ജോസഫിന് അതൃപ്തി; സമയം വരുമ്പോള്‍ നിലപാട് വ്യക്തമാക്കും

തൊടുപുഴ: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോണ്‍ഗ്രസ് എം തീരുമാനത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് കടുത്ത അതൃപ്തി. ഒപ്പംനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളോട് അതൃപ്തി പങ്കുവെച്ച ജോസഫ് സമയം വരുമ്പോള്‍ നിലപാട് വ്യക്തമാക്കാനുള്ള തീരുമാനത്തിലാണ്. പരസ്യപ്രതികരണം തല്‍ക്കാലം ഒഴിവാക്കി മാണിയുടെ തുടര്‍ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കും. മറ്റേതെങ്കിലും മുന്നണിയില്‍ മാണി ചേക്കേറുന്ന സാഹചര്യം വന്നാല്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന നിലപാടാകും ജോസഫ് കൈക്കൊള്ളുകയെന്ന് അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസിനെതിരെ കുറ്റപത്രം നിരത്തി യു.ഡി.എഫ് വിടാനുള്ള തീരുമാനം മാണി പ്രഖ്യാപിക്കുമ്പോള്‍ ജോസഫ് തികച്ചും നിര്‍വികാരനായിരുന്നു. മുന്നണി വിട്ടതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ളെന്ന് മാത്രമല്ല പ്രതികരണം തേടിയവര്‍ക്ക് മുന്നില്‍ അദ്ദേഹം പതിവില്ലാത്തവിധം രോഷാകുലനുമായി.
ആറുവര്‍ഷം മുമ്പ് എല്‍.ഡി.എഫ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മിലൂടെ യു.ഡി.എഫിലത്തെുമ്പോള്‍ കൂടെനിന്നവരില്‍നിന്നുതന്നെ ആക്ഷേപങ്ങള്‍ നേരിടേണ്ടിവന്നു. ജോസഫിനെ യു.ഡി.എഫിലെടുക്കരുതെന്നാവശ്യപ്പെട്ട് സ്വന്തം നാടായ തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസക്തമായ പ്രകടനം നടത്തിയിരുന്നു. ഇനി യു.ഡി.എഫില്‍നിന്ന് തിരിച്ചിറക്കമില്ളെന്ന് അന്നേ ജോസഫ് മനസ്സില്‍ കുറിച്ചതാണ്. ഇപ്പോള്‍ മാണിക്ക് വ്യക്തിപരമായി നേരിടേണ്ടിവന്ന ആക്ഷേപങ്ങളെ പാര്‍ട്ടിയോടുള്ള അവഹേളനമായി ചിത്രീകരിച്ച് യു.ഡി.എഫിനെ തള്ളിപ്പറയുന്നത് എലിയെ പേടിച്ച് ഇല്ലം ചുടലാണെന്ന് ജോസഫും കൂട്ടരും കരുതുന്നു.

മാണി വ്യക്തമാക്കിയ മൂന്നു ഘടകങ്ങളില്‍ ഊന്നിയാണ് മുന്നണി വിടാനുള്ള തീരുമാനത്തെ തല്‍ക്കാലം ജോസഫ് എതിര്‍ക്കാത്തത്. എന്‍.ഡി.എയിലേക്കോ എല്‍.ഡി.എഫിലേക്കോ ഇല്ല, നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കും തദ്ദേശസ്ഥാപനങ്ങളിലെ സഖ്യം തുടരും എന്നിവയാണവ. ഈ നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ യു.ഡി.എഫുമായുള്ള തങ്ങളുടെ മാനസികബന്ധം ഫലത്തില്‍ നിലനില്‍ക്കുമെന്ന് ജോസഫ് ആശ്വസിക്കുന്നു.
മുന്നണിമാറ്റം തദ്ദേശസ്ഥാപനങ്ങളിലെ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയോ പാര്‍ട്ടിയെ എന്‍.ഡി.എയുടെയോ എല്‍.ഡി.എഫിന്‍െറയോ തൊഴുത്തില്‍ കെട്ടാന്‍ മാണി തീരുമാനിക്കുകയോ ചെയ്താല്‍ യു.ഡി.എഫിന്‍െറ ഭാഗമായി തുടരുമെന്നു തുറന്നുപ്രഖ്യാപിക്കാനാണ് ജോസഫ് പക്ഷത്തെ രഹസ്യധാരണ എന്നറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.