തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും വൈകിയെങ്കിലും സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് 20ഓടെ പ്രഖ്യാപിക്കാന്‍ എല്‍.ഡി.എഫില്‍ തീരുമാനം. സീറ്റ് പങ്കിടലും സഹകരിക്കാന്‍ താല്‍പര്യപ്പെടുന്ന കക്ഷികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും സി.പി.എമ്മും സി.പി.ഐയും മറ്റു കക്ഷികളും തമ്മില്‍ 20നുമുമ്പ് ചര്‍ച്ചനടത്തി ധാരണയിലത്തൊനാണ് ഉദ്ദേശിക്കുന്നത്.

സി.പി.എം സ്ഥാനാര്‍ഥികളുടെ പ്രാഥമിക നിര്‍ദേശം മാര്‍ച്ച് 11, 12 തീയതികളിലെ സംസ്ഥാന സെക്രട്ടേറിയറ്റും 13ലെ സംസ്ഥാന സമിതിയും തയാറാക്കും. ഇത് ജില്ലാ കമ്മിറ്റികള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ക്കും സമര്‍പ്പിക്കും. മാര്‍ച്ച് 16ന് ചേരുന്ന സെക്രട്ടേറിയറ്റ് കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് പട്ടിക തയാറാക്കി പി.ബിക്ക് സമര്‍പ്പിക്കും. അവരുടെ അനുമതിയോടെ പട്ടിക പ്രസിദ്ധീകരിക്കും. കീഴ്ഘടകങ്ങളില്‍നിന്നുള്ള നിര്‍ദേശം പരിഗണിക്കാന്‍ മാര്‍ച്ച് 18ന് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി ചേരും. 19ലെ സംസ്ഥാന കൗണ്‍സിലിലാവും അന്തിമപട്ടിക പ്രഖ്യാപിക്കുക. മറ്റ് ഘടകകക്ഷികളോടും 20നകം പട്ടിക തയാറാക്കാന്‍ സി.പി.എം നിര്‍ദേശിച്ചിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് (എം) വിട്ട ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ.സി. ജോസഫ്, ആന്‍റണി രാജു എന്നിവര്‍ എ.കെ.ജി സെന്‍ററിലത്തെി കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, വൈക്കം വിശ്വന്‍ എന്നിവരെ കണ്ടു. എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. മുമ്പ് എല്‍.ഡി.എഫിലെ ഘടകകക്ഷിയായിരുന്നു പി.ജെ. ജോസഫ് വിഭാഗമെന്നും അത് പുനരുജ്ജീവിപ്പിക്കാന്‍ മാര്‍ച്ച് ഒമ്പതിന് യോഗം ചേരുമെന്നും അവര്‍ അറിയിച്ചു. നേരത്തേ മുന്നണി യോഗത്തില്‍ തങ്ങളും പങ്കെടുക്കാറുണ്ടായിരുന്നു. അതില്‍ പി.ജെ. ജോസഫ് മാത്രമാണ് കൂടെ ഇല്ലാത്തതെന്നും നേതാക്കള്‍ പറഞ്ഞു. മുന്നണിയില്‍ ചര്‍ച്ചചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന് സി.പി.എം നേതൃത്വം മറുപടി നല്‍കി.

രാത്രി എം.എന്‍ സ്മാരകത്തില്‍ എത്തിയ ഫ്രാന്‍സിസ് ജോര്‍ജും ഡോ. കെ.സി. ജോസഫും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എല്‍.ഡി.എഫ് ചേര്‍ന്ന് നിലപാട് വ്യക്തമാക്കാമെന്ന് കാനവും അറിയിച്ചു. അതേസമയം എന്‍.സി.പി, ജനതാദള്‍ (എസ്) നേതാക്കളും സി.പി.എം നേതൃത്വത്തെ സന്ദര്‍ശിച്ചു. ഇരുപാര്‍ട്ടികളും ഏഴ് സീറ്റ് വീതമാണ് ആവശ്യപ്പെടുന്നത്.

ഫ്രാന്‍സിസ് വിഭാഗത്തെ കക്ഷിയാക്കുന്നത് വരുംദിവസങ്ങളില്‍ എല്‍.ഡി.എഫിലും അവരോട് സഹകരിക്കുന്നവര്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കും. വിഷയത്തില്‍ സി.പി.എം നേതൃത്വത്തിന് അനുകൂല നിലപാടാണുള്ളത്. ബാര്‍ കോഴ അഴിമതിയെ പരസ്യമായി പിന്തുണച്ചവരെ മുന്നണിയിലെടുക്കുന്നതില്‍ സി.പി.ഐക്ക് ആശങ്കയുണ്ട്. ഇത് കാനം പരസ്യമായി വ്യക്തമാക്കി. ഐ.എന്‍.എല്‍ അടക്കമുള്ള കക്ഷികള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണായകമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.