സമദൂരത്തിനു മാണി; പിന്നാലെ ബി.ജെ.പി

കോട്ടയം: കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദത്തിലാക്കി യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കാനും അടുത്ത സമ്മേളനം മുതല്‍ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായിരിക്കാനും കേരള കോണ്‍ഗ്രസ് എം തീരുമാനം. സഭയില്‍ പ്രതിപക്ഷ റോള്‍ ഭംഗിയായി നിര്‍വഹിക്കും. സഭക്ക് പുറത്ത് സമദൂര നിലപാട് സ്വീകരിക്കും. ഇടതുസര്‍ക്കാറിനെ കണ്ണടച്ച് എതിര്‍ക്കേണ്ടതില്ളെന്നും സര്‍ക്കാറിന്‍െറ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്നും എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി നിര്‍ദേശിച്ചു.

പാര്‍ട്ടി എം.എല്‍.എമാര്‍, മുതിര്‍ന്ന നേതാക്കള്‍, പ്രധാന ജില്ലാ ഭാരവാഹികള്‍ എന്നിവരുമായി രണ്ടുദിവസം നടത്തിയ മാരത്തണ്‍ ചര്‍ച്ചക്കൊടുവിലാണ് ഞായറാഴ്ച രാത്രി നിര്‍ണായക തീരുമാനമുണ്ടായത്. അതേസമയം, കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിടില്ളെന്നും ചര്‍ച്ചയിലൂടെ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്നുമാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍, അനുനയ ചര്‍ച്ചക്ക് പ്രസക്തിയില്ളെന്നും കോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും നേതാക്കള്‍ ധാരണയിലത്തെി. എന്നാല്‍, കോണ്‍ഗ്രസ് അനുനയ നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച വീണ്ടും മാണിയെ കാണും. വ്യാഴാഴ്ച ഡല്‍ഹിയില്‍ സംസ്ഥാന നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ മാണി വിഷയം കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഗൗരവമായി എടുക്കുമെന്നും സൂചനയുണ്ട്. ചരല്‍കുന്ന് ക്യാമ്പിന് മുമ്പ് പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിനോടുള്ള ശക്തമായ പ്രതിഷേധത്തിന്‍െറ ആദ്യഘട്ട തീരുമാനം മാറ്റേണ്ടതില്ളെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും മാണി വ്യക്തമാക്കിയപ്പോള്‍ ജോസഫ് അടക്കം എം.എല്‍.എമാരും നേതാക്കളും അംഗീകരിക്കുകയായിരുന്നു. കെ.എം. മാണി എടുക്കുന്ന ഏതു തീരുമാനവും എം.എല്‍.എമാര്‍ അനുസരിക്കുമെന്നും പ്രത്യേക ബ്ളോക്കായിരിക്കാനുള്ള തീരുമാനം ഐകകണ്ഠ്യേനയാണെന്നും മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.

അതേസമയം, മാണിയെ വശത്താക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വവും രംഗത്തത്തെി. കെ.എം. മാണിയുമായും മകന്‍ ജോസ് കെ.മാണിയുമായും രഹസ്യ കൂടിക്കാഴ്ചക്ക് ബി.ജെ.പി നേതാക്കള്‍ സമയം തേടിയതായാണ് റിപ്പോര്‍ട്ട്. മാണിയെ ഒപ്പംനിര്‍ത്തി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബി.ജെ.പി നീക്കം. കേരള കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ എം.പി പി.സി. തോമസും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനുമാണ് ഈ നീക്കത്തിനുപിന്നില്‍. രാഷ്ട്രീയത്തില്‍ ഏറെ ജൂനിയറായ രമേശ് ചെന്നിത്തലയെ കേരള കോണ്‍ഗ്രസിനോട് ആലോചിക്കുകപോലും ചെയ്യാതെ മുന്നണി ചെയര്‍മാനും പ്രതിപക്ഷനേതാവുമായി തെരഞ്ഞെടുത്തതില്‍ മാണി ക്ഷുഭിതനാണ്. രമേശിന് കീഴില്‍ സഭയില്‍ ഇരിക്കുന്നതിനേക്കള്‍ പ്രത്യേക ബ്ളോക്കാവുന്നതാവും ഉചിതമെന്നും വികാരഭരിതനായി മാണി തുറന്നടിച്ചു.

ബാര്‍ കോഴക്കേസില്‍ തന്നെ കുടുക്കാന്‍ നടന്ന ഗൂഢാലോനചക്ക് പിന്നില്‍ ചെന്നിത്തലയാണ്. സീറ്റിനുവേണ്ടി കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെ കെഞ്ചേണ്ടി വന്നു.ഇതില്‍പരം അപമാനം വേറെ എന്തുണ്ട്? കോണ്‍ഗ്രസ് നേതാക്കളുടെ ആട്ടും തുപ്പും സഹിച്ച് ഇനിയും അവിടെ തുടരേണ്ടതുണ്ടോ എന്നും മാണി ചോദിച്ചു. ആദ്യം യു.ഡി.എഫ് വിടുക. എന്നിട്ടാകാം മറ്റു കാര്യങ്ങളെന്നും മാണി പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.