എ, ഐ ഗ്രൂപ്പുകള്‍ വഴങ്ങി; മൂന്നിന പരിപാടി മുന്നോട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ ഉറച്ച നിലപാടിനു മുന്നില്‍ എ, ഐ ഗ്രൂപ്പുകള്‍ വഴങ്ങി. ഇതിനകം മുന്നോട്ടുവെച്ച മൂന്നിന കാര്യപരിപാടിയനുസരിച്ചു തന്നെ പാര്‍ട്ടിയുടെ ഭാവിനടപടികള്‍ നീങ്ങും. അതുപ്രകാരം 15 അംഗ രാഷ്ട്രീയകാര്യ സമിതി വൈകാതെ ഹൈകമാന്‍ഡ് പ്രഖ്യാപിക്കും. ബൂത്തു മുതല്‍ കെ.പി.സി.സി വരെയുള്ള പുന$സംഘടന പിന്നാലെ നടക്കും. അതിനു ശേഷം സംഘടനാ തെരഞ്ഞെടുപ്പ്.

രാഷ്ട്രീയകാര്യ സമിതി, പുന$സംഘടന എന്നിവ ഒഴിവാക്കി നേരിട്ട് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങണമെന്ന എ, ഐ ഗ്രൂപ്പുകളുടെ താല്‍പര്യം ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വം സൃഷ്ടിച്ചെങ്കിലും, ഹൈകമാന്‍ഡ് വഴങ്ങില്ളെന്ന് ഉറപ്പായതോടെയാണ് നിലപാട് മാറ്റിയത്. മുന്‍നിശ്ചയ പ്രകാരം നടപടികള്‍ മുന്നോട്ടു നീക്കാനുള്ള ഹൈകമാന്‍ഡ് നിര്‍ദേശം അംഗീകരിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചൊവ്വാഴ്ച പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് താല്‍പര്യപ്പെടുന്നവരുടെ പട്ടിക ഇരുവരും രാഹുലിന് കൈമാറിയിട്ടുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇരുവരോടും കൂടിയാലോചിച്ച് മുന്നോട്ടു പോകണമെന്ന്  കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനോട് നിര്‍ദേശിക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രബല ഗ്രൂപ്പുകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ മുന്നോട്ടു നീങ്ങുന്നത് രാഹുല്‍ ഗാന്ധിയുടെയും വി.എം. സുധീരന്‍െറയും വിജയമാണ് വിലയിരുത്തുന്നത്. അതേസമയം, പ്രഖ്യാപിക്കാനിരിക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ തങ്ങള്‍ക്ക് മേധാവിത്വം ഉണ്ടാകുമെന്നും സുധീരന്‍െറയും കെ.പി.സി.സിയുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സമിതിക്കു കഴിയുമെന്നുമാണ് എ, ഐ ഗ്രൂപ്പുകളുടെ പ്രതീക്ഷ. രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മന്‍ ചാണ്ടി വാര്‍ത്താലേഖകരുമായി സംസാരിക്കാന്‍ നില്‍ക്കാതെ നാട്ടിലേക്ക് മടങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസില്‍ ഉണ്ടായ എല്ലാ അനിശ്ചിതത്വവും മാറുന്ന സാഹചര്യം ഉണ്ടാവുകയാണെന്ന് രാഹുലിനെ കണ്ട് പുറത്തിറങ്ങിയ രമേശ് ചെന്നിത്തല പറഞ്ഞു. ഹൈകമാന്‍ഡ് എടുക്കുന്ന തീരുമാനം ഉമ്മന്‍ ചാണ്ടിയും താനും സുധീരനും അടക്കം മുഴുവന്‍പേരും ഒറ്റക്കെട്ടായി അംഗീകരിക്കും. നേരത്തെ തീരുമാനിച്ച പ്രകാരം രാഷ്ട്രീയകാര്യ സമിതി ഉടന്‍ ഉണ്ടാവുമെന്ന് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ മൂവരും രാഹുലിന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം ചില തീരുമാനങ്ങള്‍ എ.ഐ.സി.സി പ്രഖ്യാപിച്ചിരുന്നു. ചില ആശങ്കകള്‍ ഞങ്ങള്‍ രേഖപ്പെടുത്തി. ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാനുള്ള പ്രക്രിയയാണിപ്പോള്‍ നടന്നത്. ഇനി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ഉണ്ടാവില്ല. ഹൈകമാന്‍ഡ് അന്തിമമായ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും -ചെന്നിത്തല പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.