ബി.ജെ.പിക്ക് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ മതിയെന്ന് ആര്‍.എസ്.എസ്

തൃശൂര്‍: ചാനലുകളിലൂടെ ജീവിക്കുന്നവരും രാഷ്ട്രീയ പ്രവര്‍ത്തനം സൈഡ് ബിസിനസായി കൊണ്ടുനടക്കുന്നവരുമല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ബി.ജെ.പിയില്‍ മതിയെന്ന് ആര്‍.എസ്.എസ്. ഇതിനോട് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരനും യോജിപ്പാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ജോലി പോലും ഉപേക്ഷിച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകരായി മാറണമെന്നാണ് നേതൃയോഗത്തില്‍ കുമ്മനം മുന്നോട്ട് വെക്കുന്നത്.

കുമ്മനത്തിന്‍െറ സംസ്ഥാന യാത്രയുടെ ഒരുക്കം ആര്‍.എസ്.എസിന്‍െറ നേതൃത്വത്തിലാണ്. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ആരും ഇതിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്നും വിട്ടുനില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശം ആര്‍.എസ്.എസ് നല്‍കിയിട്ടുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ നാല് നേതാക്കളെ ഒരു ടീമാക്കി ഓരോ നിയോജകമണ്ഡലത്തിലും ഒരുക്കം നടത്താനുള്ള ചുമതല നല്‍കിയിട്ടുണ്ട്. ഇവരാണ് മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കം വിലയിരുത്തുകയും യോഗം ചേരുകയും ചെയ്യേണ്ടത്. അതിന്‍െറ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ സാമുദായിക സംഘടനകളുമായി ബന്ധമുണ്ടാക്കാനുള്ള ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്.

കേരളത്തില്‍ ബി.ജെ.പിയുടെ നിയന്ത്രണം പൂര്‍ണമായും ആര്‍.എസ്.എസ് ഏറ്റെടുക്കുന്നതിന് ബി.ജെ.പി ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. അതിന്‍െറ അടിസ്ഥാനത്തിലുള്ള കാര്യമായ ഇടപെടല്‍ ഇതിനോടകം ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ഉള്‍പ്പെടെ  തീര്‍ഥാടന കേന്ദ്രങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായ ഏത് നീക്കത്തെയും എതിര്‍ക്കണമെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. അതിന് ബി.ജെ.പിയിലൂടെ നീക്കം ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങളിലും ആര്‍.എസ്.എസ് കൃത്യമായ മാര്‍ഗനിര്‍ദേശം ബി.ജെ.പിക്ക് നല്‍കിയിട്ടുണ്ട്.

സംസ്ഥാന നേതാക്കള്‍ സ്ഥാനാര്‍ഥിത്വവും മത്സരിക്കുന്ന മണ്ഡലവും സ്വയം പ്രഖ്യാപിക്കുന്ന പതിവ് മാറ്റി പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുക്കണമെന്നാണ് ആര്‍.എസ്.എസ് നിലപാട്. ഇതിനായി ആര്‍.എസ്.എസ് പ്രത്യേക ബൈഠക്കുകള്‍ വിളിച്ചു ചേര്‍ക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.