വെട്ടിമാറ്റും മുമ്പ് ഒരു പിന്മാറ്റം; നീക്കം ഉമ്മന്‍ ചാണ്ടിയെ വെട്ടിലാക്കാതിരിക്കാന്‍

കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍, പാര്‍ട്ടിയുടെ ഫണ്ട് മാനേജര്‍, പ്രതിസന്ധികളില്‍ പരിഹാരവുമായി എത്തുന്നയാള്‍... ബെന്നി ബഹനാന് കോണ്‍ഗ്രസില്‍ വിശേഷണങ്ങള്‍ ഏറെ. രണ്ട് എം.എല്‍.എമാരുടെ മാത്രം ഭൂരിപക്ഷത്തില്‍ രണ്ടാം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിസന്ധി ഉരുണ്ടുകൂടിയിരുന്നു.

ആറുമാസവും ഒരുവര്‍ഷവുമൊക്കെയാണ് പലരും ആയുസ്സ് പ്രവചിച്ചത്. എന്നാല്‍, ഓരോ പ്രശ്നഘട്ടത്തിലും അത് വിജയകരമായി തരണംചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടതും വലതുമൊക്കെയായി ബെന്നിയുണ്ടായിരുന്നു. പാര്‍ട്ടിക്ക് പണം വേണ്ടപ്പോള്‍ ഫണ്ട് മാനേജരായും ബെന്നിയത്തെി. ഒടുവില്‍ സോളാര്‍ ആരോപണങ്ങള്‍ പിടിമുറുക്കിയപ്പോഴും രക്ഷകനായി. സരിത വായ തുറക്കാതിരിക്കാന്‍ വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തു.

അഞ്ചുവര്‍ഷത്തിനിടെ ബെന്നിക്കെതിരെ ഉയര്‍ന്ന ആരോപണവും ഇതുതന്നെ; സരിതയുമായി നിരവധി പ്രാവശ്യം ഫോണില്‍ സംസാരിച്ചു. ഇത്തവണയും  യു.ഡി.എഫ് കോട്ടയായ തൃക്കാക്കരയില്‍ സീറ്റുറപ്പിച്ച് മാസങ്ങള്‍ക്കുമുമ്പേ മുന്നൊരുക്കം തുടങ്ങിയിരുന്നു. മണ്ഡലത്തിലെ യു.ഡി.എഫ് പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകളും പൂര്‍ത്തിയാക്കി. തല്‍ഫലമായി മണ്ഡലത്തില്‍നിന്ന് ജില്ലയിലേക്കും അവിടെനിന്ന് സംസ്ഥാന നേതൃത്വത്തിലേക്കും  രണ്ടാമതൊരു പേര് ഉയര്‍ന്നില്ല. മാധ്യമങ്ങളിലും ഇതുസംബന്ധിച്ച് വാര്‍ത്ത വന്നു.

തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് പോയ പട്ടികയിലും ബെന്നിയുടെ പേര് മാത്രമാണ് ഉണ്ടായിരുന്നത്. അപ്പോഴാണ്, ഇടിത്തീപോലെ കെ.പി.സി.സി പ്രസിഡന്‍റ് ഇടഞ്ഞത്. തൃക്കാക്കരയിലേക്ക് പി.ടി. തോമസിന്‍െറ പേരുകൂടി എഴുതിച്ചേര്‍ത്തു. അപ്പോഴും  പ്രതീക്ഷയിയുണ്ടായിരുന്നു; ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തുണക്കുമെന്ന്. ഒടുവില്‍ ഹൈകമാന്‍ഡും കെ.പി.സി.സി പ്രസിഡന്‍റും ഉമ്മന്‍ ചാണ്ടിക്ക് വഴങ്ങിയെന്ന വാര്‍ത്ത വന്നതോടെ, പ്രവര്‍ത്തകര്‍ വീണ്ടും സജീവമായി. എന്നാല്‍, സുധീരന്‍ നിലപാട് കടുപ്പിച്ച അഞ്ചില്‍ നാല് മണ്ഡലങ്ങളിലും ഒത്തുതീര്‍പ്പിന് തയാറായിട്ടും തൃക്കാക്കരയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ ബെന്നിയുടെ ക്യാമ്പ് കടുത്ത ആശങ്കയിലായിരുന്നു.

ഹൈകമാന്‍ഡ് തീരുമാനം എന്തായാലും അത് ശിരസ്സാവഹിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ളെന്ന് ബോധ്യമായി. അതോടെ, സീറ്റ് നിര്‍ണയത്തില്‍ കടുത്ത ഭിന്നതയുണ്ടെന്ന് തുറന്നടിച്ച് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ബെന്നി ബഹനാന്‍ നിര്‍ബന്ധിതനായി. ഒപ്പം, തന്നെ തഴയുന്നതിനുപിന്നില്‍ കെ.പി.സി.സി പ്രസിഡന്‍റിന് സ്വകാര്യ താല്‍പര്യങ്ങളുണ്ടെന്നും തുറന്നടിച്ചു. ഹൈകമാന്‍ഡ് പേര് വെട്ടിമാറ്റുന്നതിനുമുമ്പ് സ്വയം പിന്മാറിയതായി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയെ മറ്റൊരു പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുകകൂടി ചെയ്തു. ഹൈകമാന്‍ഡ് പേരുവെട്ടിയാല്‍ മുന്‍ പ്രഖ്യാപനമനുസരിച്ച് മുഖ്യമന്ത്രിയും മത്സര രംഗത്തുനിന്ന് മാറേണ്ടിവരും. എന്നാല്‍, സ്വയം മാറിയാല്‍ ആ പ്രതിസന്ധി ഒഴിയും.

പിന്മാറിയതായി പ്രഖ്യാപനം വന്നതിനത്തെുടര്‍ന്ന് കോണ്‍ഗ്രസിലെ പതിവ് കീഴ്വഴക്കമനുസരിച്ച്  മുദ്രാവാക്യം വിളി, കെ.പി.സി.സി പ്രസിഡന്‍റിനെ വെല്ലുവിളിച്ച് പ്രകടനം, പോസ്റ്റര്‍ പതിക്കല്‍ തുടങ്ങിയ പരിപാടികളും അരങ്ങേറി. ഇതൊക്കെ നടക്കുമ്പോഴും നേതാക്കളുടെയും അണികളുടെയും മനസ്സില്‍ ഒരുചോദ്യം ബാക്കിയായിരുന്നു; സുധീരന് ബെന്നിയോട് ഇത്ര കടുത്ത പകവരാന്‍ കാരണമെന്ത്?  അതിന് കൃത്യമായ ഉത്തരം ആര്‍ക്കുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.