വിധിക്കുമേൽ വിധി; കാലുറക്കാതെ യു.ഡി.എഫ്

തിരുവനന്തപുരം: 48 മണിക്കൂർ ഇടവേളയിൽ ജനവിധിക്ക് പിന്നാലെ  കോടതിവിധിയും വന്നതോടെ ഇനിയൊന്നും പറയാനില്ലാതെ മുഖ്യമന്ത്രിയും യു.ഡി.എഫും. എന്നാൽ, ബാർ കോഴക്കേസിലെ ഹൈകോടതിയുടെ രൂക്ഷമായ പരാമർശങ്ങൾക്കുശേഷവും എല്ലാത്തിനും പിന്നിൽ ഗൂഢാലോചന ആരോപിക്കുകയാണ് മന്ത്രി കെ.എം. മാണി. തനിക്ക് പലതും പറയാനുണ്ടെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. അദ്ദേഹം പറഞ്ഞേക്കാവുന്ന ആ വാക്കുകൾ ഇനിയുള്ള യു.ഡി.എഫ് രാഷ്ട്രീയത്തിെൻറ ഗതിയെ സ്വാധീനിക്കുകയും ചെയ്യും. കൃത്യം ഒരു വർഷം മുമ്പ് ബാർ കോഴ ആരോപണം ഉന്നയിക്കപ്പെട്ടതിന് പിറ്റേന്നുമുതൽ ആരോപണം സത്യമല്ലെന്നും അതിനാൽ അന്വേഷണമില്ലെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വീകരിച്ചിരുന്നത്. എന്നാൽ, മാണി അധികാരത്തിൽ തുടരുന്നതിനെ പരോക്ഷമായി ചോദ്യം ചെയ്തുകൊണ്ടുള്ള ഹൈകോടതി പരാമർശം വന്നതോടെ മുഖ്യമന്ത്രിക്ക്  ഇനി ആ നിലപാടുമായി മുന്നോട്ടുപോകാനാവില്ല. ആദ്യം മുതൽ ഗൂഢാലോചന ആരോപിക്കുന്ന മാണി അവസാനവും അതുതന്നെ ആവർത്തിച്ച് തെൻറ ഭാഗം ന്യായീകരിക്കാനും ശ്രമിക്കുന്നു.

എൽ.ഡി.എഫുമായി ബന്ധം കൂടാനുള്ള മാണിയുടെ നീക്കങ്ങളെത്തുടർന്നാണ് ബാർ കോഴ പുറത്തുവരുന്നത്. മാണിയുടെ ഗൂഢാലോചന ആരോപണവും അതിനുപിന്നിൽ ആരാണെന്ന് അറിയാമെന്ന പരാമർശവും ഇത് സൂചിപ്പിച്ചുകൊണ്ടാണെന്ന് വ്യക്തം. എല്ലാം നഷ്ടമാവുന്ന അവസ്ഥയിൽ ഒരു തുറന്നുപറച്ചിലിന് മാണി തയാറായാൽ അത് കോൺഗ്രസിലെ ഉന്നതരിലേക്കാവും എത്തുക. തദ്ദേശത്തിൽ കൈപൊള്ളി നിൽക്കുന്ന കോൺഗ്രസിനും മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മാണിയെത്താങ്ങി ഭാവി കളയാൻ താൽപര്യമില്ല. പുറമെ പറയാനാവില്ലെങ്കിലും അദ്ദേഹത്തിെൻറ പാർട്ടിക്കാരുടെ അഭിപ്രായവും വ്യത്യസ്തമല്ല. തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്ന് ബാർ കോഴയെ നിസ്സാരവത്കരിച്ചതാണെന്ന തിരിച്ചറിവിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും അവരെ ഭയപ്പെടുത്തുന്നു. വിജിലൻസ് കോടതി വിധി വന്നപ്പോൾ പാമോലിൻ കേസിൽ താൻ രാജിവെക്കാതിരുന്നത് ചൂണ്ടിക്കാട്ടിയാണ്  മുഖ്യമന്ത്രി മാണിയെ പ്രതിരോധിച്ചത്. ഹൈകോടതി വിധി വന്നതോടെ അത്തരമൊരു ഉദാഹരണവും അദ്ദേഹത്തിന് മുന്നോട്ടുവെക്കാനുമില്ല. അതിനാൽ രാജിയെന്ന ഒരൊറ്റവഴി മാത്രമേ മാണിക്ക് മുന്നിലുള്ളൂ. എൽ.ഡി.എഫിനും വേണ്ടാതായ സ്ഥിതിക്ക് വലിയ ബലംപിടുത്തമൊന്നും ഏശുകയുമില്ല.

ബാർ കോഴ തദ്ദേശത്തിൽ ഏശിയില്ലെന്ന് പാലായിലെ വിജയം കാണിച്ചാണ് മാണി സമർഥിച്ചത്. ഇത് വെറുമൊരു ന്യായം മാത്രമാണെന്ന് പറയാനാവില്ല. തെൻറ വോട്ടുബാങ്കിനെയും അതിനുപിന്നിലെ സാമുദായിക ശക്തിയേയുമാണ് ഈ വാദത്തിലൂടെ അദ്ദേഹം  ഓർമപ്പെടുത്തിയത്. അതിനാൽതന്നെ വെറുമൊരു അഴിമതിക്കാരനാക്കി മാണിയെ തള്ളാനൊന്നും യു.ഡി.എഫിനാവില്ല. അദ്ദേഹത്തിെൻറ സമ്മതത്തോടെയുള്ള തീരുമാനം മാത്രമെ അവർക്ക് എടുക്കാനാവൂ. അതുകൊണ്ടാണ് ഹൈകോടതി വിധിയിൽ ചിലരുടെ തീവ്ര പ്രത്രികരണങ്ങൾ വന്നിട്ടും മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻറുമടക്കമുള്ള മുതിർന്ന നേതാക്കൾ വളരെ സംയമനത്തോടെ പ്രതികരിച്ചത്. അതേസമയം തനിക്കൊപ്പം എല്ലാവരും രാജിവെക്കുകയെന്ന  ആശയം മാണി മുന്നോട്ടുവെച്ചാൽ അത് പാർട്ടിക്കുള്ളിലും സ്വീകരിക്കപ്പെടണമെന്നില്ല. അങ്ങനെയെങ്കിൽ മാണി ഗ്രൂപ്പും നീങ്ങുക ഒരു പ്രതിസന്ധിയിലേക്കാവും.

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് ബാർ കോഴക്കേസിൽ വിജിലൻസ് ത്വരിത പരിശോധന നടത്തിയതും സംഭവഗതികൾ മാണിയുടെ രാജിയിലേക്കെത്തുന്നതും. മറ്റൊരു കേരള കോൺഗ്രസുകാരനായ ആർ. ബാലകൃഷ്ണപിള്ളക്ക് പിന്നാലെനടന്ന് അദ്ദേഹത്തെ ജയിലിലാക്കിയ ചരിത്രവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.