കോട്ടയം: ഹൈറേഞ്ച് വികസന സമിതി മാതൃകയില്‍ സഭകളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണയോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങാന്‍ വിവിധ കര്‍ഷക സംഘടനകളുടെ തീരുമാനം. റബര്‍ അടക്കം കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവിനെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാതിരുന്ന യു.ഡി.എഫിനോടാണ് കര്‍ഷക സംഘടനകള്‍ക്ക് രോഷമേറെ. അതു പ്രകടിപ്പിക്കാന്‍ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ യു.ഡി.എഫിനെതിരെ  മത്സരിക്കാനാണ് അവരുടെ രഹസ്യ തീരുമാനം. പീപ്ള്‍സ്, ഇന്‍ഫാം തുടങ്ങിയ സംഘടനകളാണ് ഇതിന് പിന്നില്‍.

ഏതെങ്കിലും മുന്നണിയുടെ ഭാഗമായാവണം മത്സരമെന്ന പൊതുഅഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന നേതാക്കളുമായി അവര്‍ രഹസ്യ ചര്‍ച്ചയും നടത്തി. തങ്ങള്‍ പ്രബലസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നും പിന്തുണ നല്‍കണമെന്നും സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഏതാനും സ്ഥാനാര്‍ഥികളുടെ പട്ടികയും അവര്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍, ഇടതുമുന്നണി ഇക്കാര്യത്തില്‍ അന്തിമതീരുമാനം വെളിപ്പെടുത്തിയിട്ടില്ല.
കണ്ണൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കര്‍ഷക സംഘടനകള്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്നാണ് സൂചന. അഞ്ചുവര്‍ഷം ഭരിച്ചിട്ടും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ യു.ഡി.എഫിനോ പ്രത്യേകിച്ച് കേരള കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ളെന്നും അതിനാല്‍ ഇവര്‍ക്കെതിരെ ശക്തമായി രംഗത്ത് വരാനാണ് തീരുമാനമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

സംസ്ഥാനത്ത് 25 മുതല്‍ 40 വരെ മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം കര്‍ഷകര്‍ക്കുണ്ട്. കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സര്‍ക്കാറിലും ഭരണതലത്തിലും സാന്നിധ്യം വേണമെന്നാണ് സംഘടനകളുടെ പുതിയ നിലപാട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ തിരക്കിട്ട് സ്ഥാനാര്‍ഥി പട്ടിക തയാറാക്കേണ്ടതില്ളെന്ന് ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖരായ പി.സി. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, കര്‍ഷക സംഘടനകളുമായി അടുത്തുനില്‍ക്കുന്ന ഡിജോ കാപ്പന്‍ തുടങ്ങി ഡസനോളം ആളുകള്‍ പരിഗണനയിലുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് അടുത്തിടെ കാഞ്ഞിരപ്പള്ളിയിലത്തെി ഇന്‍ഫാം നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. 15 സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ഇടതുമുന്നണിയുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചില നീക്കുപോക്കുകള്‍ ഉണ്ടാക്കിയിരുന്നു.

കേരളത്തില്‍ 12 ലക്ഷത്തോളം റബര്‍ കര്‍ഷകരുണ്ട്. മറ്റ് കൃഷിയുമായി ബന്ധപ്പെട്ടവര്‍ 20-25 ലക്ഷത്തോളം വരും. റബര്‍ വിലയിടിവിനെതിരെ കെ.എം. മാണിയും മകന്‍ ജോസ് കെ. മാണിയും നടത്തിയ സമരം രാഷ്ട്രീയ താല്‍പര്യത്തിനായിരുന്നെന്നും സത്യഗ്രഹ പന്തലിലേക്ക് സഭാനേതാക്കളെ വലിച്ചിഴച്ചത് മറ്റൊരു രാഷ്ട്രീയ കുടിലതയായിരുന്നെന്നും സഭാ നേതാക്കള്‍ക്ക് പരാതിയുണ്ട്. ഒന്നിലേറെ സഭാനേതാക്കള്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.