സരിതയുടെ തെളിവുകള്‍ ദുര്‍ബലം; വീണ്ടെടുത്ത ആത്മവിശ്വാസവുമായി സര്‍ക്കാര്‍

കൊച്ചി: അഞ്ചുദിവസം നീണ്ട നാടകീയ മൊഴിനല്‍കലിനൊടുവില്‍ സരിത നല്‍കിയ തെളിവുകളെല്ലാം ദുര്‍ബലമെന്ന് സൂചന. ഇതോടെ ആദ്യദിനങ്ങളില്‍ പകച്ച ഭരണപക്ഷം ഇപ്പോള്‍ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പണം കൈപ്പറ്റിയെന്നതിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ അഭിഭാഷകര്‍. വ്യാഴാഴ്ച ആരംഭിക്കുന്ന ക്രോസ് വിസ്താരത്തില്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണവര്‍. തെളിവുകള്‍ ദുര്‍ബലമെന്ന് വ്യക്തമായതോടെയാണ് ബുധനാഴ്ച മുഖ്യമന്ത്രി വെല്ലുവിളിയുമായി രംഗത്തിറങ്ങിയതും.

മുഖ്യമന്ത്രിയും മല്ളേലില്‍ ശ്രീധരന്‍ നായരും കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ മാത്രമേ ഇനി വിയര്‍ക്കേണ്ടിവരൂ.  ലൈംഗിക പീഡനം തെളിയിക്കുന്ന ദൃശ്യങ്ങളൊന്നും പുറത്തുവരില്ളെന്നാണ് വിവരം. ഇത് സംബന്ധിച്ച് സരിത വ്യാഴാഴ്ച നല്‍കുന്ന രഹസ്യകത്തിലെ വിവരങ്ങള്‍ സോളാര്‍ കമീഷനും പുറത്തുവിടില്ല. മുഖ്യമന്ത്രിക്ക് 1.9 കോടിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷവും കൈക്കൂലി നല്‍കിയെന്നത് സ്ഥാപിക്കുന്ന തെളിവുകള്‍ കമീഷന് കൈമാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായിക്കും മന്ത്രി ആര്യാടന്‍െറ പി.എക്കും പണം കൈമാറിയെന്നാണ് സരിത വിശദീകരിച്ചത്. പണം കൈമാറിയതിന് എന്ത് തെളിവാണുള്ളതെന്ന ചോദ്യമാണ് ക്രോസ് വിസ്താരത്തില്‍ മുഖ്യമായി ഉയരുക. സരിത മുന്നോട്ടുവെക്കുന്നത് തോമസ് കുരുവിളയുമായും ചാണ്ടി ഉമ്മനുമായും നടത്തിയ ചില ഫോണ്‍ സംഭാഷണങ്ങള്‍ മാത്രമാണ്. ടീം സോളാറിന് ലഭിക്കുന്നതില്‍ നിന്ന് ഏഴ് കോടി തനിക്കുവേണമെന്നും മുഖ്യമന്ത്രി പേഴ്സനല്‍ സ്റ്റാഫ് വഴി ആവശ്യപ്പെട്ടു എന്ന ആരോപണവും ക്രോസ് വിസ്താരത്തില്‍ നിലനില്‍ക്കില്ളെന്നാണ് സൂചന.

അട്ടക്കുളങ്ങര ജയിലില്‍ കഴിയവെ അന്നത്തെ മന്ത്രി ഗണേഷ്കുമാറിന്‍െറ പി.എ വഴി മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തല്‍ഫലമായി 30 പേജ് കത്ത് പ്രധാന ആരോപണങ്ങള്‍ ഒഴിവാക്കി നാലുപേജാക്കി ചുരുക്കിയെന്നുമാണ് മറ്റൊരു ആരോപണം. എന്നാല്‍, ഗണേഷ്കുമാര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നതിനാല്‍, ഈ ആരോപണത്തിനും കാര്യമായ പരിഗണന കിട്ടില്ല. സോളാര്‍ കേസില്‍ പ്രതിയായ ഒരു യുവതിയുമായി  ചാണ്ടി ഉമ്മന്‍ ദുബൈ യാത്ര നടത്തിയ ദൃശ്യങ്ങള്‍ക്ക് തെളിവില്ലാത്തതിനാല്‍ യുവതിയുടെ പേര് പറയുന്നില്ളെന്ന് സരിത തന്നെ പറഞ്ഞു.

സരിത നല്‍കിയ തെളിവില്‍ അല്‍പമെങ്കിലും ബലമുള്ളത് ബെന്നി ബഹനാനും തമ്പാനൂര്‍ രവിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍െറ സീഡി മാത്രമാണ്.
തനിക്കൊപ്പം മല്ളേലില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടെന്നും മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്‍െറ പേരിലാണ് ശ്രീധരന്‍ നായര്‍ ടീം സോളാറില്‍ നിക്ഷേപം നടത്തിയതെന്നുമുള്ള ആരോപണമാണ് ഗൗരവമുള്ളത്. ഇതിന്‍െറ ദൃശ്യം തന്‍െറ കൈയിലുണ്ടെന്നാണ് സരിതയുടെ അവകാശവാദം.

‘തങ്ങളുടെ ഒരു നിക്ഷേപകന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുന്നതിന്‍െറ കൗതുകത്തില്‍ റെക്കോഡ് ചെയ്തതാണ് ഈ ദൃശ്യം’ എന്നാണ് സരിത വിശദീകരിക്കുന്നത്. അറ്റകൈക്ക് ഈ ദൃശ്യം പുറത്തുവിടുമെന്നാണ് സൂചന. ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത തന്നെ കണ്ടിട്ടില്ളെന്ന് മുഖ്യമന്ത്രി മൊഴി നല്‍കിയ സാഹചര്യത്തില്‍ ഈ ദൃശ്യം പുറത്തുവന്നാല്‍  സര്‍ക്കാര്‍ പാടുപെടും. അതാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭയക്കുന്നതും.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.