ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം: കടിഞ്ഞാണ്‍ ആര്‍.എസ്.എസിന്

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ ആര്‍.എസ്.എസ് ഏറ്റെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണം, വോട്ടര്‍മാരെ ബൂത്തിലത്തെിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടെ തങ്ങളുടെ സന്നാഹങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കേരളത്തില്‍ തങ്ങളുടെ സ്വാധീനം കൃത്യമായി വിനിയോഗിച്ചാല്‍ ജയിക്കാവുന്ന പത്തോളം സീറ്റുണ്ടെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍െറയും സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറയും അഭ്യര്‍ഥന മാനിച്ചാണ് പ്രചാരണജോലികള്‍ സംഘം ഏറ്റെടുക്കുന്നത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും കേവല ഭൂരിപക്ഷം കിട്ടില്ളെന്നും ബി.ജെ.പി അഞ്ച് സീറ്റിലെങ്കിലും ജയിച്ചാല്‍ ഭരണം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക ശക്തിയാകാമെന്നും ആര്‍.എസ്.എസ് കണക്കുകൂട്ടുന്നു. ഇത്തരം അഞ്ചിലധികം സീറ്റ് സംഘടന കണ്ടത്തെിയിട്ടുണ്ട്. ബി.ജെ.പിയുടെ മുന്നേറ്റം ഇരുമുന്നണികളും ഭയക്കുന്നെന്ന വിലയിരുത്തലും ആര്‍.എസ്.എസിനുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ആര്‍.എസ്.എസ് നേതൃത്വവുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതിനകം പലവട്ടം ചര്‍ച്ച നടത്തി.

ആര്‍.എസ്.എസിനുകൂടി സമ്മതനാകും സ്ഥാനാര്‍ഥി. ബി.ജെ.പിക്ക് വേരോട്ടമുള്ള മണ്ഡലങ്ങള്‍ ബി.ഡി.ജെ.എസിന് നല്‍കുന്നതിനോട് ആര്‍.എസ്.എസിന് യോജിപ്പില്ല.മുന്‍കാലങ്ങളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആര്‍.എസ്.എസ് സജീവമായിരുന്നില്ല. നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലാണ് അല്‍പമെങ്കിലും രംഗത്തിറങ്ങിയത്. തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ആര്‍.എസ്.എസ് വിജയം ഉറപ്പിക്കുന്നു. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലും ജയിക്കാവുന്ന മണ്ഡലങ്ങളുണ്ടെന്നാണ് കണക്കുകൂട്ടല്‍.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണ് ഇതിന് അടിസ്ഥാനം. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കാകും ഊന്നല്‍ നല്‍കുക. സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രത്യേക കര്‍മപദ്ധതി തയാറാക്കും. അരുവിക്കരയിലേതുപോലെ ഹിന്ദുത്വത്തില്‍ ഊന്നിയ പ്രചാരണമാണ് ലക്ഷ്യം. ന്യൂനപക്ഷ വോട്ടുതേടി സമയം കളയേണ്ടെന്നും ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് ഉറപ്പിച്ചാല്‍ ജയിക്കാമെന്നുമാണ് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.