ആന്‍റണിക്കെതിരെ എ, ഐ ഗ്രൂപ്പുകളില്‍ അമര്‍ഷം

കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെക്കുറിച്ചു മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണി നടത്തിയ പരസ്യ അഭിപ്രായ പ്രകടനത്തില്‍ എ, ഐ ഗ്രൂപ്പുകളില്‍ കടുത്ത അമര്‍ഷം. ആന്‍റണി വസ്തുതകള്‍ പെരുപ്പിച്ചു കാട്ടുകയാണെന്നും അദ്ദേഹം പറയുന്നതുപോലെ കടുത്ത ഗ്രൂപ്പിസം ഇപ്പോള്‍ പാര്‍ട്ടിയിലില്ളെന്നുമാണ് ഗ്രൂപ് മാനേജര്‍മാരുടെ നിലപാട്. എ.കെ. ആന്‍റണിയും കെ. കരുണാകരനും കേരളത്തിലെ ഗ്രൂപ്പുകളെ നയിച്ചിരുന്ന കാലത്തെ  അപേക്ഷിച്ചു ഇപ്പോള്‍ ഗ്രൂപ്പിസം തുലോം കുറവാണെന്നു അവര്‍ അവകാശപ്പെടുന്നു.

കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്‍െറ ഏറ്റവും വലിയ ഗുണഭോക്താവ് ആന്‍റണിയാണ്. അദ്ദേഹം കേരളത്തില്‍ മൂന്നു തവണയും മുഖ്യമന്ത്രിയായത് ഗ്രൂപ് പരിഗണനയിലാണ്. പാര്‍ട്ടി നേതൃത്വവും പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃത്വവും എ, ഐ ഗ്രൂപ്പുകള്‍ വീതിച്ചെടുക്കുന്ന കീഴ്വഴക്കം  ഉണ്ടാക്കിയതിന് പിന്നില്‍ ആന്‍റണിക്ക് വലിയ പങ്കുണ്ടെന്നും  അവര്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് എക്കാലത്തും ശക്തിപകരുകയാണ് ചെയ്തിട്ടുള്ളതെന്നാണ്  എ, ഐ നേതാക്കളുടെ വാദം. കോണ്‍ഗ്രസിന്‍െറ  ആവിര്‍ഭാവം മുതല്‍ക്കേ സംസ്ഥാനത്ത് ഗ്രൂപ്പുണ്ട്.

ഗ്രൂപ് ഏറ്റവും കൂടുതല്‍ ശക്തിപ്പെട്ട കാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് നൂറു സീറ്റ് ലഭിച്ചത്. അന്ന് കരുണാകരനുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ആന്‍റണി മുഖ്യമന്ത്രിയും കെ. മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്‍റുമായത്. ചാരക്കേസിന്‍െറ പേരില്‍ കരുണാകരനെ അകാരണമായി രാജിവെപ്പിച്ചതിനാല്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട കാലയളവ് മുഖ്യമന്ത്രി പദത്തില്‍ കിട്ടണമെന്ന് ഐ ഗ്രൂപ് അന്ന് വാദിച്ചെങ്കിലും ഉമ്മന്‍ചാണ്ടി വിട്ടുകൊടുക്കാന്‍ തയാറായില്ല.

ആന്‍റണി സത്യപ്രതിജ്ഞ ചെയ്തു അടുത്ത മണിക്കൂറില്‍ തെന്നല ബാലകൃഷ്ണപിള്ളയുടെ കസേരയില്‍ മുരളിയെ ഇരുത്തി. തെന്നലക്കു മാന്യമായി ഒഴിയാന്‍പോലും അന്ന് അവസരം കൊടുത്തില്ളെന്നു എ ഗ്രൂപ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണമെന്ന് പരസ്യമായി പറയുന്ന ആന്‍റണി അവസരം വരുമ്പോള്‍ ചെറുപ്പക്കാരെ വെട്ടിമാറ്റുകയാണ് ചെയ്യുന്നത്. രാജ്യസഭാ സീറ്റില്‍ തുടര്‍ച്ചയായി വയലാര്‍ രവിയും പി.ജെ. കുര്യനും പോകുന്നത് ആന്‍റണിയുടെ താല്‍പര്യംകൊണ്ടാണ്. ഏറ്റവുമൊടുവില്‍ വയലാര്‍ രവിയുടെ അനാരോഗ്യംപോലും പരിഗണിക്കാതെയാണ് രാജ്യസഭാ സീറ്റ് നല്‍കിയത്.

വി.എം. സുധീരനെ മാറ്റി എ ഗ്രൂപ്പിന് അവകാശപ്പെട്ട കെ.പി.സി.സി പ്രസിഡന്‍റ് പദവി നല്‍കണമെന്ന ആവശ്യം നീട്ടിക്കൊണ്ടു പോകുന്നത് ആന്‍റണിയാണ്. ഇപ്പോള്‍ എല്ലാവരും പരിഹസിക്കുന്ന ജംബോ കമ്മിറ്റികള്‍ സംസ്ഥാനത്തു രൂപവത്കരിച്ചപ്പോള്‍ ആന്‍റണി മിണ്ടാതിരുന്നുവെന്നും എ ഗ്രൂപ്പ് നേതാക്കള്‍ കുറ്റപ്പെടുത്തി. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യത്തില്‍ ആന്‍റണിയുടെ വാക്കാണ് ഹൈകമാന്‍ഡ് കണക്കിലെടുക്കുന്നത്. സുധീരനെ പ്രസിഡന്‍റ് പദത്തില്‍ തുടര്‍ന്നും ഇരുത്താന്‍, കോണ്‍ഗ്രസില്‍ വലിയ കുഴപ്പമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആന്‍റണി ശ്രമിക്കുകയാണെന്നും ഒരു ഘട്ടം കഴിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ മടിക്കില്ളെന്നും എ, ഐ ഗ്രൂപ് നേതാക്കള്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.