അഴിമതിയും കോഴയും ആയുധമാക്കാൻ എൽ.ഡി.എഫ്

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പുഫലവും കെ.എം. മാണിയുടെ രാജിയും നൽകിയ മുൻതൂക്കത്തിന് പിന്നാലെ സോളാർ കുംഭകോണത്തിലെ പുതിയ വെളിപ്പെടുത്തലിൽ നേട്ടംകൊയ്യാൻ എൽ.ഡി.എഫ്. അതേസമയം, കരുതലോടെയും അവധാനതയോടെയുമാകും പ്രതിപക്ഷനീക്കം.
രാഷ്ട്രീയആരോപണങ്ങൾ ഉന്നയിക്കുമ്പോഴും പുതിയ വെളിപ്പെടുത്തലിെൻറ ഭാഗമായി ചർച്ച ചെയ്യുന്ന വ്യക്തിപരമായ വിഷയങ്ങളിൽനിന്ന് അകലംപാലിക്കാനാണ് നേതൃത്വത്തിൽ ധാരണ.

സോളാർ കമീഷൻ മുമ്പാകെ ബിജു രാധാകൃഷ്ണൻ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളാവും ആയുധമാക്കുക. ഒപ്പം ബാർകോഴയിൽ മന്ത്രി കെ. ബാബുവിനെതിരായ 10 കോടിയുടെ കോഴ ആരോപണവും ഉന്നയിക്കും. അതേസമയം, മുഖ്യമന്ത്രിക്കെതിരായ ബിജു രാധാകൃഷ്ണെൻറ സീഡി വെളിപ്പെടുത്തൽ ഏറ്റെടുക്കില്ല.

സർക്കാറിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായി ഉയരുന്ന കോഴയുടെയും കുംഭകോണത്തിെൻറയും പട്ടിക എടുത്തുപറഞ്ഞാവും നിയമസഭയിലും പുറത്തും പോരാട്ടം. സോളാർ വിഷയത്തിൽ മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി നൽകിയെന്നും കമ്പനിയുടെ പാർട്ണർഷിപ് 40:60 അനുപാതത്തിൽ ആക്കണമെന്ന് അദ്ദേഹം നിർദേശിച്ചെന്നുമുള്ള ബിജുവിെൻറ വെളിപ്പെടുത്തലും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നതാണെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്.
തങ്ങൾ മുമ്പുന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ്  പുതിയ വെളിപ്പെടുത്തലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കൊലക്കേസ്പ്രതിയുടെയും ബാർമുതലാളിയുടെയും ആരോപണം ഏറ്റെടുക്കുന്ന പ്രതിപക്ഷത്തിെൻറ വാദങ്ങൾ പൊതുസമൂഹം വിശ്വാസ്യത്തിലെടുക്കില്ലെന്ന ഭരണപക്ഷ നിലപാട് നിലനിൽക്കില്ലെന്നും കെ.എം. മാണിക്കെതിരെ ആരോപണം ഉന്നയിച്ചതും കോഴ നൽകിയവർ തന്നെയാണെന്നും ഒടുവിൽ കോടതി പരാമർശത്തിൽ എത്തിച്ചത് ഇതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അഴിമതിയുടെ കൂട്ടുകച്ചവടത്തിൽ പങ്കാളിയായിരുന്നവരും കോഴ നൽകിയവരും അത് വിളിച്ചുപറയുമ്പോൾ ഇതുസംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടാതെ സംരക്ഷിക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്.

മാണിയുടെ രാജിയോടെ യു.ഡി.എഫിനുണ്ടായ വിശ്വാസ്യതാതകർച്ച മുതലെടുക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിൽ അത് ഗുണംചെയ്യുമെന്നും കണക്ക്കൂട്ടുന്നു. അതിനാലാണ് മുഖ്യമന്ത്രിയുടെയും കെ. ബാബുവിെൻറയും രാജി ആവശ്യപ്പെട്ട് തുടർപ്രക്ഷോഭത്തിലേക്ക് തിരിയുന്നതും. 11നാണ് എൽ.ഡി.എഫിെൻറ സെക്രട്ടേറിയറ്റ് മാർച്ച്. എട്ടിന് ശേഷം നിയമസഭ ചേരുന്നത് 14നാണ്. സഭാസമ്മേളനം ഇല്ലാത്തദിവസം മാർച്ചിന് തെരഞ്ഞെടുത്തത് നിയമസഭക്കുപുറത്ത് വിഷയം ആളിക്കത്തിക്കുക ലക്ഷ്യമിട്ടാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.