പ്രതിസന്ധി അയഞ്ഞു; ഭീഷണി ഒഴിഞ്ഞ് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കോഴയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈകോടതി നടപടി മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനും ആശ്വാസമായി. ഒരുദിവസം നീണ്ട രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കാണ് താല്‍ക്കാലിക വിരാമമായത്. സോളാര്‍ കമീഷന് മുന്നിലെ സരിത നായരുടെ മൊഴിയും വിജിലന്‍സ് കോടതി വിധിയും സൃഷ്ടിച്ച തിരിച്ചടികള്‍ തുടരുകയാണെങ്കിലും ഹൈകോടതി ഉത്തരവിലൂടെ ഒഴിവായത് സര്‍ക്കാറിന്‍െറ നിലനില്‍പിനുള്ള ഭീഷണിയാണ്. ഇതോടൊപ്പം ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനത്തിന് ഉയര്‍ന്ന വെല്ലുവിളിയും താല്‍ക്കാലികമായി ഒഴിവായി.
വിജിലന്‍സ് ജഡ്ജി പരിധി കടന്നെന്ന ഹൈകോടതി നിരീക്ഷണം ഭരണപക്ഷ വാദങ്ങള്‍ക്ക് അടിവരയിടുന്നതും ഗൂഢാലോചനയെന്ന ആക്ഷേപത്തിന് ശക്തി പകരുന്നതുമാണ്. അതേസമയം, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സരിതയുടെ മൊഴി ഭരണമുന്നണിയെ പ്രതിരോധത്തിലാക്കുന്നതാണ്.
ഹൈകോടതിയില്‍നിന്ന് അസുഖകരമായ പരാമര്‍ശം ഉണ്ടായാല്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗവും ഉമ്മന്‍ ചാണ്ടിക്ക് മുന്നിലുണ്ടായിരുന്നില്ല. അതിനാല്‍ മന്ത്രിമാരുള്‍പ്പെടെ മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തിനൊപ്പം ക്ളിഫ്ഹൗസില്‍ ഉണ്ടായിരുന്നു. ഉച്ചക്കുശേഷം അനുകൂല ഉത്തരവ് വന്നതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. വിവാദവിഷയങ്ങളില്‍ തന്‍െറ നിലപാടില്‍ കഴമ്പുണ്ടെന്ന് വാദിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ഇത് സഹായകമാണ്. അതേസമയം, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ സരിത നായര്‍ സോളാര്‍ കമീഷനില്‍ നല്‍കിയ മൊഴിക്ക് പിന്നില്‍ ഗൂഢാലോചന ആരോപിക്കുമ്പോഴും ഇക്കാര്യം തെളിയിക്കുന്ന ഒന്നും പുറത്തുവിടാന്‍  ഭരണനേതൃത്വത്തിന് സാധിച്ചിട്ടില്ല. സരിതയുടെ  മൊഴികളും ഇതുസംബന്ധിച്ച വാര്‍ത്തകളും ഭരണമുന്നണിക്ക് തിരിച്ചടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കവേ സര്‍ക്കാറിനും യു.ഡി.എഫിനും എതിരെ നീങ്ങാന്‍ നല്ളൊരു ആയുധമാണ് പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം പഴയതുപോലെ കോണ്‍ഗ്രസില്‍ ചോദ്യംചെയ്യപ്പെടാത്തതാവുമെന്ന് കരുതാനുമാവില്ല. ഐ ഗ്രൂപ്പുകാരനും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനില്‍ നിന്നുണ്ടായ പ്രതികരണം ഇതാണ് വ്യക്തമാക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.