ജാഥ നയിക്കുന്നയാള്‍ മുഖ്യമന്ത്രിയാകണമെന്നില്ല –കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സി.പി.എമ്മിന്‍െറ ജാഥ പിണറായി വിജയന്‍ നയിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന സന്ദേശം നല്‍കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രി ആയാല്‍ എത്ര മുഖ്യമന്ത്രിമാര്‍ എല്‍.ഡി.എഫിനുണ്ടാകുമായിരുന്നെന്നും അദ്ദേഹം  ചോദ്യത്തിന് മറുപടി നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതില്‍ വി.എസ്. അച്യുതാനന്ദന് അയോഗ്യത കണ്ടെത്തേണ്ട കാര്യമില്ല.  തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനായിരുന്നു പ്രചാരണ ചുമതല. വി.എസിന്റെ നേതൃത്വം കൊണ്ട് നേട്ടമുണ്ടായെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. എല്‍.ഡി.എഫ് പ്രചാരണം ഒറ്റക്കെട്ടായി നടത്തും. പിണറായി വിജയൻ സി.പി.എം ജാഥ നയിക്കുന്നത് അവരുടെ ആഭ്യന്തരകാര്യമാണ്. ജാഥ നയിക്കുന്നയാള്‍ മുഖ്യമന്ത്രി ആകണമെന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കിയ ചരിത്രം എല്‍.ഡി.എഫിനുണ്ട്. കേരള രാഷ്ട്രീയം വ്യക്തികേന്ദ്രീകൃതമല്ല. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ സി.പി.ഐയുടെ മാനദണ്ഡം പ്രവര്‍ത്തനക്ഷമതയാണ്; വയസ്സല്ല. വയസ്സ് കുറഞ്ഞവര്‍ക്ക് ചിലപ്പോള്‍ പ്രവര്‍ത്തനക്ഷമത കുറയാം. എന്നാല്‍ വയസ്സായവര്‍ നന്നായി പ്രവര്‍ത്തിച്ചേക്കാമെന്നും കാനം പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ വി.എസ്. അച്യുതാനന്ദൻ തന്നെ നയിക്കണമെന്ന് കാനം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.