മാണി പോയത് ക്ഷീണം– യു.ഡി.എഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് -എം യു.ഡി.എഫ് വിട്ടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുമെന്ന് യു.ഡി.എഫ് നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലകളില്‍നിന്നുള്ള മുന്നണി ഭാരവാഹികളുടെ സംയുക്തയോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. മാണിയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും അത് ദോഷമായെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് കോട്ടയത്തുനിന്നുള്ള ജോസി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

അവരുമായി സഹകരണമില്ളെങ്കില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലും പല മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടും. മാണി പോയത് ക്ഷീണമാണെന്ന് ഇടുക്കിയില്‍നിന്നുള്ള അശോകനും പറഞ്ഞു. ഇതേ സൂചനയാണ് പന്തളം സുധാകരനും (പത്തനംതിട്ട) എം. മുരളിയും(ആലപ്പുഴ) നല്‍കിയത്. എന്നാല്‍ അണികളില്ലാത്ത മാണിഗ്രൂപ് വിട്ടത്  ബാധിക്കില്ളെന്ന് കെ.എല്‍. പൗലോസും (വയനാട്), കെ. കരുണാകരന്‍ പിള്ളയും (കൊല്ലം)ചൂണ്ടിക്കാട്ടി. മാണിയുടെ തീരുമാനം ക്ഷീണമാണെങ്കിലും വലിയ പ്രശ്നങ്ങളില്ളെന്ന് കണ്ണൂര്‍, എറണാകുളം ജില്ലകളില്‍നിന്നത്തെിയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കഴിയുന്നത്ര സ്ഥലങ്ങളില്‍ താഴത്തേട്ടില്‍ ബന്ധം നിലനില്‍ക്കുന്നത് നല്ലതാണ്. അത് നമുക്കുതന്നെ ഗുണംചെയ്യുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചനും പറഞ്ഞു. അവരെ പ്രകോപിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്‍െറ പൊലീസ് നയത്തിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നു. പൊലീസിനെ തോന്നുംപോലെ അഴിച്ചുവിട്ടിരിക്കുകയാണ്. രാഷ്ട്രീയവത്കരിച്ചതിനാല്‍ അവര്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാനാവുന്നില്ല.
കൃത്യതയോടെ ജോലിചെയ്യുന്നവര്‍ക്കെതിരായ കടുത്ത നടപടികള്‍ അവരുടെ മനോവീര്യം തകര്‍ക്കുന്നു. കേന്ദ്രത്തിനും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെയും ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കണമെന്ന് ജില്ലാ നേതാക്കള്‍  ആവശ്യപ്പെട്ടു.

കടന്നുകയറാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളില്‍ ജാഗ്രത കാട്ടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിര്‍ദേശിച്ചു. ഇപ്പോള്‍ ഒരു പ്രതിപക്ഷമല്ല ഉള്ളതെന്ന് എല്ലാവരും ഓര്‍ക്കണം. കോണ്‍ഗ്രസുകാര്‍ക്ക് ഒരുപ്രശ്നം ഉണ്ടായാലും മുന്നിട്ടിറങ്ങി പ്രതികരിക്കാന്‍ ബി.ജെ.പി ശ്രദ്ധിക്കുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്ന് ജോണിനെല്ലൂര്‍ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.