എല്‍.ഡി.എഫ് സ്ഥാനാര്‍ഥിപ്പട്ടിക മാര്‍ച്ച് അവസാന വാരം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി നീണ്ടതോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് നീട്ടിവെക്കാന്‍ എല്‍.ഡി.എഫില്‍ ധാരണ. മാര്‍ച്ച് അവസാനവാരത്തോടെയേ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂവെന്നാണ് സൂചന. വെള്ളി, ശനി ദിവസങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഞായറാഴ്ച സംസ്ഥാന സമിതിയും ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എസ്. രാമചന്ദ്രന്‍പിള്ളയും പങ്കെടുക്കും. സാധ്യതാപട്ടിക പരിശോധിച്ച് തിരുത്തല്‍ നിര്‍ദേശിക്കുകയാണ് മുഖ്യഅജണ്ട. ജില്ലാ സെക്രട്ടറിമാരെയും രണ്ടുതവണ മത്സരിച്ചവരെയും ഒഴിവാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് അഞ്ചുപേരെ മാത്രം മത്സരിപ്പിക്കണമെന്നുമാണ് മാനദണ്ഡം.

എന്നാല്‍, ജില്ലാ സെക്രട്ടേറിയറ്റുകള്‍ സമര്‍പ്പിച്ച പട്ടികയില്‍ ജില്ലാ സെക്രട്ടറിമാരും രണ്ടില്‍ കൂടുതല്‍ തവണ വിജയിച്ചവരും ഉള്‍പ്പെട്ടിട്ടുണ്ട്. മത്സരിക്കേണ്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് ഇളവ് നല്‍കും. വിജയസാധ്യതയുള്ളവരെ നിര്‍ത്തും. സാമുദായിക പരിഗണനകള്‍ പാലിച്ചിട്ടുണ്ടോയെന്നും വിജയസാധ്യതയുള്ള സ്വതന്ത്രരെയാണോ നിര്‍ദേശിച്ചിരിക്കുന്നതെന്നും പരിശോധിക്കും. ഘടകകക്ഷികളുടെ കൈവശമുള്ള മണ്ഡലം ഏറ്റെടുക്കണമെന്ന ചില ജില്ലാ നേതൃത്വങ്ങളുടെ നിര്‍ദേശത്തിലും തീരുമാനമെടുക്കണം. സെക്രട്ടേറിയറ്റിന്‍െറ നിര്‍ദേശം 13ലെ സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും.

സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ വെള്ളിയാഴ്ച  ചേരുന്നുണ്ട്. രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് കൊടുക്കേണ്ടതില്ളെന്ന മുന്‍ തീരുമാനം പരിശോധിക്കാനാണ് യോഗം ചേരുന്നത്. വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ഇ.എസ്. ബിജിമോള്‍, കെ. രാജു, കെ. അജിത് എന്നിവരുടെ കാര്യത്തിലാണ് തീരുമാനമെടുക്കേണ്ടത്. ഇതില്‍ സുനില്‍കുമാര്‍, ബിജിമോള്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയേക്കും. മുതിര്‍ന്ന നേതാവ് സി. ദിവാകരനും ഇളവ് ലഭിച്ചേക്കും.

തെരഞ്ഞെടുപ്പിന് രണ്ട് മാസത്തിലേറെയുള്ളതിനാല്‍ സ്ഥാനാര്‍ഥിപ്രഖ്യാപനം നീട്ടാന്‍ സി.പി.എം, സി.പി.ഐ നേതൃത്വങ്ങള്‍ അനൗദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചാല്‍ ഏപ്രില്‍ 16 വരെ പ്രചാരണപ്രവര്‍ത്തനം നിലനിര്‍ത്താനുള്ള പ്രായോഗികബുദ്ധിമുട്ടാണ് ഇതിനുപിന്നില്‍.  സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതിയും സംസ്ഥാന കൗണ്‍സിലും 28, 29 തീയതികളിലേക്ക് നീട്ടിയേക്കും.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.