പത്ത് വർഷക്കാലം അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജൂൺ നാല് "മോദിമുക്തി" ദിനമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഓർമയിൽ ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിൽ പ്രതികരണവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാർമിക പരാജയം അടയാളപ്പെടുത്തിയ ജൂൺ നാല് "മോദിമുക്തി" ദിനം ആണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.

"പത്ത് വർഷക്കാലം അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പ്രധാനമന്ത്രിയുടെ തലക്കെട്ടുകളിൽ ഇടം പിടിക്കാനുള്ള മറ്റൊരു അഭ്യാസമാണിത്. ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന് വ്യക്തിപരവും രാഷ്ട്രീയവും ധാർമികവുമായ പരാജയം ഏൽപ്പിച്ച 2024 ജൂൺ നാല് മോദിമുക്തി ദിനം എന്ന പേരിൽ ചരിത്രത്തിൽ ഇടംനേടി” -അദ്ദേഹം എക്‌സിൽ എഴുതി.

ഇന്ത്യൻ ഭരണഘടനയെയും അതിന്‍റെ തത്വങ്ങളെയും മൂല്യങ്ങളെയും സ്ഥാപനങ്ങളെയും വ്യവസ്ഥാപിതമായ ആക്രമണത്തിന് വിധേയമാക്കിയ, മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടില്ല എന്ന കാരണത്താൽ ഭരണഘടനയെ തള്ളിക്കളഞ്ഞ ആശയത്തെ പിൻതുടരുന്നയാളാണ് പ്രധാനമന്ത്രിയെന്നും ജയറാം രമേശ് പറഞ്ഞു.

അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി എല്ലാ വർഷവും ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനത്തിൽ അനുസ്മരിക്കണമെന്നും അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ കൊലപ്പെടുത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അമിത് ഷാ എക്സിൽ കുറിച്ചു.

Tags:    
News Summary - Congress's first reaction to Centre's Emergency move: 'June 4 Modi-Mukti Diwas'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.