ചരിത്ര പരീക്ഷണത്തിലൂടെ എസ്.എന്‍.ഡി.പി യോഗം

ആലപ്പുഴ: ജനറല്‍ സെക്രട്ടറി മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ പ്രതിയായതോടെ എസ്.എന്‍.ഡി.പി യോഗം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം. സംഘടനയുടെ നേതൃസ്ഥാനത്തുള്ളവര്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിയാകുന്നത് ആദ്യസംഭവമാണ്. 1903ല്‍ ശ്രീനാരായണഗുരു അധ്യക്ഷനായി രൂപംകൊണ്ട യോഗത്തിന്‍െറ ആദ്യ ജനറല്‍ സെക്രട്ടറിയായ കുമാരനാശാന്‍ മുതല്‍ വെള്ളാപ്പള്ളി നടേശന് മുമ്പുള്ള അഡ്വ. കെ. ഗോപിനാഥന്‍ വരെയുള്ളവര്‍ക്ക് വ്യത്യസ്ത ആശയങ്ങളുണ്ടായിരുന്നു. നേതാക്കള്‍ തമ്മില്‍ ഭിന്നതയും അതുവഴി പ്രതിസന്ധിയും ഭവിച്ചിട്ടുണ്ട്. എന്നാല്‍, അന്നൊന്നും സംഘടനയെ ഒരു ചേരിതിരിവിലേക്കോ അല്ളെങ്കില്‍ ഇപ്പോഴത്തെപോലെ ഒരു പരീക്ഷണഘട്ടത്തിലേക്കോ എത്തിച്ചിട്ടില്ല. യോഗത്തിന്‍െറയും സഹോദര സ്ഥാപനമായ എസ്.എന്‍ ട്രസ്റ്റിന്‍െറയും ചരിത്രത്തില്‍ കൂടുതല്‍ കാലം നേതൃസ്ഥാനത്ത് ഇരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍െറ കാലത്താണ് ഏറ്റവും വലിയ പരീക്ഷണം പ്രസ്ഥാനത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടന എന്ന നിലയില്‍ അതിന്‍െറ ഏറ്റവും കീഴ്ഘടകമായ ശാഖായോഗം മുതല്‍ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളില്‍ വരെ ഇരിക്കുന്നവര്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാട് പുലര്‍ത്തിയിട്ടുണ്ട്. ആര്‍. ശങ്കര്‍, കെ.കെ. വിശ്വനാഥന്‍, എം.കെ. രാഘവന്‍, കെ. ഗോപിനാഥന്‍ തുടങ്ങിയവര്‍ പ്രത്യേക രാഷ്ട്രീയ ആശയഗതിക്കാരായിരുന്നു. അതേസമയം, സി.ആര്‍. കേശവന്‍ വൈദ്യര്‍ യുക്തിവാദ പ്രസ്ഥാനമായും ഡോ. കെ.കെ. രാഹുലന്‍ ശാസ്ത്രസാഹിത്യ പരിഷത്തുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അവരാരും എസ്.എന്‍.ഡി.പി യോഗത്തെ ഒരു രാഷ്ട്രീയചായ്വിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നില്ല.

എന്നാല്‍, വെള്ളാപ്പള്ളിയുടെ കാലത്ത് സംഘ്പരിവാര്‍ ആശയത്തിലേക്ക് എസ്.എന്‍.ഡി.പി യോഗത്തെ എത്തിക്കാന്‍ ശ്രമം നടന്നു. അതിന്‍െറ പരീക്ഷണഘട്ടമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്.  നേതൃത്വം സംഘ്പരിവാര്‍ ആശയങ്ങള്‍ക്കൊപ്പം പോയപ്പോള്‍ സമുദായത്തിലെ ബഹുഭൂരിപക്ഷവും അവരുടെ പരമ്പരാഗത ഇടതുപക്ഷ ആഭിമുഖ്യത്തില്‍ ഉറച്ചുനിന്നു. വെള്ളാപ്പള്ളിയുടെ സംഘ്പരിവാര്‍ ബന്ധത്തെ പ്രതിരോധിക്കാന്‍ വി.എസ് അതിശക്തമായി രംഗത്തത്തെുകയും ചെയ്തു. ഇതോടൊപ്പം എസ്.എന്‍.ഡി.പിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതി ക്രമക്കേടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് കോടതിയെ സമീപിച്ചു. അതിന്‍െറ തുടര്‍ച്ചയാണ് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി എഫ്.ഐ.ആര്‍ വന്നത്.

മുന്‍ഗാമികളുടെ കാലത്ത് യോഗത്തിന് ഉണ്ടായിരുന്ന ആദര്‍ശാത്മകതയും ഗുരുദര്‍ശന നിലപാടും നല്‍കിയ സംഘടനാപരമായ വെളിച്ചത്തിന് മങ്ങലേറ്റു എന്നത് വെള്ളാപ്പള്ളിയുടെ കാലത്തിന്‍െറ ബാക്കിപത്രമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.