നിയമസഭാതെരഞ്ഞെടുപ്പ്: ജയസാധ്യതയുള്ളവരെ മത്സരിപ്പിക്കണം –എ.കെ.ആന്‍റണി

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ളവരെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി. ആരെ നിര്‍ത്തിയാലും ചിഹ്നത്തില്‍ വോട്ടുചെയ്തിരുന്ന കാലം കഴിഞ്ഞു. ചിഹ്നത്തോടൊപ്പം സ്ഥാനാര്‍ഥികള്‍ക്കും ഇപ്പോള്‍ പ്രാധാന്യമുണ്ട്. ഓരോ മണ്ഡലത്തിലും ഇന്ന സ്ഥാനാര്‍ഥിയെന്ന മുന്‍ധാരണ വിട്ട് ജയസാധ്യതയുള്ളവരെ മത്സരിപ്പിക്കണമെന്നും വിശാല കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ ആന്‍റണി നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുവേണ്ട പ്രധാനപ്രവര്‍ത്തനം സ്ഥാനാര്‍ഥിനിര്‍ണയമാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് അതിന് ഉദാഹരണമാണ്. സോളാറും ബാറും കത്തിനില്‍ക്കുന്ന സമയത്തായിരുന്നു അരുവിക്കര തെരഞ്ഞെടുപ്പ്. അവിടെ വിജയിക്കുമോയെന്ന് നമുക്കിടയില്‍ പലരും സംശയിച്ചെങ്കിലും വിജയിച്ചു. വിജയത്തിന് ആധാരമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയമായിരുന്നു പ്രധാനം. ആ വിജയത്തോടെ എല്ലാം ആയെന്ന് അഹങ്കരിച്ച് ആരെ നിര്‍ത്തിയാലും വിജയിക്കുമെന്ന് കരുതിയതോടെ തദ്ദേശതെരഞ്ഞെടുപ്പില്‍ നമ്മള്‍ പരാജയപ്പെട്ടു. നിയമസഭാതെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തി ഇത്തവണ കേരളത്തില്‍ ഭരണതുടര്‍ച്ച ഉറപ്പാക്കണം. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് സംസ്ഥാനത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് അഭിപ്രായപ്പെട്ടു. അഭിപ്രായഭിന്നതകളുണ്ടെങ്കിലും ആവശ്യം വരുമ്പോള്‍ എല്ലാവരും ഒന്നിച്ചുചേരുന്ന രീതിയാണുള്ളത്.  പാര്‍ട്ടിയിലെ വലിയൊരുവിഭാഗത്തിന് തങ്ങളുടെ സേവനം അംഗീകരിച്ചിട്ടില്ളെന്ന ചിന്തയുണ്ട്. അത്തരത്തിലൊരു അസംതൃപ്തി ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും വാസ്നിക് നിര്‍ദേശിച്ചു.
മതേതരത്വത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്ന സി.പി.എമ്മിന്‍െറ കള്ളത്തരം  ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ ക്രിമിനല്‍ കുറ്റവാളികളെ മത്സരിപ്പിച്ച് ജയിപ്പിച്ച് നിയമവാഴ്ചയെ വെല്ലുവിളിച്ച സി.പി.എമ്മിന് ഒടുവില്‍ ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. അഭിപ്രായവ്യത്യാസത്തിന്‍െറ നീര്‍ച്ചുഴിയില്‍ കറങ്ങുന്ന സി.പി.എമ്മിന് കേരളത്തിലെ ജനങ്ങളുടെ മനസ്സ് ആകര്‍ഷിക്കാനാവില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജാതി-വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് കേരളത്തിന്‍െറ മതേതര മനസ്സ് തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനരക്ഷായാത്രയില്‍ പിരിച്ച തുകയുടെ  കണക്ക് ട്രഷറര്‍ ജോണ്‍സന്‍ എബ്രഹാം യോഗത്തില്‍ അവതരിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.