മുന്നണി വിട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പുവരെ ആരുമായും ബന്ധം വേണ്ടെന്ന് ധാരണ

കോട്ടയം: ചരല്‍ക്കുന്ന് ക്യാമ്പില്‍ യു.ഡി.എഫ് വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ളോക്കാവാന്‍ തീരുമാനിച്ചാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഒരുമുന്നണിയുമായും ബന്ധം സ്ഥാപിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസില്‍ തീരുമാനം. അതുവരെ ഇടതുവലത് മുന്നണികളുമായും എന്‍.ഡി.എയുമായും സമദൂരത്തില്‍ പോകണമെന്നും പാര്‍ട്ടിയില്‍ ധാരണ. എന്നാല്‍, ശനിയും ഞായറും ചരല്‍ക്കുന്നില്‍ നടക്കുന്ന ക്യാമ്പില്‍ എടുക്കുന്ന തീരുമാനമാവും അന്തിമമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇടതുമുന്നണിയോട് മൃദുസമീപനമാവും സ്വീകരിക്കുക. പാര്‍ട്ടി അണികളായ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, കര്‍ഷക പ്രശ്നങ്ങള്‍ക്കായി സമരരംഗത്ത് സജീവമാവുക- ഇതായിരിക്കും ഈ കാലയളവില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നയനിലപാടുകള്‍. യു.ഡി.എഫ് വിടുന്നതിനോട് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളില്‍ പലര്‍ക്കും മടിയുണ്ട്.

ഒൗദ്യോഗികമായി മുന്നണി വിടാതെ നിയമസഭയില്‍ ഒറ്റക്കിരുന്നാല്‍ കുഴപ്പമില്ലല്ളോയെന്ന് വാദിക്കുന്നവരും കുറവല്ല. കൂറുമാറ്റ നിയമം ബാധകമാക്കാതെ പാര്‍ട്ടിയില്‍ പിളര്‍പ്പിനുള്ള സാഹചര്യം കോണ്‍ഗ്രസ് സൃഷ്ടിക്കുമെന്ന് ആശങ്കപ്പെടുന്നവരും നിരവധിയാണ്. മാണിയും ഈനീക്കം മുന്നില്‍ കാണുന്നു. അതുകൊണ്ടു തന്നെ ജോസഫിന്‍െറയും ഏതാനും എം.എല്‍.എമാരുടെയും ചലനങ്ങള്‍ മാണിയും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായി മാണി രാജിവെച്ചപ്പോള്‍ ഒപ്പംവരാന്‍ ജോസഫ് തയാറാവാതിരുന്നത് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടുന്നു. അന്ന് ജോസഫിനെ അനുനയിപ്പിച്ച് ഒപ്പംനിര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്നും മാണിക്കറിയാം. ഇത്തവണയും ഇതേ നീക്കങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയില്‍ തന്നെയാണ് മാണിയും അടുത്ത വിശ്വസ്തരും. അതിനിടെ, കേരള കോണ്‍ഗ്രസ് ഉയര്‍ത്തിയേക്കാവുന്ന രാഷ്ട്രീയ വെല്ലുവിളി പ്രതിരോധിക്കാന്‍ മധ്യകേരളത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ തയാറെടുപ്പുകള്‍ തുടങ്ങി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.