോനം കിന്നർ രാജി സമർപ്പിച്ചതോടെ പ്രതിസന്ധി കൂടുതൽ തലങ്ങളിലേക്ക് നീളുകയാണ്. ഭരണതലത്തിൽ പ്രതിസന്ധി രൂക്ഷമാണെന്ന് ആവർത്തിക്കുന്നതാണ് സോനത്തിന്റെ രാജിക്കത്ത്. അനധികൃത ഫണ്ടുപിരിവടക്കമുള്ള ക്രമക്കേടുകളിലാണ് ഉദ്യോഗസ്ഥർക്ക് താൽപര്യമെന്നും സാധാരണക്കാരെയോ പാർട്ടിയെയോ കേൾക്കാൻ ആരും തയാറാവുന്നില്ലെന്നും സോനം ആരോപിക്കുന്നു. ഉത്തർപ്രദേശ് ട്രാൻസ്ജെൻഡർ ക്ഷേമബോർഡിന്റെ ഉപാധ്യക്ഷയാണ് ട്രാൻസ്ജെൻഡറായ കിന്നർ സോനം ചിസ്തി എന്ന സോനം കിന്നർ.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് മൗര്യയും തമ്മിൽ വലിയ അഭിപ്രായ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്നാണ് മൗര്യയടക്കമുള്ളവരുടെ വാദം. ഇതിനിടെ യോഗി സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി കഴിഞ്ഞദിവസം കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചിരുന്നു. വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതിനൊപ്പം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
സർക്കാറിനെതിരെ കെടുകാര്യസ്ഥത ആരോപിച്ച് ഒരു മന്ത്രിതന്നെ രംഗത്തുവന്നതോടെ നിലവിൽ നടക്കുന്ന അനുനയ നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിലായി. പാളയത്തിലെ പട കണ്ടുനിൽക്കാൻ മാത്രമാണ് കേന്ദ്രനേതൃത്വത്തിനാവുന്നതെന്ന ആക്ഷേപം ഇതിനകംതന്നെ സംസ്ഥാന ഘടകത്തിൽ ശക്തമാണ്. മൗര്യയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന കരുനീക്കങ്ങളെ ബലപ്പെടുത്തുന്ന നീക്കങ്ങളാണ് സോനത്തിന്റെ രാജിയിലൂടെ വെളിവാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നേരത്തേയും ഭരണതലത്തിൽ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾക്കെതിരെ വിമർശനമുന്നയിച്ചിട്ടുള്ള ആളാണ് സോനം കിന്നർ. കാവഡ് യാത്രയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകളുടേത് ‘താലിബാനി’ ഉത്തരവുകളാണെന്ന് സോനം കഴിഞ്ഞ ദിവസം ടൈംസ് നൗവിനോട് പ്രതികരിച്ചിരുന്നു.
ഉത്തരവുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അവർ സർക്കാർ ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. യോഗി ആദിത്യനാഥിന്റെ ബുൾഡോസർ പ്രയോഗങ്ങളെ വിമർശിക്കുന്ന സോനത്തിന്റെ നിലപാട് വാർത്തയായിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിന് സാമൂഹികനീതി ഉറപ്പാക്കുന്ന അവർ സമാജ്വാദി പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീട് ബി.ജെ.പിയിൽ ചേർന്ന സോനം കിന്നർ അതിനുശേഷം അഖിലേഷ് യാദവിന്റെ കടുത്ത വിമർശകയായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.