യു.ഡി.എഫിന് ആശങ്ക സൃഷ്ടിച്ച് മാണിഗ്രൂപ്പിലെ പിളര്‍പ്പ്

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  കേരള കോണ്‍ഗ്രസ്-എമ്മിലെ പിളര്‍പ്പ് യു.ഡി.എഫിന് തിരിച്ചടിയായി. മധ്യകേരളത്തില്‍ മുന്നണിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്  പഴയ ജോസഫ് വിഭാഗം നേതാക്കളുടെ തീരുമാനം. ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തിലുള്ള ചുവടുമാറ്റം യു.ഡി.എഫിന്‍െറ പരമ്പരാഗത വോട്ടുബാങ്കുകളെ കാര്യമായി ബാധിക്കുകയില്ളെങ്കില്‍പോലും മുന്നണിയുടെ ഭദ്രതയെയും തെരഞ്ഞെടുപ്പ് സാധ്യതകളെയും സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതാണ്.

മാണിഗ്രൂപ് മുന്നണിയിലെ  പ്രധാന ഘടകകക്ഷികളിലൊന്നാണ്. ശക്തി വര്‍ധിപ്പിക്കാനാണ് മാണി-ജോസഫ് ഗ്രൂപ്പുകള്‍ അഞ്ചുവര്‍ഷംമുമ്പ് ലയിച്ചതെങ്കിച്ചും അന്നുമുതല്‍ അസ്വസ്ഥതകളും നിലനിന്നു. ഇത് ലോക്സഭാതെരഞ്ഞെടുപ്പോടെ അവിശ്വാസത്തിലത്തെി. ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി ഇടുക്കിസീറ്റ് വാങ്ങണമെന്ന പാര്‍ട്ടി തീരുമാനം യാഥാര്‍ഥ്യമാകാത്തതാണ് അതിന് കാരണമായത്. മാണി ആത്മാര്‍ഥമായി ശ്രമിച്ചില്ളെന്നായിരുന്നു ആക്ഷേപം. ബാര്‍കോഴ ആരോപണത്തിനൊടുവില്‍  മാണിക്ക് രാജിവെക്കേണ്ടിവന്നതോടെ  അകല്‍ച്ചയും അവിശ്വാസവും പരസ്യമായി.

മാണിഗ്രൂപ് യു.ഡി.എഫ് വിടുമെന്ന പ്രചാരണം ഉണ്ടായപ്പോഴെല്ലാം ഈ അകല്‍ച്ചയെ കോണ്‍ഗ്രസ് ഫലപ്രദമായി ഉപയോഗിച്ചു. കസ്തൂരിരംഗന്‍, ഇടുക്കി സീറ്റ്, ബാര്‍കോഴ, മാണിയുടെ രാജി തുടങ്ങിയ വിഷയങ്ങളിലെല്ലാം ഭരണം നിലനിര്‍ത്താന്‍ സഹായകമായത് ഇരുപക്ഷത്തെയും യുക്താനുസരണം ഉപയോഗിച്ച കോണ്‍ഗ്രസ് തന്ത്രമാണ്.

മുന്നണിയിലെ ഐക്യമാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ നേതാക്കള്‍  എപ്പോഴും മേന്മയായി ചൂണ്ടിക്കാട്ടാറുള്ളത്. എന്നാല്‍, കുറച്ചുകാലമായി മുന്നണിയില്‍ കൊഴിഞ്ഞുപോക്ക് ശക്തമാണ്. പ്രമുഖ കക്ഷികളൊന്നുമില്ളെങ്കിലും എം.എല്‍.എമാര്‍ ഉള്‍പ്പെടെ പോയി. ഏതെങ്കിലും കക്ഷി മുന്നണിവിട്ടാലുള്ള  അപകടം തിരിച്ചറിഞ്ഞാണ് വീരേന്ദ്രകുമാറിനെയും കൂട്ടരെയും കോണ്‍ഗ്രസ് നേതൃത്വം പിടിച്ചുനിര്‍ത്തിയത്. അതിനിടെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തിലുള്ള  കൊഴിഞ്ഞുപോക്ക്.

ഇടതുമുന്നണിക്ക് പൊതുവെ അനുകൂലമല്ലാത്ത മധ്യകേരളത്തില്‍, പ്രത്യേകിച്ചും ക്രൈസ്തവമേഖലകളില്‍ കടന്നുകയറാന്‍ ഇവരുടെ വരവ് ഉപയോഗിക്കാനാകുമെന്നാണ് സി.പി.എമ്മിന്‍െറ  പ്രതീക്ഷ. യു.ഡി.എഫ്  കുത്തകയാക്കിയ സീറ്റുകളില്‍ ചലനങ്ങളുണ്ടാക്കാന്‍ ഫ്രാന്‍സിസിനും കൂട്ടര്‍ക്കും കഴിഞ്ഞേക്കും. അതിനേക്കാളും മുന്നണിയുടെ  കെട്ടുറപ്പിനെയാണ് ഇവരുടെ ചുവടുമാറ്റം ബാധിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.