രണ്ട് എം.എല്‍.എമാരുടെ പിന്മാറ്റത്തിന്‍െറ ചുരുള്‍ നിവരാന്‍ ബാക്കി

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി പട്ടിക ഒൗദ്യോഗിക പ്രഖ്യാപനത്തിന്‍െറ വക്കില്‍ നില്‍ക്കുന്നതിനിടയില്‍, സിറ്റിങ് എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ പിന്മാറ്റം കോണ്‍ഗ്രസിനുള്ളില്‍ ദുരൂഹത പടര്‍ത്തി. കൊടുങ്ങല്ലൂരില്‍ മത്സരിക്കാനില്ളെന്ന് പ്രഖ്യാപിച്ച പ്രതാപനെ ഡല്‍ഹിക്കു വിളിച്ചുവരുത്തി കയ്പമംഗലത്ത് മത്സരിക്കാന്‍ പ്രേരിപ്പിച്ചത് രാഹുല്‍ ഗാന്ധിയാണ്. അതിനു സമ്മതിച്ചാണ് പ്രതാപന്‍ നാട്ടിലേക്ക് മടങ്ങിയത്.
എന്നാല്‍, കെ.എസ്.യു നേതാവിനെ വെട്ടി കയ്പമംഗലം സീറ്റ് പിടിക്കാന്‍ പ്രതാപന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയെന്ന കഥ ടി.വി ചാനലുകള്‍വഴി പ്രചരിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പിന്മാറ്റ തീരുമാനമെടുത്തു.

മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രതാപന്‍ രാഹുലിന് കത്തയച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് പിന്നീട് ബോധ്യമായി. രാഹുല്‍ ചൊടിച്ചതോടെയാണ് എ.ഐ.സി.സി  ഒൗദ്യോഗികമായ നിഷേധപ്രസ്താവന നടത്തിയത്. ഇത്തരമൊരു വ്യാജവാര്‍ത്ത നിര്‍മിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരാണെന്ന് അറിയാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് പലവഴിക്കും അന്വേഷിച്ചിരുന്നു. സുധീരനുമായി അടുത്ത ബന്ധമുള്ള പ്രതാപന്‍െറ ആദര്‍ശം ചോദ്യംചെയ്ത് അപമാനിച്ചതില്‍ എതിര്‍പക്ഷത്തിന്‍െറ ആസൂത്രിത നീക്കം നടന്നുവെന്നാണ് കണ്ടത്തെല്‍.

പ്രതാപനെതിരെ പരസ്യപ്രസ്താവന നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിന് നഷ്ടപ്പെട്ടത് മിക്കവാറും ഉറച്ച ഉടുമ്പന്‍ചോല സീറ്റാണ്. രാഹുലിന്‍െറ രോഷംമൂലം അച്ചടക്ക നടപടിയുടെ വക്കിലുമാണ്. പ്രതാപന്‍െറ കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതിനുമുമ്പേ കയ്പമംഗലം സീറ്റ് ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കാനുള്ള ചര്‍ച്ച മുന്നേറിയിരുന്നു. ആ സീറ്റ് ഏറ്റെടുക്കുന്നതിനുമുമ്പേ പ്രതാപന്‍െറ താല്‍പര്യം ആ പാര്‍ട്ടി തേടിയെങ്കിലും സീറ്റ് കൈമാറ്റ ചര്‍ച്ച നടത്തിയവര്‍ പ്രതാപനുമായി ബന്ധപ്പെട്ടിരുന്നില്ല. ഹൈകമാന്‍ഡും സുധീരനും വഴങ്ങിയതിനൊടുവില്‍, കടുത്ത തര്‍ക്കത്തിലായ അഞ്ചു സീറ്റിലും സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കുന്നത് ഉറപ്പാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മടങ്ങിയതിനു പിറ്റേന്നാണ് ബെന്നി ബഹനാന്‍െറ പിന്മാറ്റം.

രാഹുല്‍ ഗാന്ധി ഇടപെട്ടതിനാല്‍ ബന്നി ബഹനാനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പോകുന്നുവെന്ന് തിങ്കളാഴ്ച രാവിലെ ചാനലുകളില്‍ വാര്‍ത്ത നിറഞ്ഞതോടെയാണ് സ്വമേധയാ പിന്മാറ്റപ്രഖ്യാപനം അദ്ദേഹം നടത്തിയത്. രാഹുല്‍ ഗാന്ധി ഇടപെട്ടുവെന്ന വാര്‍ത്തകള്‍ക്കിടയില്‍, പ്രതാപന്‍െറയും ബന്നിയുടെയും തീരുമാനങ്ങള്‍ക്ക് പരസ്പര ബന്ധമുണ്ടോ എന്ന ചോദ്യം കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഉയര്‍ന്നു.

വിശദീകരണങ്ങള്‍ക്ക് നിരക്കാത്ത അസ്വാഭാവികത പിന്മാറ്റ പ്രഖ്യാപനത്തിലുണ്ട്. ടിക്കറ്റ് ഉറപ്പാക്കുന്ന ചര്‍ച്ചകളുമായി ഒരാഴ്ച മുഴുവന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ബെന്നിക്കുവേണ്ടി ഞായറാഴ്ചയും തൃക്കാക്കരയില്‍ ചുവരുകള്‍ ബുക് ചെയ്യുന്ന എഴുത്തുകള്‍ നടന്നിരുന്നു. തര്‍ക്കം നേരിട്ട അഞ്ചുപേരില്‍ വാലറ്റത്തുനില്‍ക്കുന്ന ബെന്നിയെ ഒഴിവാക്കിയത് സുധീരന്‍െറ നിലപാട് ഹൈകമാന്‍ഡ് കുറച്ചെങ്കിലും അംഗീകരിച്ചെന്ന പ്രതീതി കിട്ടാനാണെന്ന വ്യാഖ്യാനങ്ങളില്‍ യുക്തിയില്ളെന്ന് പാര്‍ട്ടിക്കാര്‍തന്നെ പറയുന്നു. 

ഒരാളെയും ബലികൊടുക്കില്ളെന്ന ഉമ്മന്‍ ചാണ്ടിക്കാകട്ടെ, തന്‍െറ ചാവേറായി നില്‍ക്കുന്ന ബെന്നിയെ അഞ്ചുപേര്‍ക്കിടയില്‍നിന്ന് വെട്ടിക്കളയുന്നതിന്‍െറ കാരണം വിശദീകരിക്കുക എളുപ്പമല്ല. മന്ത്രിമാരെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി സമ്മതിക്കാത്തതുകൊണ്ട് സിറ്റിങ് എം.എല്‍.എയായ ബന്നിയെ മാറ്റിയെന്നാണ് ഒരു വ്യാഖ്യാനം.  മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും; സീറ്റ് ആര്‍ക്കു നല്‍കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നിരിക്കെ തന്നെയാണ് ഈ വ്യാഖ്യാനം. ക്രൈസ്തവ നേതൃത്വത്തിന്‍െറ അപ്രീതി സമ്പാദിച്ചതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ച പി.ടി. തോമസിനു തൃക്കാക്കര സീറ്റ് നല്‍കിയത് സഭാനേതൃത്വം സഹിച്ചെന്നുവരില്ളെന്ന വിഷയവും കോണ്‍ഗ്രസുകാര്‍ക്ക് ദഹനക്കേടായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.