കോടിയേരിയുടെ പ്രസംഗം പാര്‍ട്ടി പിന്തുണയോടെ

കണ്ണൂര്‍: അക്രമത്തെ അപ്പോള്‍തന്നെ പ്രതിരോധിക്കണമെന്നും അതിന് പ്രവര്‍ത്തകര്‍ പരിശീലനം നേടണമെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ പ്രസ്താവന പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയോടെയാണെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കോടിയേരിയുടെ പ്രസംഗത്തെ ന്യായീരിച്ച കണ്ണൂര്‍ സെക്രട്ടറി പി. ജയരാജന്‍െറ പ്രതികരണവും ചൊവ്വാഴ്ച പുറത്തിറങ്ങിയ പാര്‍ട്ടി മുഖപത്രത്തിന്‍െറ ആഴ്ചപംക്തിയില്‍ കോടിയേരിയെ ന്യായീകരിച്ചുള്ള ലേഖനവും ഇതിന്‍െറ ഭാഗമാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ സംഘ്പരിവാര്‍ നുഴഞ്ഞുകയറി കൊലനടത്തുന്ന പുതിയരീതിയെ അതേനാണയത്തില്‍ ചെറുക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമാണീ പ്രസ്താവന.

പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്‍െറ തൊട്ടടുത്ത മണിക്കൂറില്‍ ബി.എം.എസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത് പാര്‍ട്ടി ഘടകങ്ങളില്‍ സമ്മിശ്രപ്രതികരണം ഉയര്‍ത്തിയിരുന്നു. മുന്‍ കേസിലൊന്നും പ്രതിയല്ലാത്ത ഒരാളെ ഭാര്യയുടെ മുന്നില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയത് ശരിയായില്ളെന്ന് ചിലയിടത്തുയര്‍ന്ന പ്രതികരണത്തിന്‍െറ നാവടപ്പിക്കാന്‍കൂടിയാണ് പയ്യന്നൂരില്‍ പൊതുപരിപാടിയില്‍ വെച്ചുതന്നെ പാര്‍ട്ടി സെക്രട്ടറി പ്രസ്താവന നടത്തിയതെന്നാണ് കരുതുന്നത്.

കോടിയേരിയുടെ ‘വരമ്പത്തെ കൂലി’ പ്രയോഗത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതികാരക്കൊലകളുടെ പാരമ്പര്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആത്മരക്ഷാര്‍ഥം തിരിച്ചടിക്കേണ്ടിവരുമെന്ന് എ.കെ.ജിപോലും  പ്രസംഗിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വീടുകളില്‍ കയറി പൊലീസ് നരനായാട്ട് നടത്തിയപ്പോള്‍ സ്ത്രീകളോട് ‘കറിക്കത്തിയും ചിരവയുംകൊണ്ടുള്ള പ്രയോഗം മറ്റ് ചിലതിനുകൂടിയാണ്’ എന്ന് ഓര്‍മിപ്പിച്ചിരുന്നു. ‘അളമുട്ടിയാല്‍ ചേരയും കടിക്കും’, ‘കുത്താന്‍ വരുന്ന പോത്തിനോട് വേദാന്തമോതരുത്’ തുടങ്ങിയ പ്രയോഗവും കണ്ണൂരിലെ കലാപരാഷ്ട്രീയത്തിലെ പതിവാണ്.  ഇ.പി. ജയരാജന്‍ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍   കൂത്തുപറമ്പ് മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷവേളയിലാണ് ആയിത്തറയില്‍ ദീര്‍ഘകാല യുവജന ക്യാമ്പ് സംഘടിപ്പിച്ചത്. പാര്‍ട്ടി കുടുംബത്തിന് ജീവിക്കാന്‍ കഴിയാതായെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് ക്യാമ്പെന്നും വ്യാഖ്യാനിച്ചു. ചെഗുവേരയുടെ പേരിലാണ് ഈ ക്യാമ്പ് അറിയപ്പെട്ടത്.

പരമ്പരാഗതമായ ആയുധപരിശീലനത്തിന് പുറമേ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സേവാഭാരതിയിലൂടെയും മറ്റും വ്യത്യസ്ത പദ്ധതികളിലായി സംരക്ഷണസംരംഭങ്ങള്‍ ഒരുക്കി സംഘ്പരിവാറും ജില്ലയുടെ സാഹചര്യത്തിനനുസരിച്ച് സംഘടനാസന്നാഹം ഒരുക്കിവെച്ചു. മറുഭാഗത്ത് രക്തസാക്ഷി കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജീവകാരുണ്യസംരംഭം സി.പി.എമ്മും ആവിഷ്കരിച്ചിട്ടുണ്ട്.  കാല്‍ നഷ്ടപ്പെട്ട് ജില്ല വിട്ട് കഴിയുന്ന ആര്‍.എസ്.എസ് നേതാവ് സദാനന്ദന്‍ മാസ്റ്ററും ഒരു കൈയുടെ ചലനമറ്റ സി.പി.എം നേതാവ് പി. ജയരാജനും തിരിച്ചടിരാഷ്ട്രീയത്തിലെ ജീവിക്കുന്ന രക്തസാക്ഷികളാണ്. എസ്.എഫ്.ഐ നേതാവ് സുധീഷ്, യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ എന്നിവരും നേതാവിന് പകരം നേതാവ് എന്ന തിരിച്ചടിസിദ്ധാന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്. കൊലക്കേസുകളില്‍ പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ച് പൊലീസ് കുറ്റപത്രം തയാറാക്കുമ്പോഴാണ് തിരിച്ചടികള്‍ വ്യാപകമായിരുന്നത്. സമാധാനക്കരാര്‍ ഒപ്പിട്ടുകൊണ്ടുതന്നെ യഥാര്‍ഥപ്രതികളെ കുറെ കാലത്തിനുശേഷം വകവരുത്തുന്നു.  

ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ നാടായ പിണറായിഗ്രാമത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ടതാണ് പുതിയ വിവാദത്തിന്‍െറ തുടക്കം.
തങ്ങളുടെ ഉരുക്കുകോട്ടയില്‍ കയറിവന്ന് കൊലവിളി നടത്താനുള്ള തീരുമാനം ആര്‍.എസ്.എസിന്‍െറ കണ്ണൂര്‍ ബൈഠക്കിന്‍േറതാണെന്ന് സി.പി.എം ആരോപിക്കുന്നു. ജില്ലയിലെ സി.പി.എമ്മിന്‍െറ പയ്യന്നൂരിലെ കരുത്തുറ്റ ഗ്രാമങ്ങളിലൊന്നില്‍ വീണ്ടുമൊരു കൊല അരങ്ങേറിയതോടെ അമ്പരന്നവര്‍ ഏറെയാണ്. പക്ഷേ, അതിനുള്ള തിരിച്ചടി പ്രശ്നങ്ങളില്‍ പ്രതിയൊന്നുമാവാത്ത ഒരാളുടെ ജീവനപഹരിച്ചുകൊണ്ടായിപ്പോയി എന്ന പരിഭവത്തെയാണ് കോടിയേരിയുടെ പ്രസ്താവന നാവടപ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.