തെരഞ്ഞെടുപ്പ് പരാജയം: വിലയിരുത്തലില്ലാതെ യു.ഡി.എഫ് യോഗം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയ ശേഷം രണ്ടാംതവണ ചേര്‍ന്ന യു.ഡി.എഫ് യോഗവും ഫലം വിശദമായി വിലയിരുത്താതെ പിരിഞ്ഞു. ഫലപ്രഖ്യാപനത്തിനുശേഷം  രണ്ടാഴ്ച മുമ്പ് ചേര്‍ന്ന ആദ്യ യോഗം ഘടകകക്ഷികളുടെ സ്വയം വിലയിരുത്തലിനുശേഷം വിശദമായ ചര്‍ച്ച നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതനുസരിച്ചായിരുന്നു ബുധനാഴ്ചത്തെ മുന്നണി യോഗം. എന്നാല്‍ കെ.എം. മാണി, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി വിശദമായ വിലയിരുത്തല്‍ ഒഴിവാക്കുകയായിരുന്നു. നിയോജക മണ്ഡലം-ജില്ലാ തലങ്ങളിലെ ചര്‍ച്ചക്കുശേഷം ജൂലൈ ആദ്യവാരം സംസ്ഥാനതല വിലയിരുത്തല്‍ നടത്താമെന്നാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം,യു.ഡി.എഫ് സര്‍ക്കാറിനെതിരെ ഇടതുമുന്നണി ഉയര്‍ത്തിയ ആരോപണങ്ങള്‍ ചെറുക്കാനാവാത്തതും സി.പി.എമ്മിന്‍െറയും ബി.ജെ.പിയുടെയും വര്‍ഗീയ ധ്രുവീകരണശ്രമവും തിരിച്ചടിക്ക് കാരണമായെന്ന് പ്രാഥമികമായി വിലയിരുത്തിയതായി യോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും വീഴ്ച ഉണ്ടായി.

മുല്ലപ്പെരിയാര്‍ വിഷയത്തിലെ  മുഖ്യമന്ത്രിയുടെ നിലപാടിനത്തെുടര്‍ന്നുണ്ടായ പ്രശ്നം  പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഡാം സുരക്ഷിതമാണെന്ന വാദം തിരുത്താന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേസ് നിലനില്‍ക്കെ, മുഖ്യമന്ത്രി നിലപാട് തിരുത്തിയില്ളെങ്കില്‍ അത് കേരളത്തിന്  ദോഷകരമാകും. അതിനാല്‍  ആശങ്ക പരിഹരിക്കാനും നിലപാട് വ്യക്തമാക്കുന്നതിനും സര്‍ക്കാര്‍ സര്‍വകക്ഷിയോഗം ചേരേണ്ടതുണ്ട്.

ഭരണമാറ്റത്തിന്‍െറ പേരിലുള്ള കൂട്ടസ്ഥലംമാറ്റം അവസാനിപ്പിക്കണം. നിയമവും ചട്ടവും ലംഘിച്ച് നടന്ന സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കണം. അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടിയെടുക്കണം. തെരെഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അക്രമം നടക്കുകയാണ്. ഇക്കാര്യത്തില്‍ പൊലീസ് നിഷ്ക്രിയമാണ്. പ്രശ്നം നിഷ്പക്ഷമായി കൈകാര്യം ചെയ്യാന്‍ പൊലീസ് തയാറാകണം. അധികാരത്തിലത്തെിയാല്‍ 48 മണിക്കൂറിനകം പെരുമ്പാവൂരിലെ ജിഷയുടെ ഘാതകരെ പിടികൂടുമെന്ന് പറഞ്ഞവരുടെ ഇപ്പോഴത്തെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് ഒരു രേഖാചിത്രം വരച്ചതിന്‍െറ പേരില്‍ പരിഹസിച്ച ഇടതുപക്ഷം അധികാരത്തിലത്തെിയശേഷം 12എണ്ണം വരച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ രേഖാചിത്രം വരപ്പിച്ചെന്ന് പരിഹസിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ ആരെ വെച്ചാണ് രേഖാചിത്രം വരച്ചതെന്ന്  പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.