എല്‍.ഡി.എഫില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് ഘടകകക്ഷികള്‍


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് എല്‍.ഡി.എഫില്‍ ഘടകകക്ഷികള്‍ രംഗത്ത്. ശനിയാഴ്ച ജെ.എസ്.എസ്, ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്) വിഭാഗം എന്നീ പാര്‍ട്ടികള്‍ സി.പി.എം നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് കൂടുതല്‍ സീറ്റുകള്‍ക്ക് ആവശ്യം ഉന്നയിച്ചത്. ജെ.എസ്.എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ നേരിട്ട് എത്തിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, വൈക്കം വിശ്വന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്. നാല് സീറ്റുകളാണ് ജെ.എസ്.എസ് ചോദിച്ചത്. അരൂര്‍, ചേര്‍ത്തല, ഇരവിപുരം, ചവറ, വര്‍ക്കല, മൂവാറ്റുപുഴ എന്നിവയില്‍നിന്ന് നാലെണ്ണമാണ് ജെ.എസ്.എസ്  ചോദിച്ചത്. നാല് സീറ്റുകളില്‍ മത്സരിച്ച് ഒരിക്കല്‍ തങ്ങള്‍ വിജയിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ആലോചിച്ച് മറുപടി നല്‍കാമെന്നാണ് സി.പി.എം നേതാക്കള്‍ അറിയിച്ചത്.  അഞ്ച് സീറ്റുകളാണ് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടത്. ഒപ്പം എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കുന്നതും ചര്‍ച്ചയായി. കഴിഞ്ഞ തവണത്തേതില്‍നിന്ന് രണ്ട് സീറ്റ് അധികം വേണമെന്നായിരുന്നു ആവശ്യം. 

പുതുതായി  കുന്ദമംഗലമോ ബേപ്പൂരോ വേണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച വേങ്ങരക്ക് പകരം മങ്കട വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അഭിപ്രായം അറിയിക്കാമെന്ന് സി.പി.എം നേതൃത്വം ചര്‍ച്ചയില്‍ വ്യക്തമാക്കി. മുന്നണിയിലേക്ക് പുതിയ കക്ഷികള്‍ വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ എല്‍.ഡി.എഫ് പ്രവേശം എന്തായെന്നും അവര്‍ ആരാഞ്ഞു. ഇക്കാര്യത്തില്‍ ആദ്യ പരിഗണന ഐ.എന്‍.എല്ലിനായിരിക്കുമെന്ന് കോടിയേരി അറിയിച്ചു. ഐ.എന്‍.എല്‍ അഖിലേന്ത്യ സെക്രട്ടറി അഹമ്മദ് വേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബ്, എം.കെ. അബ്ദുല്‍ അസീസ്, ബി. ഹംസ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. സ്കറിയാ തോമസ്, വി. സുരേന്ദ്രന്‍ പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച നടന്നത്. 

പുതിയ ഘടകകക്ഷികള്‍: എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ല –കോടിയേരി
തിരുവനന്തപുരം: പുതുതായി ആരെയെങ്കിലും ഘടകകക്ഷിയാക്കുന്നകാര്യം എല്‍.ഡി.എഫ് ചര്‍ച്ചചെയ്തിട്ടില്ളെന്നും ഞങ്ങളുമായി സഹകരിക്കുന്നവരുമായുള്ള സഹകരണം എങ്ങനെ ശക്തിപ്പെടുത്താമെന്നാണ് ഇനി ആലോചിക്കേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 
ഫ്രാന്‍സിസ് ജോര്‍ജ് വിഷയത്തില്‍ വിശദാംശങ്ങള്‍ വ്യക്തമാകട്ടേയെന്നാണ് വി.എസ് പറഞ്ഞത്. പുതിയ കക്ഷികളെ സംബന്ധിച്ച് അവരുടെ നിലപാട് അറിയാതെ അഭിപ്രായം പറയാനാവില്ല. ഇക്കാര്യം തന്നെയാണ് വി.എസും പറഞ്ഞത്. അവരുടെ കാര്യത്തില്‍ ‘ഡെഡ്ലൈന്‍’ നിശ്ചയിച്ച്  തീരുമാനം പറയാനാവില്ല. തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി അവരെ സഹകരിപ്പിക്കാനുള്ള തീരുമാനമുണ്ടാകും. ഏതുവിധത്തില്‍ വേണമെന്ന് എല്‍.ഡി.എഫ് ആലോചിച്ച് തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കോടിയേരി മറുപടിനല്‍കി. 
ഗൗരിയമ്മയുമായുള്ള ചര്‍ച്ചയില്‍ അവര്‍ക്ക് പറയാനുള്ളത് കേട്ടു. ഇത് പരിഗണിച്ച് ഇടതുമുന്നണി തീരുമാനം കൈക്കൊള്ളും.  രാഷ്ട്രീയസാഹചര്യം എല്‍.ഡി.എഫിന് അനുകൂലമായതിനാലാണ് കൂടുതല്‍ പേര്‍ യു.ഡി.എഫ് വിട്ട് ഇങ്ങോട്ടേക്കത്തെുന്നത്. അവരെയൊന്നും നിരാശപ്പെടുത്തില്ല.  തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയുന്നവര്‍ യു.ഡി.എഫ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ അക്കാര്യം ആലോചിക്കും. എന്ത് നിലപാട് സ്വീകരിക്കുന്നവരെയും ഉള്‍ക്കൊള്ളുക എന്നതല്ല നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.