കോട്ടയം: കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് വഞ്ചിച്ചു, ഇനി അവര്‍ക്കൊപ്പം തുടരേണ്ടതില്ളെന്ന് കേരള കോണ്‍ഗ്രസ് സിറ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം. ബാര്‍ കോഴക്കസ് ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ  ഒളിഞ്ഞും തെളിഞ്ഞും കെ.എം. മാണി അടക്കമുള്ളവര്‍ രംഗത്തുവന്നതിനു പിന്നാലെ ചേര്‍ന്ന യോഗത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും അടൂര്‍ പ്രകാശിനുമെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്.
 യോഗത്തില്‍ സംസാരിച്ച ഭൂരിപക്ഷം പേരും മുന്നണി മാറണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അത്തരത്തിലൊരു സാഹചര്യമില്ളെന്ന് പറഞ്ഞ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ഇതുതള്ളി. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും ഇതിനോട് യോജിച്ചു. നേരത്തേ യു.ഡി.എഫ് വിടുന്നതരത്തിലൊരു തീരുമാനത്തിലേക്ക് പോയാല്‍ താന്‍ ഒപ്പമുണ്ടാകില്ളെന്ന് കെ.എം. മാണിയെ ജോസഫ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യോഗത്തിലും ഇതിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും കോണ്‍ഗ്രസിനെ കാര്യമായി ആക്രമിക്കാന്‍  കെ.എം. മാണി തയാറായില്ല.
ബാര്‍ കോഴക്കേസിലടക്കം പാര്‍ട്ടി ശക്തമായി നിലപാട് സ്വീകരിക്കുന്ന ഈ സമയത്തുപോലും  കെ.എം. മാണിയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കെ.എം. മാണിയുടെ ബജറ്റിനെ വിമര്‍ശിച്ച ‘വലിയ’ നേതാക്കള്‍  ഇപ്പോള്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ വെറുതെ വിടുകയായിരുന്നു. മുന്നണി വിടുന്നില്ളെങ്കില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കണമെന്ന് തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച സീറ്റുകളില്‍ കോണ്‍ഗ്രസിന്‍െറ മുഴുവന്‍ വോട്ടും ലഭിച്ചില്ല. യു.ഡി.എഫിന് ദയനീയ പരാജയം ഉണ്ടായപ്പോഴും പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനായി. അതിന്‍െറയൊരു പരിഗണന കോണ്‍ഗ്രസ് നേതൃത്വം കാട്ടുന്നില്ല. ബാര്‍ കോഴക്കേസ് ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജുരമേശിന്‍െറ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയായിരുന്നു. എന്നിട്ടും നേതൃത്വം ഒന്നും ചെയ്തില്ളെന്നും അഭിപ്രായം ഉയര്‍ന്നു.
മുന്നണി വിടാന്‍ അനുയോജ്യമായ സാഹചര്യം ഒത്തുവന്നപ്പോള്‍ അത് ചെയ്യാതിരുന്നതിന്‍െറ വിലയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. കേരള കോണ്‍ഗ്രസ് എന്‍.ഡി.എ മുന്നണിക്കൊപ്പം ചേരുമെന്ന പ്രചാരണം നടക്കുന്നുണ്ട്. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കും. നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഇത്തരം പ്രചാരണങ്ങള്‍ക്ക് തടയിടണം.
രമേശ് ചെന്നിത്തലയുടെ കീഴില്‍നിന്ന് പ്രവര്‍ത്തിക്കണമോയെന്ന് എം.എല്‍.എമാര്‍ മന$സാക്ഷിയോട് ചോദിക്കണം.
കേരള കോണ്‍ഗ്രസിന് മുന്‍കാലങ്ങളില്‍ യു.ഡി.എഫില്‍ മാന്യതയുണ്ടായിരുന്നു. ഇപ്പോഴത്തെ നേതൃത്വത്തില്‍നിന്ന് ഇതുണ്ടാകുന്നില്ല. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടോയെന്ന് സംശയിക്കണം.  
ഉമ്മന്‍ ചാണ്ടി നല്ല പിള്ള ചമയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍െറ നിലപാടുകളെയും സൂക്ഷമായി നിരീക്ഷിക്കണം.
തിരുവല്ല സീറ്റില്‍ പരാജയപ്പെടാന്‍ പി.ജെ. കുര്യന്‍െറ നിലപാടാണ് കാരണം. കുര്യനെതിരെ യു.ഡി.എഫ് യോഗത്തില്‍ നടപടി ആവശ്യപ്പെടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
നേതാക്കളുടെ അഭിപ്രായങ്ങള്‍കേട്ട കെ.എം. മാണി ഇപ്പോള്‍ മുന്നണി വിടേണ്ട സാഹചര്യമില്ളെന്ന് വ്യക്തമാക്കി. അങ്ങനെ വന്നാല്‍  താനും ജോസഫും ചേര്‍ന്ന് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.