ഒളിയമ്പെയ്ത് മാണി

തിരുവനന്തപുരം: രാജിക്ക് കാരണക്കാർ ആരെന്ന് പറയാതെ പറഞ്ഞ് കെ.എം. മാണി. രാജിക്ക് ഒരുദിനം പിന്നിട്ടപ്പോഴാണ് യു.ഡി.എഫിനെതിരെ ഒളിയമ്പെയ്ത് അദ്ദേഹം രംഗത്തെത്തിയത്. നീതി കിട്ടേണ്ട കേന്ദ്രങ്ങളിൽനിന്ന് നീതി ലഭിച്ചില്ലെന്നും തെൻറ രക്തത്തിനുവേണ്ടി ചില വ്യക്തികളും കേന്ദ്രങ്ങളും ദാഹിച്ചിരുന്നെന്നും  വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന് പറഞ്ഞ അദ്ദേഹം അത് കണ്ടെത്താൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇതിൽ ആരൊക്കെയുണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട്. വെളിപ്പെടുത്തുന്നത് രാഷ്ട്രീയ മര്യാദയല്ല. ബാർ കോഴക്കേസിൽ എഫ്.ഐ.ആർ ഇടേണ്ടതില്ലായിരുന്നെന്നു പറഞ്ഞ് ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയ അദ്ദേഹം ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്തിയതുമില്ല. ഇതിൽ കൂടുതൽ പിന്തുണ മുന്നണിയിൽനിന്ന് പ്രതീക്ഷിച്ചിരുന്നു.

അനുനയ നീക്കങ്ങളുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർ മാണിയെ സന്ദർശിച്ചതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. മാണിയോടൊപ്പം രാജിവെക്കാൻ വിസമ്മതിച്ച മന്ത്രി പി.ജെ. ജോസഫും ബുധനാഴ്ച അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണിക്കും ഏതെങ്കിലും നേതാവിനുമെതിരെ നേരിട്ട് വിമർശം നടത്തിയില്ലെങ്കിലും വാർത്താസമ്മേളനത്തിലുടനീളം ഭരണനേതൃത്വത്തെ സംശയമുനയിൽ നിർത്തിയ പരാമർശങ്ങളാണുണ്ടായിരുന്നത്. തനിക്ക് നീതി കിട്ടിയില്ലെങ്കിലും മറ്റാർക്കെങ്കിലും അത് കിട്ടുന്നതിൽ വിരോധമില്ലെന്ന് മന്ത്രി കെ. ബാബുവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിെൻറ പാപഭാരം തെൻറയും പാർട്ടിയുടെയും ചുമലിൽ വെച്ചുകെട്ടാൻ നടക്കുന്ന ശ്രമത്തെയും മാണി പ്രതിരോധിച്ചു. കേരള  കോൺഗ്രസിെൻറ ശക്തമായ അടിത്തറയുള്ള സ്ഥലങ്ങളിലെ വിജയം ചൂണ്ടിക്കാട്ടി കോൺഗ്രസിനെ കുത്താൻ മറന്നതുമില്ല. രാജിയോടെ തെൻറയും പാർട്ടിയുടെയും അന്ത്യമാണെന്ന് പ്രവചിക്കുന്നവർക്കും ആഗ്രഹിക്കുന്നവർക്കും വരുംനാളുകളിൽ നിരാശരാകേണ്ടിവരും.

തന്നെ വളഞ്ഞിട്ട് വേട്ടയാടുകയായിരുന്നു. തേജോവധമാണ് നടക്കുന്നത്. താൻ കുറ്റക്കാരനല്ല. ദൈവവും ജനങ്ങളും ഒപ്പമുണ്ടെന്നതാണ് ആശ്വാസം. ആരോഗ്യവും പാലായിലെ ജനങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നിടത്തോളവും ഇനിയും മത്സരിക്കും. അതേസമയം, മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ മടിയില്ല. ഹൈകോടതി പരാമർശത്തിൽ നിയമപരമായോ ധാർമികമായോ രാജിവെക്കേണ്ട കാര്യങ്ങളില്ലെങ്കിലും നിയമവ്യവസ്ഥയോടുള്ള ഉന്നത ആദരവുകൊണ്ടാണ് രാജിവെച്ചത്. നിയമസഭാംഗത്വത്തിെൻറ സുവർണ ജൂബിലി വർഷത്തിൽ തനിക്ക് വന്ന സ്വീകാര്യതയിൽ അസ്വസ്ഥരായവരുടെ ആസൂത്രിത നീക്കമായിരുന്നു വിവാദം. സുതാര്യവും സംശുദ്ധവുമായ 50 വർഷത്തെ രാഷ്ട്രീയ ജീവിതമാണ് തെൻറ കൈമുതൽ. ഈ ആത്മവിശ്വാസമാണ് അഭിമാനം പകരുന്നത്.  

രാഷ്ട്രീയമാകുമ്പോൾ ഇതെല്ലാം സ്വാഭാവികമെന്ന നിലയിൽ എല്ലാം കണ്ടും കേട്ടും ക്ഷമിക്കുന്നു. ആരോടും പകയില്ല. ആരോപണങ്ങളിൽ മനോവേദനയുണ്ട്. തെൻറ രക്തത്തിന് ദാഹിച്ചവരോടും നുണക്കഥകൾ മെനഞ്ഞവരോടും കുടുംബത്തെപ്പോലും വേട്ടയാടിയവരോടും പരിഭവമില്ല. രാഷ്ട്രീയത്തിൽ സൂക്ഷിക്കേണ്ട നൈതികതയെക്കുറിച്ച് ഇവരെല്ലാം ആത്മപരിശോധന നടത്തണം. രാജി ആരും ആവശ്യപ്പെട്ടിട്ടില്ല.

സ്വന്തം മന$സാക്ഷിയുടെ പ്രേരണകൊണ്ടാണ് രാജിവെച്ചത്. ഇതിൽ കാലതാമസവുമുണ്ടായിട്ടില്ല. തനിക്കൊപ്പം ആരെങ്കിലും രാജിവെക്കണമെന്ന് ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. തെൻറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയാണിതെന്നും കരുതുന്നില്ല. എല്ലാക്കാലവും മന്ത്രിയും എം.എൽ.എയും ആയിരിക്കണമെന്ന ആഗ്രഹവുമില്ല. സീസറുടെ ഭാര്യ സംശയാതീതയായിരിക്കണമെന്ന പ്രയോഗം പല പ്രസംഗങ്ങളിലും താനും പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.