രാഷ്ട്രീയപ്രതിസന്ധി പരമാവധി മുതലെടുക്കാന്‍ എല്‍.ഡി.എഫ്

തിരുവനന്തപുരം: യു.ഡി.എഫിന്‍െറ രാഷ്ട്രീയപ്രതിസന്ധി പരമാവധി മുതലെടുക്കാന്‍ എല്‍.ഡി.എഫും സി.പി.എമ്മും.  ഭരണപക്ഷത്തുനിന്ന് ഒരു എം.എല്‍.എ കൂടി രാജിവെച്ചതോടെ ലക്ഷ്യത്തിലേക്ക് ഒരടികൂടി അടുത്തെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. സര്‍ക്കാറിന്‍െറ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും എതിരായ വിധി. അതിനാല്‍ യു.ഡി.എഫിന്‍െറ മുഖമായ ഉമ്മന്‍ ചാണ്ടിയെ കേന്ദ്രീകരിച്ചുള്ള നീക്കം ശക്തമാക്കാനാണ് എല്‍.ഡി.എഫിലെ ധാരണ. സര്‍ക്കാറിനെ മറിച്ചിടില്ളെന്ന നിലപാട് ആവര്‍ത്തിച്ചും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ശക്തമായ പ്രക്ഷോഭങ്ങളിലേക്കാവും നീങ്ങുക. നിയമസഭയിലും പുറത്തും സ്വീകരിക്കേണ്ട നിലപാട് ആലോചിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ചേരും. എല്‍.ഡി.എഫ് നേതൃയോഗവും ഉച്ചകഴിഞ്ഞ് ചേരുന്നുണ്ട്.
 ഫെബ്രുവരി 12 നാണ് ബജറ്റ് അവതരണം. ധനവകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയാവും ബജറ്റ് അവതരിപ്പിക്കുക. കെ.എം. മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലെ സംഭവങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് ഉരുത്തിരിയുന്നത്. മുഖ്യമന്ത്രിയോടും ആരോപണവിധേയരായ മന്ത്രിമാരോടും സ്വീകരിക്കേണ്ട നിലപാട് എല്‍.ഡി.എഫില്‍ ചര്‍ച്ചയാവും.
വ്യാഴാഴ്ച മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ഇടതു യുവജന സംഘടനകളുടെ രൂക്ഷമായ പ്രതികരണം വരുംദിവസങ്ങളുടെ സൂചനയാണ്.
രാജിവെക്കില്ളെന്ന ഉമ്മന്‍ ചാണ്ടിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതികരണവും  യു.ഡി.എഫിന് എതിരായ അവമതിപ്പ് വളര്‍ത്തും. ആരോപണവിധേയനായ മുഖ്യമന്ത്രിയടക്കം അധികാരത്തില്‍ തുടരുന്നതിലൂടെ  പ്രക്ഷോഭങ്ങളെ സാധൂകരിക്കാനാവുമെന്നും എല്‍.ഡി.എഫ് തിരിച്ചറിയുന്നു. മുഖ്യമന്ത്രിയെ പിന്തുണക്കുന്ന എ.കെ. ആന്‍റണിയുടെയും വി.എം. സുധീരന്‍െറയും രാഷ്ട്രീയ ധാര്‍മികതയെയും ചോദ്യം ചെയ്യും. കെ. ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് ഹൈകോടതിയില്‍നിന്ന് ലഭിച്ചത് താല്‍ക്കാലിക സ്റ്റേ മാത്രമാണെന്ന വിലയിരുത്തലാണ് ഇടതുനേതൃത്വത്തിന്. മാത്രമല്ല, കേസ് ഹൈകോടതി പരിഗണിക്കാനിരിക്കുന്നതിനാല്‍ ബാബു കുറ്റവിമുക്തനെന്ന വാദം നിലനില്‍ക്കുകയുമില്ല.ബാര്‍കോഴയില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും വി.എസ്. ശിവകുമാറിന്‍െറയും പേരുകള്‍  പുറത്ത്വന്നതോടെ സോളാറിനൊപ്പം ഇതും രാഷ്ട്രീയ ഊര്‍ജം നല്‍കുമെന്നും എല്‍.ഡി.എഫ് തിരിച്ചറിയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.