എസ്.എന്‍.ഡി.പിയില്‍ അപ്രഖ്യാപിത ‘അടിയന്തരാവസ്ഥ’

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ കീഴ്ഘടകങ്ങളില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് നിരോധം. ചൊവ്വാഴ്ച ചേര്‍ത്തലയില്‍ ചേര്‍ന്ന യോഗം ബോര്‍ഡിന്‍െറയും യൂനിയന്‍ ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ്  സുപ്രധാന തീരുമാനം. സംസ്ഥാനത്ത് സി.പി.എം അധികാരത്തിലത്തെിയ പശ്ചാത്തലം കണക്കിലെടുത്താണ് സംഘടനയില്‍  ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍  സൃഷ്ടിക്കാനിടയുള്ള തീരുമാനം നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.

കമ്പനി നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന യോഗത്തില്‍ ഒരു കാരണവശാലും ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താതിരിക്കാനാവില്ളെന്നതിനാല്‍ ഒൗദ്യോഗികമായി അങ്ങനെയൊരു തീരുമാനമെടുത്തതായി രേഖകളിലുണ്ടാകില്ല. ബോര്‍ഡ് അംഗങ്ങളും വിവിധ യൂനിയന്‍ പ്രസിഡന്‍റ്, സെക്രട്ടറി, വൈസ് പ്രസിഡന്‍റ്മാരും പോഷക സംഘടനാ പ്രതിനിധികളുമടക്കം 500 ഓളം അംഗങ്ങള്‍ യോഗത്തില്‍  പങ്കെടുത്തു.

 ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവെച്ച തീരുമാനം അദ്ദേഹത്തിന്‍െറ ഉറ്റ അനുയായികള്‍ പോലും മനസ്സില്ലാമനസ്സോടെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സുപ്രധാനമായ തീരുമാനങ്ങളൊന്നും സംയുക്ത യോഗത്തില്‍ ഉണ്ടായിട്ടില്ളെന്നായിരുന്നു ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതാണ് ഒരു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളൊന്നും നടത്തേണ്ടതില്ളെന്ന തീരുമാനത്തിന് പിന്നില്‍. ഇടത് പക്ഷക്കാര്‍ പ്രത്യേകിച്ചും സി.പി.എം അനുഭാവികള്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെടാനിടയുള്ളതിനാലാണ് നേതൃത്വത്തിന്‍െറ ഈ നിലപാട്.

 വെള്ളാപ്പള്ളി നടേശനുമായി യോജിപ്പില്‍ അല്ലാത്ത യൂനിയനുകള്‍ നേരത്തേ തന്നെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്‍െറ വസതി സ്ഥിതിചെയ്യുന്ന കണിച്ചുകുളങ്ങര ഉള്‍പ്പെടുന്ന ചേര്‍ത്തല യൂനിയന്‍ പോലും ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 142 യൂനിയനുകളിലെയും 5400 ശാഖകളിലെയും മൂന്നിലൊന്നില്‍ ടേണ്‍ അനുസരിച്ച്  തെരഞ്ഞെടുപ്പ് നടത്തേണ്ട സമയമായി. പത്രപ്പരസ്യം നല്‍കിയായിരുന്നു മുന്‍ കാലങ്ങളില്‍ തെരഞ്ഞെടുപ്പിന് നോട്ടീസ് നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് നടക്കാതെ വരുന്നതോടെ നിലവിലെ സ്ഥിതി തുടരും.

അതേസമയം ഭാരവാഹി തെരഞ്ഞെടുപ്പ് മുടങ്ങുന്നത് സംഘടനയില്‍ ഭരണം സ്തംഭനത്തിന് ഇടയാക്കിയേക്കുമെന്ന ആശങ്കയുണ്ട്.
അതേസമയം യോഗ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് മുന്‍ പ്രസിഡന്‍റ് അഡ്വ.സി.കെ. വിദ്യാസാഗര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമപ്രകാരമുള്ള തെരഞ്ഞെടുപ്പ് നടത്താത്ത സാഹചര്യം ഉടലെടുത്താല്‍ കോടതിയെ സമീപിക്കാനാണ് ശ്രീനാരായണ ധര്‍മ വേദിയുടെ തീരുമാനമെന്ന് വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.