സീറ്റ് വിഭജനത്തിനുമുമ്പേ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നില്‍ പരാതി പ്രവാഹം

കൊച്ചി: കോണ്‍ഗ്രസില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങും മുമ്പേ ദേശീയ നേതൃത്വത്തിന് മുന്നില്‍ പരാതി പ്രവാഹം. ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കുന്നില്ല, യുവജനങ്ങള്‍ക്ക് പ്രാതിനിധ്യമില്ല, ‘സ്ഥിരം കുറ്റികളെ’ മാറ്റിനിര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാക്കാലും രേഖാമൂലവുമാണ് മുന്നില്‍ പരാതികള്‍ പ്രവഹിക്കുന്നത്. കഴിഞ്ഞയാഴ്ച കേരളത്തിലത്തെിയ എ.കെ. ആന്‍റണിയെ നേരില്‍കണ്ട് പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍  പരാതികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസില്‍ മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം കുറയുന്നത് സംബന്ധിച്ചാണ് ആന്‍റണിക്ക് മുന്നില്‍ മുഖ്യമായി ഉയര്‍ന്ന പരാതി. മുസ്ലിം ലീഗിന് സീറ്റ് നല്‍കുന്നുവെന്ന പേരില്‍ തങ്ങളെ തഴയുന്നുവെന്ന പരാതിയാണ് കാര്യമായി ഉയര്‍ന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ ഭാവിയുണ്ടാകില്ളെന്ന ചിന്താഗതിയിലേക്കുവരെ വളര്‍ന്നുവരുന്ന നേതാക്കള്‍ എത്തുന്നതായും ആന്‍റണിയുടെ മുന്നില്‍ പലരും പരാതിയായി ഉന്നയിച്ചു. എറണാകുളം ജില്ലയില്‍ നേരത്തേ കോണ്‍ഗ്രസിലെ മൂന്ന് മുസ്ലിം നേതാക്കള്‍ക്ക് സീറ്റ് അനുവദിച്ചിരുന്നത് ഇപ്പോള്‍ ഒന്നായി കുറഞ്ഞുവെന്നാണ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തത്തെിയ ചില നേതാക്കള്‍ പരാതി ഉന്നയിച്ചത്. ലീഗിന് സീറ്റ് അനുവദിക്കുന്നതുപോലെ കേരളാ കോണ്‍ഗ്രസിനും സീറ്റ് നല്‍കുന്നുണ്ടെങ്കിലും മുസ്ലിം നേതാക്കള്‍ക്ക് മാത്രമാണ് ഈ അവഗണനയെന്നും അവര്‍ പരാതിപ്പെട്ടു. എറണാകുളത്തുനിന്നുള്ള യുവജന നേതാക്കളും തൊഴിലാളി യൂനിയന്‍ നേതാക്കളും മറ്റും ഇതേ ആവശ്യമുന്നയിച്ചിരുന്നു. ഇക്കുറി തങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം കിട്ടണമെന്നാണ് ആവശ്യം.

സമുദായികം മാത്രമല്ല വിവിധ സഭകളുടെ താല്‍പര്യവും സംരക്ഷിച്ചുവേണം മുന്നോട്ടുപോകാനെന്നും ഈ പരിമിതികള്‍ക്കുള്ളില്‍നിന്ന് അര്‍ഹിക്കുന്ന പരിഗണന കിട്ടാന്‍ പരിശ്രമിക്കാമെന്ന് പറഞ്ഞാണ് ആന്‍റണി പരാതിക്കാരെ മടക്കിയത്. യുവജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കിയില്ളെങ്കില്‍ കോണ്‍ഗ്രസിന് തമിഴ്നാട്ടിലും ബിഹാറിലും യു.പിയിലും സംഭവിച്ച ഗതി താമസിയാതെ കേരളത്തിലും സംഭവിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയത്. ഒരേ സീറ്റില്‍ സ്ഥിരമായി കുറ്റിയടിച്ച നേതാക്കളെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതേ ആവശ്യം രാഹുല്‍ ഗാന്ധി, മുകുള്‍ വാസ്നിക് തുടങ്ങിയവര്‍ക്ക് മുന്നിലും ഉന്നയിച്ചിട്ടുണ്ട്.

അതിനിടെ, താഴത്തേട്ടിലെ നിസ്സംഗത നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്. വോട്ടര്‍പ്പട്ടികയില്‍ വ്യാപകമായി ഇരട്ടിപ്പ് സംഭവിച്ചതായും അനര്‍ഹര്‍ കടന്നുകൂടിയതായും സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. ഇതിലേക്ക് തെളിവ് ഹാജരാക്കാനായി ഓരോ ബൂത്ത് കമ്മിറ്റിയും തങ്ങളുടെ പ്രദേശത്തെ വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പും അനര്‍ഹര്‍ കടന്നുകൂടിയതും പരിശോധിച്ച് അത്തരക്കാരുടെ പട്ടിക മണ്ഡലം കമ്മിറ്റി വഴി ജില്ലാതലത്തില്‍ എത്തിച്ച് അവിടെനിന്ന് ക്രോഡീകരിച്ച് കെ.പി.സി.സി സമിതിക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.  അതിനുള്ള കാലാവധി അവസാനിക്കാറായിട്ടും ഒട്ടുമിക്ക ബൂത്തുകളും പരിശോധന നടത്തിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.