മാണിയെ മെരുക്കാൻ കോൺഗ്രസ്​

തിരുവനന്തപുരം: സമ്മർദങ്ങൾക്കൊടുവിൽ മന്ത്രിസ്ഥാനം രാജിവെച്ച്, ഇടഞ്ഞുനിൽക്കുന്ന കെ.എം. മാണിയെ മെരുക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. മാണി ഇടഞ്ഞാൽ മുന്നണിക്കുണ്ടാകാവുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞാണ് അനുനയനീക്കം. ഇതിെൻറ ഭാഗമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്ച മാണിയെ വസതിയിൽ ചെന്നുകണ്ട് ചർച്ച നടത്തി. കോൺഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, ആര്യാടൻ മുഹമ്മദ്, സി.എൻ. ബാലകൃഷ്ണൻ, കെ. ബാബു തുടങ്ങിയവരും സന്ദർശിച്ചു.

യു.ഡി.എഫിന് കലവറയില്ലാത്ത പിന്തുണ തുടർന്നും നൽകുമെന്ന് രാജി പ്രഖ്യാപനവേളയിൽ മാണി വ്യക്തമാക്കിയിരുന്നു. ആരുടെയും സമ്മർദമില്ലാതെയായിരുന്നു രാജിയെന്നാണ് മുഖ്യമന്ത്രിയും മാണിയും പറയുന്നത്. എന്നാൽ, അത് അങ്ങനെയായിരുന്നില്ലെന്ന് വ്യക്തമാണ്. പ്രതിപക്ഷത്തിന് പുറമെ കോൺഗ്രസിൽനിന്നും ഉണ്ടായ ആവശ്യത്തിനുമുന്നിൽ മറ്റ് മാർഗമില്ലാതെയാണ് മാണി വഴങ്ങിയത്. ഹൈകോടതി ഉത്തരവിന് പിന്നാലെ ചില കോൺഗ്രസ് നേതാക്കൾ എതിരാളികൾക്ക് ഈർജം പകരുകയും ചെയ്തു. ഇതിനെല്ലാമെതിരെ ശക്തമായ വികാരമാണ് കഴിഞ്ഞദിവസത്തെ മാണിഗ്രൂപ് യോഗത്തിൽ ഉണ്ടായത്.
 ബാർ കോഴ ആരോപണവും അന്വേഷണം നീട്ടിക്കൊണ്ടുപോയതും പാർട്ടിയെ തകർക്കാനുള്ള കോൺഗ്രസ് ശ്രമമാണെന്ന സംശയം രാജിയോടെ കൂടുതൽ ബലപ്പെട്ടിട്ടുണ്ട്. മുതിർന്ന നേതാവിനോട് കാട്ടേണ്ട മാന്യത കോൺഗ്രസിെൻറ രണ്ടാംനിര നേതാക്കളിൽനിന്ന് ഉണ്ടായില്ല. ഇത് ഇനിയും തുടർന്നാൽ നോക്കിനിൽക്കാൻ തയാറുമല്ല. കോൺഗ്രസിന് ഭരണം ആവശ്യമില്ലെങ്കിൽ തങ്ങൾക്കും വേണ്ടെന്ന സമീപനമാണുള്ളത്. അവസരം കിട്ടുമ്പോൾ തിരിച്ചടിക്കാനും മാണിപക്ഷം കാത്തിരിക്കുകയാണ്.

നിലവിലെ സാഹചര്യം സർക്കാറിെൻറ നിലനിൽപ്പിനെത്തന്നെ ബാധിക്കുമോയെന്ന ആശങ്ക കോൺഗ്രസിനുണ്ട്. ആപത്ഘട്ടത്തിൽ കൈവിട്ട മുന്നണിയെയും കോൺഗ്രസിനെയും കിട്ടുന്ന ആദ്യ അവസരത്തിൽത്തന്നെ കശക്കാൻ മാണി തയാറാകുമെന്ന് ഉറപ്പാണ്. ചില കോൺഗ്രസ് നേതാക്കളിൽനിന്നുണ്ടായ പ്രതികരണത്തിലെ അതൃപ്തി മുഖ്യമന്ത്രിയെയടക്കം അദ്ദേഹം ധരിപ്പിച്ചു.

മുന്നണിയിൽ വിള്ളലുണ്ടാക്കാൻ പാടില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. അതിന് മാണിയെ കഴിയുന്നത്ര മയപ്പെടുത്തി ഒപ്പം നിർത്താനാണ് ശ്രമം. അതിെൻറ ഭാഗമായാണ് പരസ്യപ്രതികരണത്തിനെതിരെ നിലപാടെടുത്തതും ബാർ കോഴക്കേസിൽ കഴമ്പില്ലെന്ന നിലപാട് ആവർത്തിക്കാൻ മുഖ്യമന്ത്രി തയാറായതും.
കൂട്ടരാജിയിൽനിന്ന് വഴുതിമാറി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ മന്ത്രി പി.ജെ. ജോസഫ് ഉൾപ്പെടെ പഴയ ജോസഫ് ഗ്രൂപ് എം.എൽ.എമാർ ബുധനാഴ്ച മാണിയെ കണ്ട് മഞ്ഞുരുകലിന് സാധ്യത തേടിയെങ്കിലും അദ്ദേഹം മനസ്സ് തുറന്നിട്ടില്ല. പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്ന് ജോസഫ് പറയുമ്പോഴും മാണി–ജോസഫ് ഗ്രൂപ്പുകൾ തമ്മിൽ പരസ്പരവിശ്വാസമില്ലാത്ത സാഹചര്യമാണ്. മാണിയെ നിർണായക ഘട്ടത്തിൽ ജോസഫ് കൈവിട്ടെന്ന് അദ്ദേഹത്തിെൻറ അടുപ്പക്കാർതന്നെ ചൂണ്ടിക്കാട്ടുന്നു. തൽക്കാലം സൗഹൃദം തുടരുമെങ്കിലും അധികകാലം ഇരുവർക്കും യോജിച്ച് മുന്നോട്ടുപോകാനാവില്ല. പിളർപ്പ് ഉറപ്പാണെന്ന് ഇരുപക്ഷവും രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.

മാണിക്കൊപ്പം രാജിവെക്കുന്നതിൽനിന്ന് ജോസഫിനെ പിന്തിരിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും മാണിപക്ഷത്തെ ഒപ്പം നിർത്താനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. മാണി ഗ്രൂപ്പുമായി മൂന്ന് പതിറ്റാണ്ടിലേറെയുള്ള ബന്ധം മാത്രമല്ല, മധ്യതിരുവിതാംകൂറിൽ അവർക്കുള്ള ശക്തിയും ബോധ്യമുണ്ട്.
ജോസഫ് പക്ഷത്തെ ചില നേതാക്കൾ ഇടതുപക്ഷത്തേക്ക് ചായാൻ അവസരം കാക്കുന്നതിനാൽ അവരെ പൂർണമായും വിശ്വസിക്കാനും തയാറല്ല. അതിനിടെ മന്ത്രിസ്ഥാനം രാജിവെച്ച മാണി വെള്ളിയാഴ്ച സ്വന്തം തട്ടകമായ പാലായിലേക്ക് തിരിക്കും. വൈകീട്ട് പാലായിൽ മാണികൂടി പങ്കെടുക്കുന്ന പൊതുസമ്മേളനം ഒരുക്കിയിട്ടുണ്ട്. പാർട്ടി സെക്രട്ടേറിയറ്റ് യോഗവും ഉടൻ ചേരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.