ആര്‍.എസ്.എസ്–സി.പി.എം ചര്‍ച്ച: മുഖ്യമന്ത്രിയുടെ നിലപാട് വിവാദത്തിലേക്ക്

തിരുവനന്തപുരം: കണ്ണൂരിലെ സംഘര്‍ഷത്തിന് അയവുവരുത്താനുള്ള ആര്‍.എസ്.എസ്-സി.പി.എം നീക്കത്തോടുള്ള  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് രാഷ്ട്രീയ വിവാദത്തിലേക്ക്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍െറ സംസ്ഥാന സന്ദര്‍ശനത്തിനിടെ, കൊച്ചിയില്‍ പ്രമുഖവ്യക്തികളുമായി നടത്തിയ ചര്‍ച്ചയിലാണ് സി.പി.എമ്മുമായി ചര്‍ച്ചനടത്താനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചത്. അതിനോട് വളരെ അനുകൂലമായാണ് കണ്ണൂരില്‍നിന്നുള്ള  മുതിര്‍ന്ന സി.പി.എം നേതാവുകൂടിയായ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതികരിച്ചത്. പിണറായിയുടെ നിലപാട് കാപട്യമെങ്കില്‍ ജനം രണ്ടു കാലുകൊണ്ടും ചവിട്ടിപ്പുറത്താക്കുമെന്നായിരുന്നു മുഖ്യമന്ത്രി കാസര്‍കോട്ട് അഭിപ്രായപ്പെട്ടത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ചൊവ്വാഴ്ച ഇതിനെതിരെ രൂക്ഷവിമര്‍ശമാണ് പിണറായി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു പുറമേ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് വി. മുരളീധരന്‍ എന്നിവര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയും ആര്‍.എസ്.എസും തമ്മില്‍ ബന്ധമുണ്ടെന്നു വരുത്താനാണ് സി.പി.എം നേതാക്കള്‍ ശ്രമിച്ചതെങ്കില്‍, മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയായിരുന്നു ബി.ജെ.പി നേതാക്കള്‍. ചര്‍ച്ച നടത്താനുള്ള സന്നദ്ധത സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

 ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമായാലും ഇല്ളെങ്കിലും എത് സമാധാനനീക്കത്തോടും ക്രിയാത്മകമായി പ്രതികരിക്കുമെന്ന് പിണറായി വ്യക്തമാക്കി. സമാധാനനീക്കങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട മുഖ്യമന്ത്രി രാഷ്ട്രീയ ദുഷ്ടലാക്കോടെ പദവി മറന്ന് സംസാരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം സന്നദ്ധതയെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉമ്മന്‍ ചാണ്ടി ഞെളിയേണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്.

ആര്‍.എസ്.എസുമായുള്ള ബന്ധം പുറത്തുവരാതിരിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയത്. അതേസമയം, ബി.ജെ.പിയെ വിമര്‍ശിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കവലച്ചട്ടമ്പിയുടെ സ്വരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ്ക്കള്‍ക്ക് സമാനമാണെന്നായിരുന്നു മുന്‍ പ്രസിഡന്‍റ് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടത്.

മുഖ്യമന്ത്രി എന്ന നിലയില്‍ ആരു നടത്തുന്ന സമാധാന നീക്കങ്ങളെയും പിന്തുണക്കാന്‍ ബാധ്യതയുള്ള ഉമ്മന്‍ ചാണ്ടി അതിനെ ഇകഴ്ത്തി സംസാരിച്ചതാണ് വിവാദമായത്. തെരഞ്ഞെടുപ്പിനുമുന്നോടിയായി കോണ്‍ഗ്രസ് യാത്ര ആരംഭിക്കുകയും മറ്റെല്ലാപാര്‍ട്ടികളും അതിന് തയാറെടുക്കുകയും ചെയ്യവെ മുഖ്യമന്ത്രിയുടെ അഭിപ്രായം ഏറെ ചര്‍ച്ചചെയ്യപ്പെടും.

സംസ്ഥാനത്തിന് അപമാനവും തലവേദനയുമായ കണ്ണൂര്‍ അക്രമം അവസാനിപ്പിക്കാന്‍ അതിലുള്‍പ്പെട്ട കക്ഷികള്‍ തന്നെ സന്നദ്ധരാവുമ്പോള്‍ അതിനെ മുഖ്യമന്ത്രി എതിര്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കാനാവും പ്രതിപക്ഷം ശ്രമിക്കുന്നതും. ഇത് മുഖ്യവിഷയമായി അവര്‍ ഉയര്‍ത്തുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.